ജി. സുധാകരനുമായി ഇനി ചർച്ചയില്ലെന്ന് സിപിഎം; വീട്ടിലെത്തുന്നവരെ നിരീക്ഷിച്ച് പാർട്ടിയും സ്പെഷ്യൽ ബ്രാഞ്ചും
ആലപ്പുഴ: പാർട്ടി അംഗത്വം പുതുക്കാൻ തയ്യാറാകാത്ത മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരനുമായി ഇനി അനുരഞ്ജനത്തിനില്ലെന്ന് സിപിഎം. സുധാകരനുമായി ഇനി ചർച്ചകൾക്കില്ലെന്ന് ജില്ലാ സെക്രട്ടറി ആർ. നാസർ വ്യക്തമാക്കി. കഴിഞ്ഞ ദിവസം പാർട്ടി നിർദ്ദേശപ്രകാരം നേതാക്കൾ സുധാകരന്റെ വീട്ടിലെത്തി അഭ്യർത്ഥിച്ചെങ്കിലും അനുകൂല നിലപാടല്ല അദ്ദേഹം സ്വീകരിച്ചത്. ഇതോടെയാണ് കടുത്ത തീരുമാനത്തിലേക്ക് പാർട്ടി നീങ്ങിയത്.
പ്രായപരിധിയുടെ പേരിൽ സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയതും ജില്ലാ നേതൃത്വത്തിന്റെ അവഗണനയുമാണ് സുധാകരനെ പ്രകോപിപ്പിച്ചത്. അഞ്ചു വർഷമായി തന്നെ ജില്ലാ സെക്രട്ടറി തിരിഞ്ഞുനോക്കിയില്ലെന്നും സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ അപമാനിച്ചുവെന്നും ആരോപിച്ച് ആറു ദിവസം മുൻപാണ് അംഗത്വം പുതുക്കില്ലെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയത്.
അമ്പലപ്പുഴ മണ്ഡലത്തിൽ സുധാകരൻ സ്വതന്ത്രനായി മത്സരിക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ സിപിഎമ്മിനെ ആശങ്കയിലാക്കുന്നുണ്ട്. സുധാകരൻ മത്സരിച്ചാൽ പിന്തുണയ്ക്കുമെന്ന് കോൺഗ്രസ് നേതാക്കൾ സൂചന നൽകിയതോടെ പാർട്ടി നിരീക്ഷണം ശക്തമാക്കി. നിലവിൽ സുധാകരന്റെ വീട്ടിലെത്തുന്നവരുടെ വിവരങ്ങൾ പ്രാദേശിക ഘടകങ്ങൾ വഴി സിപിഎം ശേഖരിക്കുന്നുണ്ട്. ഇതിനുപുറമെ പോലീസ് സ്‌പെഷ്യൽ ബ്രാഞ്ചിന്റെ നിരീക്ഷണവും അദ്ദേഹത്തിനുമേലുണ്ട്.