ചുറ്റിക കൊണ്ട് സുഹൃത്തിൻ്റെ തലയ്ക്കടിച്ചു; ഓടി രക്ഷപ്പെടുന്നതിനിടെ യുവാവ് ട്രെയിനിടിച്ച് മരിച്ചു
കണ്ണൂർ: സുഹൃത്തിനെ തലയ്ക്കടിച്ചു വീഴ്ത്തിയ ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവാവ് ട്രെയിനിടിച്ച് മരിച്ചു. പാപ്പിനിശ്ശേരി സ്വദേശി പി.കെ.പി ഷെഫീഖ് (44) ആണ് മരിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സുഹൃത്ത് പ്രശാന്ത് നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. പ്രശാന്തിന്റെ വീട്ടിലെത്തിയ ഷെഫീഖ് കുടിക്കാൻ വെള്ളം ചോദിക്കുകയും, വെള്ളമെടുക്കാൻ തിരിഞ്ഞ പ്രശാന്തിനെ കൈയ്യിലുണ്ടായിരുന്ന ചുറ്റിക കൊണ്ട് തലയ്ക്കടിക്കുകയുമായിരുന്നു. തുടർന്ന് സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുന്നതിനിടെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്തുവെച്ചാണ് ഷെഫീഖിനെ ട്രെയിനിടിച്ചത്. ആക്രമണത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ലെന്നും സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചതായും അധികൃതർ അറിയിച്ചു.