‘മുസ്‌ലിംകളെ എന്തിനിങ്ങനെ നിരന്തരം വേട്ടയാടുന്നു?’; ഹിമന്തയെ നിർത്തിപ്പൊരിച്ച് അർണബ് ഗോസ്വാമി
ഗുവാഹത്തി: റിപബ്ലിക് ടിവിയിലെ പ്രൈം ടൈം ചർച്ചയിൽ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയെ കടന്നാക്രമിച്ച് അർണബ് ഗോസ്വാമി. മുസ്ലിം വിരുദ്ധ പരാമർശങ്ങളെക്കുറിച്ചും അസമിലെ ജനസംഖ്യാപരമായ മാറ്റങ്ങളെക്കുറിച്ചുമുള്ള ചോദ്യങ്ങൾക്ക് മുന്നിൽ മുഖ്യമന്ത്രിക്ക് ഉത്തരം മുട്ടുന്ന വീഡിയോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഏറെ വിവാദമായ പോയിന്റ് ബ്ലാങ്ക് വെടിവയ്പ്പ് വീഡിയോയുടെ ഉത്തരവാദിത്തത്തിൽനിന്നും ഹിമാന്ത ഒഴിഞ്ഞുമാറി.
ബംഗാളി സംസാരിക്കുന്ന മുസ്ലിംകളെ ലക്ഷ്യം വെച്ച് ഹിമന്ത ബിശ്വ ശർമ നടത്തുന്ന ‘മിയ മുസ്ലിം’ എന്ന പ്രയോഗത്തെ അർണബ് ശക്തമായി ചോദ്യം ചെയ്തു. എന്തിനാണ് താങ്കൾ എപ്പോഴും ഈ മിയ മുസ്ലിം പ്രയോഗം നടത്തുന്നതെന്നായിരുന്നു ഒരു ചോദ്യം. ബംഗ്ലാദേശിൽനിന്നുള്ള കുടിയേറ്റക്കാരെ സൂചിപ്പിക്കാനാണ് ഇത് ഉപയോഗിക്കുന്നതെന്നായിരുന്നു ഹിമന്തയുടെ മറുപടി. എന്നാൽ, മറുപടിയിൽ തൃപ്തനാവാതിരുന്ന അർണബ്, ഇത് സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാനുള്ള ബോധപൂർവമായ ശ്രമമാണെന്ന് ആരോപിച്ചു.
അടുത്ത പത്ത് വർഷത്തിനുള്ളിൽ അസമിൽ ഹിന്ദുക്കൾ ന്യൂനപക്ഷമാകുമെന്ന മുഖ്യമന്ത്രിയുടെ തന്നെ പ്രസ്താവനയെ അർണബ് അദ്ദേഹത്തിന് നേരെ തിരിച്ചുവിട്ടു. ‘അസമിലെ ഹിന്ദുക്കളുടെ ഏക രക്ഷകൻ താങ്കളാണോ? താങ്കൾ ജയിച്ചില്ലെങ്കിൽ അസമിലെ ഹിന്ദുക്കൾ ന്യൂനപക്ഷമാകുമെന്ന് നിങ്ങൾ പറയുന്നത് ശരിയാണോ?’-അർണബ് ചോദിച്ചു.
താൻ ജയിച്ചാൽ പോലും അടുത്ത അഞ്ചു പത്ത് വർഷത്തിനുള്ളിൽ അസമിലെ ഹിന്ദുക്കൾ ന്യൂനപക്ഷമാകുമെന്നായിരുന്നു ഹിമന്തയുടെ മറുപടി. മറുപടി കേട്ടയുടൻ അർണബ് ആഞ്ഞടിച്ചു: ‘എങ്കിൽ പിന്നെ താങ്കൾ മുഖ്യമന്ത്രിയായിരുന്നിട്ട് എന്ത് വ്യത്യാസമാണ് ഉണ്ടായത്? എന്തുകൊണ്ടാണ് താങ്കൾക്ക് അത് തടയാൻ കഴിയാത്തത്?’
ഈ ചോദ്യത്തിന് മറുപടി നൽകാൻ കഴിയാതെ മുഖ്യമന്ത്രി പതറുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കൃത്യമായി മറുപടി നൽകാൻ ഹിമാന്തയ്ക്കു കഴിഞ്ഞില്ല.
ബിജെപി അസം ഔദ്യോഗികമായി പങ്കുവെച്ച ഒരു ആനിമേഷൻ വീഡിയോയെക്കുറിച്ചായിരുന്നു അടുത്ത ചോദ്യം. മുസ്ലിം തൊപ്പി ധരിച്ച ആളുകളെ വെടിവെക്കുന്ന രീതിയിലുള്ള വീഡിയോയെക്കുറിച്ച് ചോദിച്ചപ്പോൾ, അത് തന്റേതല്ലെന്നും തന്റെ അക്കൗണ്ടിൽ നിന്നല്ല പോസ്റ്റ് ചെയ്തതെന്നും പറഞ്ഞ് മുഖ്യമന്ത്രി ഒഴിഞ്ഞുമാറാൻ ശ്രമിച്ചു. എന്നാൽ, സ്വന്തം പാർട്ടിയുടെ ഔദ്യോഗിക പേജിൽ വന്ന വീഡിയോയെക്കുറിച്ച് മുഖ്യമന്ത്രി അറിയില്ലെന്ന് പറയുന്നത് വിശ്വസിക്കാനാവില്ലെന്ന് അർണബ് തിരിച്ചടിച്ചു.