ഉമ്മൻചാണ്ടി ഒഴിയുമ്പോൾ 29 ബാർ, ഒൻപതര കൊല്ലത്തിനുശേഷം 884
തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകളുടെ എണ്ണത്തിൽ വൻ വർധനവ്. ഉമ്മൻചാണ്ടി സർക്കാർ അധികാരമൊഴിയുമ്പോൾ വെറും 29 ബാറുകൾ മാത്രമുണ്ടായിരുന്ന സ്ഥാനത്ത്, ഒൻപതര വർഷത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ ബാറുകളുടെ എണ്ണം 884 ആയി ഉയർന്നു. വിനോദസഞ്ചാര മേഖലയെ സഹായിക്കാനെന്ന പേരിൽ ബാറുകളുടെ പ്രവൃത്തിസമയം നീട്ടി നൽകിയ സർക്കാർ നടപടി ഇപ്പോൾ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.
മദ്യവർജനമെന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ അധികാരമേറ്റ ഒന്നാം പിണറായി സർക്കാർ, തുടക്കത്തിൽ ബാറുകളുടെ പ്രവർത്തനസമയം വെട്ടിക്കുറച്ചിരുന്നു. എന്നാൽ പിന്നീട് വന്ന മദ്യനയങ്ങളിൽ ഇളവുകൾ അനുവദിക്കുകയും ത്രീസ്റ്റാർ പദവിയുള്ള ഹോട്ടലുകൾക്ക് ഉൾപ്പെടെ ലൈസൻസ് നൽകാൻ തീരുമാനിക്കുകയും ചെയ്തു. യുഡിഎഫ് സർക്കാർ പൂട്ടിച്ച 462 ബാറുകൾ തുറന്നതിന് പുറമെ, ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 200 പുതിയ ബാറുകളും രണ്ടാം സർക്കാരിന്റെ കാലത്ത് ഇതുവരെ 142 പുതിയ ബാറുകളും അനുവദിച്ചു.
ടൂറിസം കേന്ദ്രങ്ങളിലെ ബാറുകൾക്ക് രാവിലെ 10 മുതൽ രാത്രി 12 വരെ പ്രവർത്തിക്കാൻ അനുമതി നൽകിയത് മദ്യനയത്തിലെ പ്രധാന പൊളിച്ചെഴുത്തായി. ഡ്രൈ ഡേ ഒഴിവാക്കാനും സമയം നീട്ടാനുമുള്ള ചർച്ചകൾ അണിയറയിൽ നടന്നെങ്കിലും ഫോൺ സംഭാഷണങ്ങൾ പുറത്തായതോടെ സർക്കാർ പ്രതിരോധത്തിലായി. ഡിസ്റ്റിലറികൾക്കും ബ്രൂവറികൾക്കും അനുമതി നൽകാനുള്ള നീക്കങ്ങളും കോടതി ഇടപെടലുകളെത്തുടർന്ന് തിരിച്ചടി നേരിട്ടിരുന്നു. നിലവിൽ പ്രവർത്തനസമയം ഏകീകരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ ബാറുകളുടെ സമയം വീണ്ടും വർധിപ്പിച്ചിരിക്കുകയാണ്.