28/03/2026
[fontresizer_tawhidurrahmandear_widget]

കേര ഫെഡ്, മിൽമ കമ്പനികളുടെ വിദേശ കരാർ ഗണേഷ് കുമാറിൻ്റെ ഭാര്യയ്ക്ക്; നടപടി ക്രമങ്ങളിൽ വീഴ്ച, വഴിവിട്ട കരാർ

 കേര ഫെഡ്, മിൽമ കമ്പനികളുടെ വിദേശ കരാർ ഗണേഷ് കുമാറിൻ്റെ ഭാര്യയ്ക്ക്; നടപടി ക്രമങ്ങളിൽ വീഴ്ച, വഴിവിട്ട കരാർ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളായ കേര ഫെഡിന്റെയും മിൽമയുടെയും ഉൽപന്നങ്ങൾ വിദേശത്ത് വിപണനം ചെയ്യാനുള്ള കരാർ മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ ഭാര്യക്ക് നൽകിയതിൽ വൻ ക്രമക്കേട് നടന്നതായി ആരോപണം. മന്ത്രിയുടെ ഭാര്യ ബിന്ദു മേനോൻ സിഇഒ ആയ ‘മിഡ്‌നൈറ്റ് സൺ ഗ്ലോബൽ’ എന്ന കമ്പനിക്കാണ് യാതൊരുവിധ ടെൻഡറോ വിജ്ഞാപനമോ ഇല്ലാതെ വഴിവിട്ട രീതിയിൽ കരാർ നൽകിയത്.

കേര ഫെഡ് വെളിച്ചെണ്ണ ദുബൈലും മിൽമ ഉൽപന്നങ്ങൾ ന്യൂസീലൻഡ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലും വിതരണം ചെയ്യാനാണ് അനുമതി നൽകിയിരിക്കുന്നത്. സാധാരണഗതിയിൽ ഇത്തരം വലിയ വിദേശ വ്യാപാര കരാറുകൾക്ക് താൽപര്യപത്രം ക്ഷണിക്കാറുണ്ടെങ്കിലും ഈ കേസിൽ അത്തരം മത്സരപ്രക്രിയകളൊന്നും ഉണ്ടായില്ല. ഇതിനുപുറമെ, വിലയുടെ കാര്യത്തിലും കമ്പനിക്ക് വഴിവിട്ട സഹായം ലഭിച്ചതായാണ് സൂചന.

മൊത്തവ്യാപാര നിരക്കിൽ നൽകുന്ന വെളിച്ചെണ്ണയ്ക്ക് പുറമെ 15 ശതമാനം കമ്മീഷൻ കൂടി അനുവദിക്കണമെന്ന കമ്പനിയുടെ ആവശ്യം കേരഫെഡിൽ വലിയ തർക്കങ്ങൾക്ക് വഴിവെച്ചിരുന്നു. എന്നാൽ ഉന്നതതല സമ്മർദത്തെത്തുടർന്ന് നിബന്ധനകൾ അംഗീകരിക്കുകയായിരുന്നു എന്നാണ് വിവരം. നിലവിൽ കഴിഞ്ഞ വർഷം ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ മാത്രം ടൺ കണക്കിന് വെളിച്ചെണ്ണ കരാറിലൂടെ കയറ്റി അയച്ചിട്ടുണ്ട്.

മന്ത്രിയുടെ ഔദ്യോഗിക വിലാസത്തിൽ തന്നെയാണ് മിഡ്‌നൈറ്റ് സൺ ഗ്ലോബൽ കമ്പനി രജിസ്റ്റർ ചെയ്തിരിക്കുന്നത് എന്നതും വിഷയത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. ചട്ടപ്രകാരമുള്ള നടപടികൾ പാലിക്കാതെ മന്ത്രിയുടെ കുടുംബാംഗം സിഇഒ ആയ കമ്പനിക്ക് കരാർ നൽകിയത് ഭരണതലത്തിൽ വലിയ വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്. എന്നാൽ കമ്പനി നേരിട്ട് താൽപര്യം പ്രകടിപ്പിച്ചതുകൊണ്ടാണ് കരാർ നൽകിയതെന്നാണ് മിൽമ അധികൃതരുടെ വിശദീകരണം.

Also read: