മുഖ്യമന്ത്രിക്കുള്ള കട്ടിലിന് 1 ലക്ഷം, നന്ദഗോവിന്ദം ഭജൻസിന്റെ നടക്കാത്ത പരിപാടിക്ക് 8 ലക്ഷം; കണക്കിൽ വൻ തിരിമറി, അയ്യപ്പസംഗമത്തിന് പൊടിച്ചത് 10.99 കോടി
പത്തനംതിട്ട: പമ്പയിൽ നടന്ന ആഗോള അയ്യപ്പസംഗമത്തിന്റെ മറവിൽ കോടികളുടെ സാമ്പത്തിക തിരിമറിയും ധൂർത്തും നടന്നതായി ഓഡിറ്റ് റിപ്പോർട്ട്. പരിപാടിയിൽ പങ്കെടുക്കുക പോലും ചെയ്യാത്ത നന്ദഗോവിന്ദം ഭജൻസിന്റെ പേരിൽ ലക്ഷങ്ങൾ മാറ്റിയെടുത്തതും, ടെൻഡറില്ലാതെ കരാറുകൾ നൽകിയതും ഉൾപ്പെടെ അതീവ ഗുരുതരമായ കണ്ടെത്തലുകളാണ് റിപ്പോർട്ടിലുള്ളത്. ആകെ 10.99 കോടി രൂപ ചെലവായ പരിപാടിയിൽ 4.35 കോടി രൂപ ഇനിയും കൊടുത്തുതീർക്കാനുണ്ട്.
നടത്താത്ത പരിപാടിക്ക് 8 ലക്ഷം
സെപ്റ്റംബർ 20ന് നടന്ന സംഗമത്തിൽ പങ്കെടുക്കാത്ത ‘നന്ദഗോവിന്ദം ഭജൻസിന്’ എട്ടു ലക്ഷം രൂപ നൽകിയതായാണ് കണക്കുകളിൽ കാണിച്ചിരിക്കുന്നത്. യഥാർത്ഥത്തിൽ ഗായകൻ ഇഷാൻ ദേവിന്റെ സംഘമാണ് അവിടെ പരിപാടി അവതരിപ്പിച്ചത്. കലാപരിപാടികൾക്കായി നിശ്ചയിച്ചിരുന്ന രണ്ട് ലക്ഷം രൂപയുടെ ബജറ്റ് അട്ടിമറിച്ചാണ് ഈ എട്ടു ലക്ഷത്തിന്റെ ബില്ല് മാറിയിരിക്കുന്നത്. പമ്പയിലോ സന്നിധാനത്തോ തങ്ങൾ പരിപാടി നടത്തിയിട്ടില്ലെന്ന് നന്ദഗോവിന്ദം ഭജൻസ് പ്രവർത്തകർ തന്നെ വ്യക്തമാക്കിയതോടെ അഴിമതി പുറത്തായി.
മുഖ്യമന്ത്രിക്ക് ഒരു ലക്ഷത്തിന്റെ കട്ടിൽ; കാണാതായ വാട്ടർ ടാങ്ക്
ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിയുടെ ഒരു ദിവസത്തെ താമസത്തിനായി ഒരു ലക്ഷം രൂപയുടെ കട്ടിലും മെത്തയുമാണ് വാങ്ങിയത്. കൂടാതെ, 150 മെത്തകൾ വാങ്ങിയതിൽ 50 എണ്ണത്തിന് ബില്ലുകളില്ല. 4.8 ലക്ഷം രൂപ ചെലവിട്ട് സ്ഥാപിച്ച 4000 ലിറ്ററിന്റെ വാട്ടർ ടാങ്കും അനുബന്ധ സാമഗ്രികളും നിലവിൽ സ്‌റ്റോക്ക് ലിസ്റ്റിലില്ലാത്തത് ദുരൂഹത വർദ്ധിപ്പിക്കുന്നു.
മറ്റ് പ്രധാന കണ്ടെത്തലുകൾ
ഊരാളുങ്കൽ കരാർ: ടെൻഡറില്ലാതെ നൽകിയ കരാറിൽ 10% അധികത്തുക നൽകാൻ വ്യവസ്ഥ ചെയ്തത് അസ്വാഭാവികമാണ്.
ധൂർത്തിന്റെ കണക്കുകൾ: ഭക്ഷണത്തിനായി മാത്രം 20 ലക്ഷത്തിലധികം രൂപ ചെലവിട്ടു. ടാക്‌സി ചാർജ് ഇനത്തിൽ 10.57 ലക്ഷം രൂപയും ഡീസലിന് 7.44 ലക്ഷം രൂപയും കണക്കിലുണ്ട്.
അവ്യക്തമായ ബില്ലുകൾ: ഉപഹാരമായി നൽകിയ വിഗ്രഹങ്ങൾ വാങ്ങിയതിലോ സാധനങ്ങൾ വാങ്ങിയതിലോ കൃത്യമായ ബില്ലുകളില്ല.
അതേസമയം, ക്രമക്കേടുകളിൽ ഫെബ്രുവരി 27നകം വിശദീകരണം നൽകാൻ ഹൈക്കോടതി ദേവസ്വം ബെഞ്ച് ഉത്തരവിട്ടു. സ്വകാര്യ ഏജൻസി നടത്തിയ ഓഡിറ്റിലെ വിവരങ്ങൾ ദേവസ്വം ബോർഡിനെ കടുത്ത പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.