‘ചോർച്ച നോക്കേണ്ടത് എൻജിനീയറാണ്, മന്ത്രിയല്ല’; കെ രാജനെതിരേ പരിഹാസവുമായി സതീശൻ
കൊച്ചി: മുണ്ടക്കൈ-ചൂരൽമല ടൗൺഷിപ്പിലെ വീടുകളുടെ വിള്ളൽ റവന്യൂ മന്ത്രി കെ രാജൻ നേരിട്ട് പരിശോധിച്ചതിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വീടുകളിലെ ചോർച്ചയും വിള്ളലും പരിശോധിക്കേണ്ടത് എൻജിനീയർമാരാണെന്നും അല്ലാതെ മന്ത്രിയല്ലെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പിന് മുൻപ് ജനങ്ങളെ കബളിപ്പിക്കാനാണ് ടൗൺഷിപ്പ് ഉദ്ഘാടനം ധൃതിപിടിച്ച് നടത്തിയത്. ഏറെ കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയെങ്കിലും ഇതുവരെ ഒരാൾക്ക് പോലും അവിടെ താമസിക്കാനായിട്ടില്ലെന്ന് സതീശൻ കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് കാലത്ത് ബോർഡുകൾ വെച്ച് നടത്തിയ ആഘോഷങ്ങൾ വെറും കാപട്യമായിരുന്നുവെന്നും ഇത്തരം തെറ്റായ പ്രചാരണങ്ങൾക്ക് കാലം മറുപടി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശബരിമല കേസുമായി ബന്ധപ്പെട്ട് താൻ മുൻപ് പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ യാഥാർഥ്യമായിരിക്കുകയാണെന്നും മുഖ്യമന്ത്രിക്കും സിപിഎമ്മിനുമെതിരെയുള്ള കേസുകൾ ഇ.ഡി അന്വേഷിക്കില്ലെന്നും സതീശൻ വിമർശിച്ചു.