‘ഏറ്റവും ഭാഗ്യവാനായ മകനാണ് ഞാൻ, വാപ്പച്ചി എന്റെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടാറില്ല’; മമ്മൂട്ടി നൽകിയ പിന്തുണയെക്കുറിച്ച് തുറന്നു പറഞ്ഞ് ദുൽഖർ
മെഗാസ്റ്റാറിന്റെ മകൻ എന്ന ലേബലിൽ നിന്ന് പാൻ-ഇന്ത്യൻ തലത്തിലേക്ക് വളർന്ന ദുൽഖറും, മകന്റെ ഓരോ വിജയത്തിലും താങ്ങായി നിൽക്കുന്ന മമ്മൂട്ടിയും തമ്മിലുള്ള ബന്ധം ഏറെ പ്രത്യേകതകൾ നിറഞ്ഞതാണ്. മമ്മൂട്ടിയുടെ മകനെന്ന ടാഗിൽ നിന്ന് വളരെ വേഗം ദുൽഖർ മലയാള സിനിമക്കും അതിനുമപ്പുറവും വളർന്നെങ്കിലും, ഇന്നുവരെ പിറന്നാൾ ആശംസ മമ്മൂട്ടി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നില്ലെന്നത് ഏറെ കൗതുകമാണ്.
മമ്മൂട്ടിയുമായുള്ള തന്റെ ആത്മബന്ധത്തെക്കുറിച്ചും, തനിക്ക് ലഭിച്ച മികച്ച പാരന്റിങ്ങിനെ കുറിച്ചും മനസ്സ് തുറക്കുകയാണ് ദുൽഖർ സൽമാൻ. സിനിമാമേഖലയിലെ തിരക്കുകൾക്കും വളർച്ചക്കും ഇടയിലും പിതാവ് തന്നെ എങ്ങനെയാണ് ജീവിതത്തെ സ്വതന്ത്രമായി നേരിടാൻ പഠിപ്പിച്ചതെന്ന് താരം വ്യക്തമാക്കി.
താൻ ലോകത്തിലെ ഏറ്റവും ഭാഗ്യവാനായ മകനാണെന്നും എല്ലാ തീരുമാനങ്ങളും സ്വന്തമായി എടുക്കാനും, തെറ്റുകളിൽ നിന്നും വീഴ്ചകളിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ട് മുന്നേറാനും മമ്മൂട്ടി നൽകിയ പിന്തുണയെക്കുറിച്ചും ദുൽഖർ വാചാലനായി. തന്റെ പുതിയ ചിത്രമായ ‘ഐ ആം ഗെയിം’ എന്ന സിനിമയുടെ പ്രൊമോഷണൽ പരിപാടിക്കിടെ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകവെയാണ് ദുൽഖർ സൽമാൻ തന്റെ ജീവിത അനുഭവങ്ങൾ പങ്കുവെച്ചത്.
മമ്മൂട്ടി തന്നെ ഒരിക്കലും അനാവശ്യമായി നിയന്ത്രിക്കാറില്ലെന്ന് ദുൽഖർ പറയുന്നു. ‘ഞാൻ ലോകത്തിലെ ഏറ്റവും ഭാഗ്യവാനായ മകനാണെന്ന് ഞാൻ കരുതുന്നു. കാരണം എന്റെ പിതാവ് എന്റെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടാറില്ല. നീ തന്നെ ചെയ്യൂ, കാര്യങ്ങൾ സ്വയം കണ്ടെത്തു, തോൽക്കൂ, വിജയിക്കൂ, എല്ലാം നിന്റേത് മാത്രമായിരിക്കണം എന്നാണ് അദ്ദേഹം പറയുന്നത്. എന്തെങ്കിലും സംഭവിച്ചാൽ ഒരു ബാക്ക്അപ്പായി ഞാൻ കൂടെയുണ്ട്, ഞാൻ നിന്റെ സേഫ്റ്റി നെറ്റ് പോലെയാണ് എന്ന് അദ്ദേഹം പറയും. സർക്കസിൽ താഴെ വീഴാതെ താങ്ങാൻ വലയുള്ളതുപോലെ ദുൽഖർ പറഞ്ഞു.
‘എന്റെ അച്ഛൻ ഒരിക്കൽ എന്നോട് പറഞ്ഞു, ‘ഒരു മികച്ച നടന് മാത്രമേ അമിതമായി അഭിനയിക്കാൻ കഴിയൂ’ എന്ന്, ഒരു മികച്ച നടനാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഒരിക്കലും അമിതമായി അഭിനയിക്കുന്നയാളാണെന്ന് ഞാൻ കരുതുന്നില്ല. എന്റെ മീറ്റർ എപ്പോഴും സാധാരണമാണെന്ന് ഞാൻ കരുതുന്നു. ഈ സിനിമയിൽ ഞാൻ എത്ര അമിതമായി അഭിനയിക്കാൻ ശ്രമിച്ചാലും അത് ഒരു കാരിക്കേച്ചറിഷ് തലത്തിലേക്ക് പോകുമെന്ന് ഞാൻ കരുതുന്നില്ല’ ദുൽഖർ സൽമാൻ പറഞ്ഞു.