04/03/2026
[fontresizer_tawhidurrahmandear_widget]

ഇറാനെ ആക്രമിക്കാൻ താവളങ്ങൾ വിട്ടുനൽകിയില്ല; സ്‌പെയിനുമായുള്ള വ്യാപാരബന്ധം വിച്ഛേദിച്ച് യുഎസ്; ഉപരോധത്തിന് സജ്ജമെന്ന് സ്‌പെയിൻ

 ഇറാനെ ആക്രമിക്കാൻ താവളങ്ങൾ വിട്ടുനൽകിയില്ല; സ്‌പെയിനുമായുള്ള വ്യാപാരബന്ധം വിച്ഛേദിച്ച് യുഎസ്; ഉപരോധത്തിന് സജ്ജമെന്ന് സ്‌പെയിൻ

മാഡ്രിഡ്/വാഷിങ്ടൺ: ഇറാനെതിരെ അമേരിക്കയും ഇസ്രയേലും നടത്തുന്ന സൈനിക നീക്കങ്ങൾക്ക് തങ്ങളുടെ മണ്ണ് വിട്ടുനൽകില്ലെന്ന ഉറച്ച നിലപാടിൽ ഉറച്ചുനിൽക്കുകയാണ് സ്‌പെയിൻ. സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിന്റെ തീരുമാനത്തിൽ പ്രകോപിതനായ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഇപ്പോഴിതാ സ്‌പെയിനുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും വിച്ഛേദിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. എന്നാൽ, വ്യാപാര ഉപരോധം നേരിടാൻ തങ്ങൾ സജ്ജമാണെന്ന് സ്‌പെയിനും തിരിച്ചടിച്ചു.

ജർമൻ ചാൻസലർ ഫ്രെഡ്രിക്ക് മെർസുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ട്രംപ് പുതിയ പ്രഖ്യാപനം നടത്തിയത്. സ്‌പെയിൻ ഭീകരമായ രീതിയിലാണ് പെരുമാറുന്നത്. അവരുമായുള്ള എല്ലാ ഇടപാടുകളും നിർത്താൻ താൻ നിർദേശം നൽകിയിട്ടുണ്ട്. സ്‌പെയിനുമായി തങ്ങൾക്ക് ഇനി ഒരു ബന്ധവും വേണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു.

എന്നാൽ, അമേരിക്കയുടെ വ്യാപാര ഉപരോധ ഭീഷണിയെ നേരിടാൻ ആവശ്യമായ വിഭവങ്ങൾ തങ്ങളുടെ പക്കലുണ്ടെന്ന് സ്പാനിഷ് സർക്കാർ തിരിച്ചടിച്ചു. അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കാൻ അമേരിക്ക ബാധ്യസ്ഥരാണ്. സ്‌പെയിനിനെ മാത്രം ലക്ഷ്യം വെച്ചുള്ള ഉപരോധം യൂറോപ്യൻ യൂണിയനുമായുള്ള അമേരിക്കയുടെ മൊത്തത്തിലുള്ള വ്യാപാര കരാറുകളുടെ ലംഘനമാകുമെന്നും സ്‌പെയിൻ ഓർമിപ്പിച്ചു.

സ്പാനിഷ് പരമാധികാരത്തിന് കീഴിലുള്ള സൈനിക താവളങ്ങൾ ഇറാനെതിരെയുള്ള സൈനിക നീക്കത്തിന് ഉപയോഗിക്കരുതെന്ന് നേരത്തെ വിദേശകാര്യ മന്ത്രി ജോസ് മാനുവൽ അൽബാരസ് വ്യക്തമാക്കിയിരുന്നു. ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന് നിരക്കാത്ത ഒരു കാര്യത്തിനും തങ്ങളുടെ താവളങ്ങൾ വിട്ടുനൽകില്ലെന്നാണ് ഇതിനു ന്യായമായി സ്‌പെയിൻ പറഞ്ഞത്.

ഇറാനെതിരായ സൈനിക നീക്കത്തിനെതിരെ രൂക്ഷമായ ഭാഷയിലാണ് സാഞ്ചെസും പ്രതികരിച്ചത്. ‘ഒരാൾക്ക് വെറുക്കപ്പെട്ട ഭരണകൂടത്തെ എതിർക്കാം. അതേസമയം തന്നെ നീതീകരിക്കാനാവാത്തതും അപകടകരവുമായ സൈനിക ഇടപെടലാണു നടക്കുന്നത്. അതിനെയും എതിർക്കാൻ അവകാശമുണ്ടെന്നായിരുന്നു സ്പാനിഷ് പ്രധാനമന്ത്രിയുടെ പ്രതികരണം. അന്താരാഷ്ട്ര നിയമങ്ങളും യൂറോപ്യൻ യൂനിയനുമായുള്ള വ്യാപാര കരാറുകളും അമേരിക്ക മാനിക്കണമെന്ന് സ്‌പെയിൻ ആവശ്യപ്പെട്ടു.

സ്‌പെയിനിന്റെ കർക്കശ നിലപാടിനെത്തുടർന്ന് റോത, മൊറോൺ സൈനിക താവളങ്ങളിൽനിന്ന് അമേരിക്ക തങ്ങളുടെ യുദ്ധവിമാനങ്ങൾ മാറ്റിയിരുന്നു. ഇന്ധനം നിറയ്ക്കാൻ ഉപയോഗിക്കുന്ന കെസി-135 സ്ട്രാറ്റോടാങ്കറുകൾ ഉൾപ്പെടെയുള്ള 15 അമേരിക്കൻ യുദ്ധവിമാനങ്ങളാണ് ജർമനിയിലേക്കും ഫ്രാൻസിലേക്കുമായി മാറ്റിയത്.

Also read: