‘റഫാൽ ഓപറേഷൻ സിന്ദൂരിലെ നായകൻ’; വ്യോമസേനാ വൈസ് ചീഫ് എയർ മാർഷൽ നാഗേഷ് കപൂർ
ന്യൂഡൽഹി: ഓപറേഷൻ സിന്ദൂരിൽ റഫാൽ യുദ്ധവിമാനങ്ങൾ പങ്കുവഹിച്ചതായി വ്യോമസേനാ വൈസ് ചീഫ് എയർ മാർഷൽ നാഗേഷ് കപൂർ. വായുശക്തി 2026 അഭ്യാസപ്രകടനത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് നടക്കുന്ന ഓരോ ഭീകരപ്രവർത്തനത്തിനും തക്കതായ തിരിച്ചടി നൽകുമെന്ന വ്യക്തമായ സന്ദേശമാണ് ഓപറേഷൻ സിന്ദൂർ നൽകിയതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
26 പേരുടെ ജീവൻ കവർന്ന പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി കഴിഞ്ഞ വർഷം മെയ് ഏഴിനാണ് ഇന്ത്യ ഓപറേഷൻ സിന്ദൂർ ആരംഭിച്ചത്. വെറും 23 മിനിറ്റിനുള്ളിൽ റഫാൽ ജെറ്റുകൾ, സ്‌കാൽപ് മിസൈലുകൾ, ഹാമർ ബോംബുകൾ എന്നിവ ഉപയോഗിച്ച് ഇന്ത്യൻ വ്യോമസേന ദൗത്യം വിജയകരമായി പൂർത്തിയാക്കി. പാകിസ്ഥാന്റെ ചൈനീസ് നിർമ്മിത വ്യോമ പ്രതിരോധ സംവിധാനങ്ങളെ തകർത്തായിരുന്നു മുന്നേറ്റം.
നാല് ദിവസം നീണ്ടുനിന്ന സംഘർഷത്തിനൊടുവിൽ പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഒമ്പതോളം ഭീകരകേന്ദ്രങ്ങൾ ഇന്ത്യ തകർത്തു. ലഷ്‌കറെ തൊയ്ബ, ജെയ്‌ഷെ മുഹമ്മദ് തുടങ്ങിയ സംഘടനകളിലെ 100-ലധികം ഭീകരർ കൊല്ലപ്പെട്ടു. ഇന്ത്യയുടെ കനത്ത പ്രത്യാക്രമണത്തെത്തുടർന്ന് പാകിസ്ഥാൻ വെടിനിർത്തലിന് അഭ്യർത്ഥിക്കുകയായിരുന്നു.
ഈ മാസം 27ന് ജയ്‌സാൽമീറിലെ പൊഖ്‌റാനിൽ നടക്കുന്ന വായുശക്തി 2026ൽ ഓപറേഷൻ സിന്ദൂരത്തിന്റെ ദൃശ്യങ്ങൾ പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കും. കൂടുതൽ മൾട്ടിറോൾ ഫൈറ്റർ എയർക്രാഫ്റ്റുകൾ (MRFA) വ്യോമസേനയുടെ ഭാഗമാക്കുന്ന കാര്യം ചർച്ചയിലാണെന്നും എയർ മാർഷൽ കൂട്ടിച്ചേർത്തു.