ഇസ്രയേലിലേക്കുള്ള ആയുധക്കപ്പലുകൾ തടഞ്ഞ് തുറമുഖ തൊഴിലാളികൾ; ഇറ്റലിയും സ്‌പെയിനും ഉൾപ്പെടെ അഞ്ച് രാജ്യങ്ങളിൽ വമ്പൻ പണിമുടക്ക്
റോം: ഗസ്സയിലെ വംശഹത്യ തുടരുന്നതിനിടെ ഇസ്രയേലിലേക്കുള്ള ആയുധനീക്കം തടഞ്ഞ് മെഡിറ്ററേനിയൻ മേഖലയിലെ പ്രധാന തുറമുഖങ്ങളിൽ തൊഴിലാളികളുടെ വൻ പ്രതിഷേധം. ഇറ്റലി, ഗ്രീസ്, തുർക്കി, മൊറോക്കോ, സ്‌പെയിൻ എന്നീ രാജ്യങ്ങളിലെ 20-ഓളം തുറമുഖങ്ങളിലെ തൊഴിലാളികളാണ് ഫെബ്രുവരി ആറിന് വമ്പൻ പണിമുടക്ക് നടത്തിയത്. ഇറ്റലിയിലെ യുഎസ്ബി യൂനിയന്റെ നേതൃത്വത്തിൽ നടന്ന അന്താരാഷ്ട്ര പ്രതിഷേധം സമുദ്ര വ്യാപാരത്തെയും ആയുധക്കടത്തിനെയും സാരമായി ബാധിച്ചു.
ഇസ്രയേലിലെ അഷ്ദോദിലേക്കും ഹൈഫയിലേക്കും ആയുധങ്ങൾ എത്തിക്കുന്നുവെന്ന് സംശയിക്കുന്ന സിം വെർജീനിയ ഉൾപ്പെടെയുള്ള കപ്പലുകളെ ലക്ഷ്യം വെച്ചായിരുന്നു പ്രധാന പ്രതിഷേധം. ലിബർണോ തീരത്ത് എത്തിയ സിം വെർജീനിയയെ അടുപ്പിക്കാൻ തൊഴിലാളികൾ അനുവദിച്ചില്ല. ഇതോടെ കപ്പലിന് പുറങ്കടലിൽ നങ്കൂരമിടേണ്ടി വന്നു. സമാനമായ രീതിയിൽ ‘സിം ന്യൂസിലാൻഡ്’ ഫ്രാൻസിലും ‘സിം ഓസ്ട്രേലിയ’ സ്ലോവേനിയൻ തീരത്തും തടയപ്പെട്ടു. ഇസ്രയേലിൽനിന്നു വന്ന എം.എസ്.സി ഈഗിൾ III എന്ന കപ്പലും പ്രതിഷേധത്തെത്തുടർന്ന് വഴിതിരിച്ചുവിട്ടു.
തുറമുഖങ്ങളെ ആയുധക്കടത്തിനായി ഉപയോഗിക്കുന്നതിലൂടെ അവ ‘സൈനികവൽക്കരിക്കപ്പെടുകയാണെന്ന്’ തൊഴിലാളി യൂനിയനുകൾ ആരോപിച്ചു. ഇറ്റലിയിലെ ജെനോവ, ട്രീസ്റ്റെ, ലാ സ്‌പെസിയ തുടങ്ങിയ പ്രധാന തുറമുഖങ്ങളിലെ പ്രവർത്തനം പൂർണമായും നിലച്ചു. ലാ സ്‌പെസിയയിൽ മാത്രം 78 ശതമാനം പ്രവർത്തനങ്ങളും തടസപ്പെട്ടു. റോഡ്, റെയിൽ ഗതാഗതത്തെയും പണിമുടക്ക് ബാധിച്ചതോടെ മധ്യയൂറോപ്പിലേക്കുള്ള ചരക്കുനീക്കം അവതാളത്തിലായി.
ഗസ്സയിൽ ഒക്ടോബർ 10-ന് പ്രഖ്യാപിച്ച വെടിനിർത്തൽ നിലനിൽക്കുമ്പോഴും ഇസ്രയേൽ സൈന്യം നടത്തുന്ന കടന്നാക്രമണങ്ങളിൽ 500-ലധികം ഫലസ്തീനികൾ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണു പുതിയ പ്രതിഷേധം. വെടിനിർത്തൽ കരാർ പാലിക്കാതെ ഇസ്രയേൽ നടത്തുന്ന ബോംബാക്രമണങ്ങൾക്കും ഭൂമി കൈയേറ്റത്തിനുമെതിരെ ആഗോളതലത്തിൽ ഉയരുന്ന ഐക്യദാർഢ്യത്തിന്റെ ഭാഗമായാണ് പണിമുടക്ക് സംഘടിപ്പിച്ചത്.
തുറമുഖങ്ങളിലെ പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഫെബ്രുവരി ആറിന് തന്നെ ഗസ്സ അതിർത്തിയിൽ സയണിസ്റ്റ് വിരുദ്ധ പ്രവർത്തകർ പ്രതിഷേധവുമായി എത്തി. ലോകത്തിലെ ഏറ്റവും വലിയ തടവറയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗസ്സയിലെ അതിർത്തി വേലി തകർക്കാൻ ഇവർ ശ്രമിച്ചു. ഫലസ്തീൻ പതാകകളും ചുവന്ന വെളിച്ചവും ഉയർത്തിയായിരുന്നു പ്രതിഷേധം.
ഇസ്രയേലിന്റെ യുദ്ധതന്ത്രങ്ങളെ പിന്തുണയ്ക്കില്ലെന്ന ഉറച്ച നിലപാടിലാണ് യൂറോപ്പിലെയും മെഡിറ്ററേനിയൻ മേഖലയിലെയും തുറമുഖ തൊഴിലാളികൾ. തുർക്കിയിലെ മെർസിൻ, സ്‌പെയിനിലെ ബാഴ്‌സലോണ, ജർമനിയിലെ ഹാംബർഗ് തുടങ്ങിയ നഗരങ്ങളിലും പ്രതിഷേധം അലയൊലികൾ സൃഷ്ടിച്ചു. ആയുധങ്ങൾ വഹിച്ചുകൊണ്ടുള്ള കപ്പലുകളെ തങ്ങളുടെ മണ്ണിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് തൊഴിലാളികൾ.