ആലപ്പുഴയിൽ രണ്ട് വയസുകാരൻ വീട്ടിൽ മരിച്ചനിലയിൽ; ദുരൂഹത ആരോപിച്ച് നാട്ടുകാർ
ആലപ്പുഴ: കാർത്തികപള്ളി മഹാദേവികാടിന് സമീപം രണ്ട് വയസുകാരനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മാതുകുളങ്ങര ക്ഷേത്രത്തിന് സമീപം താമസിക്കുന്ന രാജേഷ്-താര ദമ്പതികളുടെ മകൻ രാഹുലാണ് മരിച്ചത്. സംഭവത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ ഗർഭിണിയായ മാതാവ് താരയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് നാട്ടുകാരും പൊതുപ്രവർത്തകരും ചേർന്ന് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിനുപിന്നാലെയാണ് വീട്ടിലുണ്ടായിരുന്ന രണ്ട് വയസുകാരനെ ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്.
പാൽ തൊണ്ടയിൽ കുടുങ്ങിയാണ് കുട്ടി മരിച്ചതെന്നാണ് പിതാവ് നൽകിയിട്ടുള്ള മൊഴി. എന്നാൽ മരണകാരണം വ്യക്തമല്ലാത്തതിനാൽ സമഗ്രമായ അന്വേഷണം വേണമെന്നാണ് നാട്ടുകാരുടെയും പൊതുപ്രവർത്തകരുടെയും ആവശ്യം. അഞ്ച് മക്കളുള്ള കുടുംബത്തിന്റെ ദുരിതജീവിതം നേരത്തെയും പൊതുപ്രവർത്തകരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. മുൻപ് കുട്ടികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയെങ്കിലും, അവിടെ താമസിക്കാൻ താൽപ്പര്യമില്ലെന്ന് പറഞ്ഞ് കുട്ടികൾ തിരികെ പോരുകയായിരുന്നു.
കുട്ടിയുടെ മൃതദേഹം നിലവിൽ അരിപ്പാട് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായാൽ മാത്രമേ മരണകാരണത്തിൽ കൂടുതൽ വ്യക്തത ലഭിക്കൂ എന്ന് പൊലീസ് അറിയിച്ചു.