11/06/2026
[fontresizer_tawhidurrahmandear_widget]

ഗുണ്ടൽപേട്ടിൽ കാറും ലോറിയും കൂട്ടിയിടിച്ച് 3 കോഴിക്കോട് സ്വദേശികൾക്ക് ദാരുണാന്ത്യം

 ഗുണ്ടൽപേട്ടിൽ കാറും ലോറിയും കൂട്ടിയിടിച്ച് 3 കോഴിക്കോട് സ്വദേശികൾക്ക് ദാരുണാന്ത്യം

ബെംഗളൂരു: കർണാടകയിലെ ഗുണ്ടൽപേട്ടിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ കൊല്ലപ്പെട്ടു. കോഴിക്കോട് ബേപ്പൂർ നടുവട്ടം സ്വദേശികളായ ഒരു കുടുംബത്തിലെ അംഗങ്ങളാണ് മരിച്ചത്. ബേപ്പൂർ നടുവട്ടം അസ്മ ഹൗസിൽ വി.കെ മുഹമ്മദ് അജീർ(38), സഹോദരി ആയിഷ നൂരി(41), ആയിഷയുടെ മകൾ നൂഫിയ മുബാറക്ക് (18) എന്നിവരാണ് മരിച്ചവർ.

ആയിഷയുടെ മകൻ ഒമ്പതുവയസ്സുകാരൻ നഹിയാൻ മുബാറക്കിനെ ഗുരുതര പരിക്കുകളോടെ ഗുണ്ടൽപേട്ട് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ച മുഹമ്മദ് അജീർ ബംഗളൂരു ബി.ഇ.എം.എല്ലിലെ ഉദ്യോഗസ്ഥനാണ്.

ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ ഗുണ്ടൽപേട്ട് താലൂക്കിലെ ചാമരാജ് നഗർ ജില്ലയിലുള്ള മലപുരയിൽ വെച്ചായിരുന്നു അപകടം. കുടുംബം സഞ്ചരിച്ചിരുന്ന കാറിൽ ഗുണ്ടൽപേട്ടിൽനിന്ന് കേരളത്തിലേക്ക് വരികയായിരുന്ന ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ആയിഷ നൂറിയും മകൾ നൂഫിയയും സംഭവസ്ഥലത്തുതന്നെ മരിച്ചു.

വിവരമറിഞ്ഞ് പോലീസ് സംഭവസ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മുഹമ്മദ് അജീറിന്റെ മൃതദേഹം ഗുണ്ടൽപേട്ട് സർക്കാർ ആശുപത്രി മോർച്ചറിയിലേക്കും, ആയിഷയുടെയും മകളുടെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മൈസൂരു സർക്കാർ ആശുപത്രിയിലേക്കും മാറ്റി. സംഭവത്തിൽ ഗുണ്ടൽപേട്ട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Also read: