യുദ്ധത്തിൽ തകർന്ന മിസൈൽ ലോഞ്ചറുകളെല്ലാം പുനഃസ്ഥാപിച്ച് ഇറാൻ; ഏതു നീക്കത്തിനും സൈന്യം സജ്ജമെന്ന് ഐആർജിസി കമാൻഡർ
തെഹ്റാൻ: യുദ്ധത്തിനിടയിൽ നഷ്ടപ്പെട്ട ആയുധശേഷി പൂർവാധികം ശക്തിയോടെ തിരിച്ചുപിടിച്ചതായി ഇറാൻ. മിസൈലുകളും മിസൈൽ ലോഞ്ചറുകളും ഉൾപ്പെടെയാണ് അതിവേഗത്തിൽ പുനഃസ്ഥാപിച്ചിരിക്കുന്നത്. ഇറാൻ വിപ്ലവ ഗാർഡ്(ഐആർജിസി) വ്യോമസേനാ കമാൻഡർ ജനറൽ സയ്യിദ് മാജിദ് മൂസവിയാണ് ഇക്കാര്യത്തിൽ വെളിപ്പെടുത്തൽ നടത്തിയത്. രണ്ടാഴ്ചത്തെ വെടിനിർത്തൽ കാലയളവിനുള്ളിലാണ് മിസൈലുകളുടെയും ഡ്രോണുകളുടെയും ശേഖരം മുൻപത്തേക്കാളും അതിവേഗത്തിൽ ഇറാൻ പുനഃസ്ഥാപിക്കുന്നതെന്ന് ഉന്നത സൈനിക കമാൻഡർ അറിയിച്ചു.
മിസൈൽ, ഡ്രോൺ ലോഞ്ചറുകൾ പുനഃസ്ഥാപിക്കുന്ന ദൃശ്യങ്ങളും സയ്യിദ് മജിദ് മൂസവി പുറത്തുവിട്ടിട്ടുണ്ട്. ‘വെടിനിർത്തൽ കാലയളവിൽ ശത്രുക്കൾക്ക് ഇത്തരത്തിൽ ആയുധശേഷി പുനഃസ്ഥാപക്കാൻ കഴിയില്ലെന്ന് ഞങ്ങൾക്ക് ബോധ്യമുണ്ട്. ഏപ്രിൽ 11ന് വെടിനിർത്തൽ ആരംഭിച്ചത് മുതൽ, അമേരിക്ക ലോകത്തിന്റെ അങ്ങേയറ്റത്തുനിന്ന് വെടിക്കോപ്പുകൾ ഓരോ തുള്ളിയായി എത്തിച്ചുകൊണ്ടിരിക്കുകയാണ്. അവർ യുദ്ധത്തിന്റെ ഈ ഘട്ടത്തിലും പരാജയപ്പെട്ടിരിക്കുന്നു. ഹോർമുസ് കടലിടുക്കും ലബനാനും ഈ മേഖല മുഴുവനായും അവർക്ക് നഷ്ടമായിരിക്കുന്നു’ കമാൻഡർ വ്യക്തമാക്കി.
അമേരിക്കയുടെയും ഇസ്രയേലിന്റെയും ആഴ്ചകൾ നീണ്ട ബോംബാക്രമണങ്ങളിൽനിന്ന് ഇറാന്റെ മിസൈൽ ശേഷിയെ സംരക്ഷിച്ചത് അത്യാധുനികമായ ഭൂഗർഭ സംഭരണശാലകളാണെന്ന് ദിവസങ്ങൾക്കുമുൻപ് ‘വാൾസ്ട്രീറ്റ് ജേണൽ’ റിപ്പോർട്ട് ചെയ്തിരുന്നു. യുഎസ് ഇന്റലിജൻസ് വിലയിരുത്തലുകൾ ഉദ്ധരിച്ചുള്ള റിപ്പോർട്ട് പ്രകാരം, ആയിരക്കണക്കിന് ഇടത്തരം, ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകൾ ഇനിയും ഇറാന്റെ പക്കലുണ്ട്. ഇവ ഏത് നിമിഷവും ഒളിത്താവളങ്ങളിൽനിന്ന് പുറത്തെടുക്കാൻ ഇറാന് സാധിക്കും.
കൊല്ലപ്പെട്ട പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ വിഭാവനം ചെയ്ത സൈനിക തന്ത്രങ്ങളാണ് രണ്ട് ആണവ ശക്തികൾക്കെതിരെയുള്ള ഇറാന്റെ വിജയത്തിന് വഴിയൊരുക്കിയതെന്ന് ജനറൽ മൂസവി ചൂണ്ടിക്കാട്ടുന്നു. ഖാംനഇയുടെ ‘അസന്തുലിതമായ യുദ്ധമുറ’ (Asymmetric warfare strategy), തദ്ദേശീയമായ മിസൈൽ സാങ്കേതികവിദ്യ, യുവ ശാസ്ത്രജ്ഞരിലുള്ള വിശ്വാസം എന്നിവയാണ് ലോകത്തെ ഏറ്റവും വലിയ തിന്മകൾക്കെതിരെ തലയുയർത്തി നിൽക്കാൻ ഇറാന്റെ സൈന്യത്തെ സഹായിച്ചത്. ഇനിയും ഏതു നീക്കത്തിനും സൈന്യം സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമേരിക്ക വെടിനിർത്തൽ കരാർ ലംഘിച്ചതിനാൽ ശനിയാഴ്ച മുതൽ ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചതായി ഐആർജിസി പ്രഖ്യാപിച്ചിട്ടുണ്ട്. ഇറാന്റെ തുറമുഖങ്ങൾക്ക് നേരെയുള്ള നാവിക ഉപരോധം തുടരുന്നത് കടൽക്കൊള്ളയ്ക്ക് തുല്യമാണെന്ന് സൈന്യം കുറ്റപ്പെടുത്തി. പേർഷ്യൻ ഗൾഫിലെയും അറബിക്കടലിലെയും ഇറാന്റെ തുറമുഖങ്ങളുടെ സുരക്ഷ ഭീഷണിയിലായാൽ മേഖലയിലെ മറ്റൊരു തുറമുഖവും സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ സൈന്യം മുന്നറിയിപ്പ് നൽകിയിരുന്നു.
40 ദിവസമായി തുടരുന്ന ശത്രുരാജ്യങ്ങളുടെ കടന്നാക്രമണങ്ങളെ അതിജീവിച്ച ഇറാൻ സായുധസേന അതീവ ജാഗ്രതയിലാണ്. ഏത് ഭീഷണിയെയും ഉരുക്കുമുഷ്ടി ഉപയോഗിച്ച് തകർക്കാൻ കാഞ്ചിയിൽ വിരൽ വെച്ച് സൈന്യം സജ്ജമാണെന്നാണു സൈന്യം മുന്നറിയിപ്പ് നൽകിയത്.