02/03/2026
[fontresizer_tawhidurrahmandear_widget]

‘മുഹമ്മദ് ദീപക്കിനെ വധിക്കുന്നവർക്ക് 2 ലക്ഷം പാരിതോഷികം’; ഭീഷണി മുഴക്കി യുവാവ്, കേസ്

 ‘മുഹമ്മദ് ദീപക്കിനെ വധിക്കുന്നവർക്ക് 2 ലക്ഷം പാരിതോഷികം’; ഭീഷണി മുഴക്കി യുവാവ്, കേസ്

ദീപക് കുമാര്‍

ഡെറാഡൂൺ: വർഗീയവാദികളുടെ ഭീഷണിക്കിരയായ മുസ്‌ലിം വ്യാപാരിയെ സംരക്ഷിച്ചതിന്റെ പേരിൽ ദീപക് കുമാറിനെതിരെ ഭീഷണിയും വിദ്വേഷ പ്രചാരണവും തുടരുന്നു. ഏറ്റവുമൊടുവിൽ, ദീപക്കിനെ കൊലപ്പെടുത്തുന്നവർക്ക് രണ്ടു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബിഹാർ സ്വദേശിയായ യുവാവ്. സംഭവത്തിൽ ഉത്തരാഖണ്ഡ് പോലീസ് കേസെടുത്തതായി ‘ഹിന്ദുസ്ഥാൻ ടൈംസ്’ റിപ്പോർട്ട് ചെയ്തു.

സോഷ്യൽ മീഡിയയിലൂടെയായിരുന്നു വധഭീഷണി. ബിഹാറിലെ ഈസ്റ്റ് ചമ്പാരൻ സ്വദേശിയായ ഉത്കർഷ് സിങ് ആണ് വീഡിയോയിലൂടെ ഭീഷണി മുഴക്കിയതെന്ന് പോലീസ് കണ്ടെത്തി. 500 രൂപയുടെ നോട്ടുകെട്ടുകൾ കൈയ്യിൽ പിടിച്ചുകൊണ്ട്, ദീപക് കുമാറിനെ കൊലപ്പെടുത്തുന്നവർക്കും അദ്ദേഹത്തെ സനാതന ധർമം പഠിപ്പിക്കുന്നവർക്കും 2 ലക്ഷം രൂപ നൽകുമെന്നാണ് ഇയാൾ വീഡിയോയിൽ പറയുന്നത്.

ദീപക് കുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിത(ബിഎൻഎസ്) വകുപ്പ് 351 (3) (വധഭീഷണി) പ്രകാരമാണ് പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. വീഡിയോ വൈറലായതോടെ താനും കുടുംബവും കടുത്ത ഭയത്തിലാണെന്ന് ദീപക് കുമാർ പോലീസിനെ അറിയിച്ചു.

ജനുവരി 26-ന് ഉത്തരാഖണ്ഡിലെ കോട്ദ്വാറിൽ, ‘ബാബ’ എന്ന പേര് കടയ്ക്ക് നൽകിയതിനെ ചൊല്ലി 70-കാരനായ മുസ്ലിം വ്യാപാരിയെ ബജ്റങ്ദൾ പ്രവർത്തകർ ചോദ്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനിടയിൽ ഇടപെട്ട ദീപക് കുമാർ, ‘എന്റെ പേര് മുഹമ്മദ് ദീപക്’ എന്ന് പ്രഖ്യാപിച്ച് വ്യാപാരിക്ക് സംരക്ഷണം നൽകി. ഈ വീഡിയോ വൈറലായതോടെയാണ് ദീപക് കുമാർ ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ടത്.

ഇതിന് പിന്നാലെ ദീപക്കിന്റെ ജിമ്മിന് നേരെയും പ്രതിഷേധങ്ങൾ നടന്നിരുന്നു. സംഘ്പരിവാർ ഭീഷണി ഭയന്ന് ജിമ്മിൽ ആളുകൾ വരുന്നത് നിർത്തിയതായി ‘ഇന്ത്യൻ എക്‌സ്പ്രസ്’ റിപ്പോർട്ട് ചെയ്തിരുന്നു. 150 മെമ്പർമാരുണ്ടായിരുന്ന സ്ഥാപനത്തിൽ ഇപ്പോൾ വെറും 15 പേരാണ് എത്തുന്നതെന്നാണു വിവരം.

Also read: