പ്രൊഫഷനൽ ഏജൻസിയെ വച്ച് പഠനം, എംഎൽഎമാരുടെ പെർഫോമൻസ് വിലയിരുത്തി; ലീഗ് സ്ഥാനാർഥി പട്ടികയിൽ സർപ്രൈസ് ഒരുക്കിയ സാദിഖലി തങ്ങളുടെ ‘മാസ്റ്റർ പ്ലാൻ’
മലപ്പുറം: മുസ്ലിം ലീഗ് രാഷ്ട്രീയത്തിൽ പാരമ്പര്യമായി പിന്തുടർന്നുപോന്ന രീതികളിൽ പുതിയ പരീക്ഷണങ്ങളുമായാണ് ഇത്തവണ നിയമസഭാ സ്ഥാനാർഥി പട്ടിക തയാറാക്കിയത്. വെറുമൊരു സ്ഥാനാർത്ഥി പ്രഖ്യാപനത്തിനപ്പുറം, ആധുനികമായ പഠനരീതികളും കൃത്യമായ രാഷ്ട്രീയ കണക്കുകൂട്ടലുകളും സമന്വയിപ്പിച്ച്, സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ തയാറാക്കിയ ‘മാസ്റ്റർപ്ലാൻ’ തന്നെയായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്. യുവത്വവും പുതുരക്തവും പെൺപ്രാതിനിധ്യവും പാരമ്പര്യവുമെല്ലാം സംയോജിപ്പിച്ച പട്ടികയെ സർപ്രൈസ് എന്നു തന്നെയാണു രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തിയത്.
സ്ഥാനാർത്ഥി നിർണയത്തിന് മുന്നോടിയായി പ്രത്യേക പ്രൊഫഷണൽ ഏജൻസിയെ നിയോഗിച്ച് ഓരോ നിയോജക മണ്ഡലത്തിലും തങ്ങൾ വിശദമായ പഠനം നടത്തിയിരുന്നു. നിലവിലെ എംഎൽഎമാരുടെ മണ്ഡലത്തിലെ പ്രവർത്തനം, ജനങ്ങൾക്കിടയിലുള്ള സ്വീകാര്യത എന്നിവ ഓരോന്നായി വിലയിരുത്തി. മണ്ഡലത്തിലെ വോട്ട് നിലയിലെ മാറ്റങ്ങളും രാഷ്ട്രീയ സാഹചര്യങ്ങളും മുൻനിർത്തി വിജയസാധ്യതകൾ ശാസ്ത്രീയമായി അളന്നു.
ഇതോടൊപ്പം താഴേത്തട്ടിലുള്ള പാർട്ടി പ്രവർത്തകരുടെയും സാധാരണക്കാരുടെയും അഭിപ്രായങ്ങൾ രഹസ്യമായി ശേഖരിച്ചു. എല്ലാത്തിനും പുറമെ, വിപുലമായ യോഗങ്ങൾക്കു പകരം നേതാക്കളുമായി വൺ-ടു-വൺ കൂടിക്കാഴ്ചകൾ നടത്തി. താഴേത്തട്ടിലെ റിപ്പോർട്ടുകൾ പരിശോധിക്കുകയും ചെയ്തു.
ഈ റിപ്പോർട്ടുകളെല്ലാം മുൻനിർത്തിയാണ് അഞ്ച് സിറ്റിങ്് എംഎൽഎമാരെ മാറ്റാനും പി.കെ കുഞ്ഞാലിക്കുട്ടി, കെ.എം ഷാജി തുടങ്ങിയ പ്രമുഖരുടെ മണ്ഡലങ്ങളിൽ മാറ്റം വരുത്താനും തങ്ങളുടെ നേതൃത്വത്തിൽ ധീരമായ തീരുമാനമെടുത്തത്. മുൻപ് പാർട്ടിക്കുള്ളിലെ സീനിയോറിറ്റിക്കും മറ്റു സമവാക്യങ്ങൾക്കും നൽകിയിരുന്ന അമിത പ്രാധാന്യം ഇത്തവണ ജയസാധ്യതയിലേക്ക് മാത്രമായി ചുരുങ്ങി. പി.എം.എ സലാമിനെപ്പോലെയുള്ള ഒരു ജനറൽ സെക്രട്ടറി മത്സരരംഗത്തുനിന്ന് മാറിനിൽക്കാൻ തീരുമാനിച്ചതും, മുതിർന്ന നേതാക്കൾക്ക് പകരം ഐടി പ്രൊഫഷണലുകളെയും യുവരക്തത്തെയും കളത്തിലിറക്കിയതും തങ്ങളുടെ വ്യക്തമായ പ്ലാനിങ്ങിന്റെ ഫലമാണ്.
യുവരക്തത്തിന് വലിയ പ്രാധാന്യം നൽകിയ പട്ടികയിൽ പി.കെ ഫിറോസ് (കൊടുവള്ളി), പി.കെ നവാസ് (താനൂർ), ഫൈസൽ ബാബു (കോഴിക്കോട് സൗത്ത്), ടി.പി അഷറഫലി (കൊണ്ടോട്ടി), പി.എം.എ സമീർ (തിരൂരങ്ങാടി) തുടങ്ങിയ യുവതുർക്കികൾ ഇടംപിടിച്ചു. അതേസമയം, സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം, എം.കെ മുനീർ, പി.കെ അബ്ദുറബ്ബ് തുടങ്ങിയ മുതിർന്ന നേതാക്കൾ മത്സരരംഗത്തുനിന്ന് മാറിനിൽക്കുന്നത് പാർട്ടിയിലെ തലമുറമാറ്റത്തിന്റെ വ്യക്തമായ സൂചനയാണ്. പാർട്ടിക്ക് പരമാവധി സീറ്റുകൾ നേടി കൊടുക്കുക എന്ന വലിയ ദൗത്യത്തിനാണ് താൻ മുൻഗണന നൽകുന്നതെന്നാണ് പി.എം.എ സലാം നേരിട്ടു തന്നെ വ്യക്തമാക്കിയത്.
രണ്ട് വനിതാ സ്ഥാനാർത്ഥികളെ ഒരേസമയം മത്സരിപ്പിക്കാനുള്ള തീരുമാനം ലീഗ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മാറ്റമാണ്. ഫാത്തിമ തഹ്ലിയയെയും ജയന്തി രാജനെയും അങ്കത്തട്ടിലിറക്കിയതിലൂടെ കാലത്തിനനുസരിച്ചുള്ള മാറ്റം പാർട്ടിയിൽ അനിവാര്യമാണെന്നു പറയാതെ പറയുകയായിരുന്നു.
പാണക്കാട് തങ്ങൾ നേരിട്ട് നടത്തിയ ഈ ‘ഹോംവർക്ക്’ പാർട്ടി നേതാക്കളെ പോലും അത്ഭുതപ്പെടുത്തുന്നതായിരുന്നു. കേവലം രാഷ്ട്രീയ പ്രഖ്യാപനങ്ങൾക്കപ്പുറം, ഓരോ സീറ്റും പിടിച്ചെടുക്കാൻ ലക്ഷ്യമിട്ടുള്ള ‘കോർപറേറ്റ് ശൈലിയിലുള്ള’ ആസൂത്രണമാണ് ഇത്തവണത്തെ പട്ടികയെ വ്യത്യസ്തമാക്കുന്നത്.