പുത്തൻ റഫാലും ചാരവിമാനങ്ങളും മിസൈലും എത്തുന്നു; കരുത്ത് കൂട്ടാൻ ഇന്ത്യ
ന്യൂഡൽഹി: ഇന്ത്യയുടെ സൈനികശക്തി വർദ്ധിപ്പിക്കാൻ വൻപദ്ധതികൾ. അയൽരാജ്യങ്ങളിൽ നിന്നുള്ള വെല്ലുവിളികൾ നേരിടാൻ ലക്ഷ്യമിട്ട് ചരിത്രത്തിലെ ഏറ്റവും വലിയ സൈനിക ആധുനികവൽക്കരണത്തിനാണ് രാജ്യം തുടക്കമിടുന്നത്. ഈ വർഷം തുടക്കത്തിൽ ഡിഫൻസ് അക്വിസിഷൻ കൗൺസിൽ അംഗീകരിച്ച 3.6 ട്രില്യൺ രൂപയുടെ പദ്ധതിയിലൂടെ പ്രതിരോധ മേഖലയിൽ വൻ നിക്ഷേപത്തിനാണ് കേന്ദ്ര സർക്കാർ ഒരുങ്ങുന്നത്.
വ്യോമസേനയുടെ കരുത്ത് വർദ്ധിപ്പിക്കുന്നതിനായി ഫ്രാൻസിൽ നിന്ന് 114 റഫാൽ മൾട്ടിറോൾ യുദ്ധവിമാനങ്ങൾ വാങ്ങാനാണ് പ്രധാന തീരുമാനം. നിലവിൽ 29 സ്‌ക്വാഡ്രണുകൾ മാത്രമുള്ള വ്യോമസേനയുടെ വിടവ് നികത്താൻ നീക്കം സഹായിക്കും. ‘മെയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി, ഇതിൽ 80 ശതമാനം വിമാനങ്ങളും ഇന്ത്യൻ കമ്പനികളുമായി സഹകരിച്ച് ആഭ്യന്തരമായി നിർമ്മിക്കുമെന്നതാണ് പ്രത്യേകത. ഇതോടെ ഇന്ത്യയുടെ പക്കലുള്ള ആകെ റഫാൽ വിമാനങ്ങളുടെ എണ്ണം 176 ആയി ഉയരും.
ശത്രുരാജ്യങ്ങളുടെ ആഴത്തിലുള്ള കേന്ദ്രങ്ങളെ തകർക്കാൻ ശേഷിയുള്ള സ്‌കാൽപ്ക്രൂയിസ് മിസൈലുകൾ വാങ്ങാനും ഡിഎസി അനുമതി നൽകി. ഇതിനുപുറമെ, സമുദ്ര നിരീക്ഷണത്തിനായി ആറ് ബോയിങ് പി-8I പോസിഡോൺ വിമാനങ്ങൾ കൂടി നാവികസേനയുടെ ഭാഗമാകും. ചൈന, പാകിസ്ഥാൻ അതിർത്തികളിൽ നിരീക്ഷണം ശക്തമാക്കാൻ ഈ ആധുനിക വിമാനങ്ങൾ അത്യന്താപേക്ഷിതമാണ്.
വിദേശ സാങ്കേതികവിദ്യക്കൊപ്പം ‘മെയ്ക്ക് ഇൻ ഇന്ത്യ’ സംരംഭത്തിലൂടെ പ്രതിരോധ ഉൽപ്പന്നങ്ങളുടെ ആഗോള ഹബ്ബായി മാറാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. തേജസ് യുദ്ധവിമാനങ്ങൾ, പ്രാലേ തന്ത്രപരമായ മിസൈലുകൾ, സുദർശൻ ചക്ര വ്യോമ പ്രതിരോധ സംവിധാനം എന്നിവയുടെ വികസനം ഇതിന്റെ ഭാഗമാണ്. എച്ച്എഎൽ, ഭാരത് ഇലക്ട്രോണിക്‌സ് തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യ കമ്പനികളും ബൃഹദ് പദ്ധതിയിൽ പങ്കാളികളാകും.
ചൈനയുടെ സൈനിക വളർച്ചയും അതിർത്തിയിലെ സംഘർഷങ്ങളും കണക്കിലെടുത്ത്, പ്രതിരോധം മാത്രമല്ല, ആഭ്യന്തര ഉൽപ്പാദനവും കയറ്റുമതിയും ലക്ഷ്യമിട്ടുള്ള തന്ത്രപരമായ നീക്കമാണ് ഇന്ത്യയിപ്പോൾ നടത്തുന്നത്.