20/04/2026
[fontresizer_tawhidurrahmandear_widget]

വയറലായി ട്രംപിനെ ലക്ഷ്യംവെച്ചുള്ള ‘എല്ലാവർക്കും വേണ്ടിയുള്ള ഇറാന്റെ പ്രതികാരം’

 വയറലായി ട്രംപിനെ ലക്ഷ്യംവെച്ചുള്ള ‘എല്ലാവർക്കും വേണ്ടിയുള്ള ഇറാന്റെ പ്രതികാരം’

തെഹ്‌റാൻ: തന്ത്രങ്ങളും മുറകളും മാറ്റിയെഴുതിയ യുദ്ധമാണ് ഇറാൻ-അമേരിക്ക യുദ്ധം. 2026 ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രയേലും ഏകപക്ഷീയമായി ഇറാനുമായി യുദ്ധം ആരംഭിച്ചതിന് ശേഷം ഡിജിറ്റൽ ലോകത്ത് ഇറാൻ നടത്തുന്ന ആശയപരമായ പോരാട്ടം വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ലക്ഷ്യം വെച്ച്’ എല്ലാവർക്കും വേണ്ടിയുള്ള പ്രതികാരം’ എന്ന ശീർഷകത്തിൽ പുറത്തിറങ്ങിയ വീഡിയോകൾ ഇതിനോടകം ലക്ഷക്കണക്കിന് ആളുകൾ കണ്ടുകഴിഞ്ഞു.

മിസൈലുകളിലും ഡ്രോണുകളിലും മാത്രം ഒതുക്കാതെ, സോഷ്യൽ മീഡിയ വാർറൂമുകളിലേക്ക് കൂടി യുദ്ധത്തെ വ്യാപിപ്പിച്ചുകൊണ്ട് അമേരിക്കയെ ഒരു അധിനിവേശ ശക്തിയായി ആഗോളതലത്തിൽ തുറന്നുകാട്ടാൻ ഇറാന് സാധിച്ചു. ഇതിനായി അവർ പ്രധാനമായും ഉപയോഗിക്കുന്നത് ആനിമേഷൻ വീഡിയോസും മീമുകളുമാണ്. ‘വൺ വെഞ്ചൻസ് ഫോർ ഓൾ’ എന്ന വീഡിയോയിൽ കുട്ടികൾ കളിക്കാൻ ഉപയോഗിക്കുന്ന ‘ലെഗോ’ കട്ടകൾ കൊണ്ട് നിർമ്മിച്ച ആനിമേഷനാണ് ഉപയോഗിച്ചിരിക്കുന്നത്. യുദ്ധത്തിന്റെ പ്രാരംഭ ഘട്ടത്തിൽ ഇറാനിലെ മിനാബ് സ്‌കൂളിന് നേരെ അമേരിക്കയും ഇസ്രയേലും നടത്തിയ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ട 160ഓളം പെൺകുട്ടികളുടെ സ്മരണാർത്ഥമാണ് ഇത്തരം ഒരു രൂപകല്പന തിരഞ്ഞെടുത്തതെന്ന് ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന ‘എക്‌സ്‌പ്ലോസീവ് മീഡിയ’യിലെ യുവാക്കൾ സാക്ഷ്യപ്പെടുത്തുന്നു.

ഹിരോഷിമയിലെയും നാഗസാക്കിയിലെയും ഇരകൾ, ഗസ്സയിലെ കുഞ്ഞുങ്ങൾ, നീതി നിഷേധിക്കപ്പെട്ട എപ്സ്റ്റീൻ ദ്വീപിലെ കുട്ടികൾ എന്നിവരെയും ഈ വീഡിയോകളിൽ ഉൾപ്പെടുത്തിക്കൊണ്ട് പോരാട്ടത്തിന് ഒരു മാനുഷിക മുഖം നൽകാൻ ഇറാൻ ശ്രമിക്കുന്നു. ഡൊണാൾഡ് ട്രംപിന്റെ രാഷ്ട്രീയ പ്രസ്താവനകളെയും അമേരിക്ക ഫസ്റ്റിനെയും പരിഹസിക്കുന്ന ഈ വീഡിയോകൾ, അമേരിക്കൻ ആഭ്യന്തര രാഷ്ട്രീയത്തിലെ വിള്ളലുകളെ കൃത്യമായി ഉപയോഗപ്പെടുത്തുന്നുണ്ട്.

അക്രമം പ്രോത്സാഹിപ്പിക്കുന്നു എന്നാരോപിച്ച് ഗൂഗിൾ ഇവരുടെ യൂട്യൂബ് ചാനൽ നീക്കം ചെയ്‌തെങ്കിലും, എക്‌സ് പോലുള്ള പ്ലാറ്റ്‌ഫോമുകളിലൂടെ ഇവ ജനങ്ങളിലേക്ക് എത്തുന്നതിൽ തടസ്സമുണ്ടായില്ല. 19നും 25നും ഇടയിൽ പ്രായമുള്ള ഒരു ചെറുസംഘം യുവാക്കളാണ് ഈ വീഡിയോകൾക്ക് പിന്നിൽ പ്രവർത്തിക്കുന്നത്. ഇറാനിൽ ഇന്റർനെറ്റ് നിയന്ത്രണങ്ങളുണ്ടെങ്കിലും ഇത്തരം പ്രചാരണങ്ങൾ നടത്തുന്നവർക്ക് സർക്കാർ തലത്തിൽ പിന്തുണ ലഭിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അനാവശ്യമായ അവകാശവാദങ്ങൾക്കും ഗീർവാണങ്ങൾക്കും മുതിരാതെ, കൃത്യമായ പ്ലാനിങ്ങോടെയും സർഗ്ഗാത്മകമായും ആശയ യുദ്ധം കൊണ്ടുപോകുന്നതിലൂടെ ഇറാന് ലോകമെമ്പാടുമുള്ള സാധാരണ ജനങ്ങൾക്കിടയിൽ ഒരു ‘സൂപ്പർ ഹീറോ’ പരിവേഷം ലഭിച്ചിട്ടുണ്ട്. കേവലം ഒരു രാജ്യം എന്നതിലുപരി, അമേരിക്കയെയും സഖ്യകക്ഷികളെയും പ്രതിരോധത്തിലാക്കാൻ ശേഷിയുള്ള ഒരു വലിയ സൈനിക ശക്തിയായി ഇറാനെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ ഇത്തരം ഡിജിറ്റൽ സന്ദേശങ്ങൾക്ക് സാധിച്ചു. ചുരുക്കത്തിൽ, പരമ്പരാഗതമായ യുദ്ധമുറകളേക്കാൾ ഉപരിയായി, വിവരസാങ്കേതിക വിദ്യയിലൂടെ പൊതുജനമനസ്സുകളെ സ്വാധീനിക്കുന്നതിൽ ഇറാൻ വൻ വിജയം കൈവരിച്ചിരിക്കുകയാണ്. ഈ ഡിജിറ്റൽ മുന്നേറ്റം ആഗോളതലത്തിൽ അമേരിക്കയുടെയും ഇസ്രയേലിന്റെയും പ്രതിച്ഛായയെ കാര്യമായി ബാധിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

Also read: