ഹോർമുസിലെ അമേരിക്കയുടെ ഉപരോധം പിൻവലിക്കണമെന്ന് സൗദി; ഇറാൻ ബാബ് അൽമന്ദബ് ലക്ഷ്യം വെക്കുമെന്നും ആശങ്ക
വാഷിങ്ടൺ: ഇറാനെതിരെയുള്ള നീക്കത്തിന്റെ ഭാഗമായി ഹോർമുസ് കടലിടുക്കിൽ അമേരിക്ക ഏർപ്പെടുത്തിയിരിക്കുന്ന നാവിക ഉപരോധം അവസാനിപ്പിക്കണമെന്ന് ഔദ്യോഗികമായി ആവശ്യപ്പെട്ട് സൗദി അറേബ്യ. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദ്ദേശപ്രകാരം നടപ്പിലാക്കിയ ഈ ഉപരോധം മേഖലയിൽ വലിയ സുരക്ഷാ ഭീഷണിയുയർത്തുന്നു എന്നാണ് സൗദിയുടെ നിലപാട്. ഉപരോധം മൂലം പ്രകോപിതരാകുന്ന ഇറാൻ സൈന്യം മറ്റ് പ്രധാന കപ്പൽ പാതകൾ തടസ്സപ്പെടുത്താനോ ആക്രമിക്കാനോ സാധ്യതയുണ്ടെന്ന് അറബ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു.
ഇറാന്റെ സമ്പദ്‌വ്യവസ്ഥയെ പൂർണ്ണമായും തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് അമേരിക്ക ഈ കർശന നിയന്ത്രണം കൊണ്ടുവന്നത്. എന്നാൽ, ഹോർമുസ് കടലിടുക്ക് തടയുന്നത് വഴി പേർഷ്യൻ ഗൾഫിൽ നിന്നുള്ള എണ്ണ നീക്കം തടസ്സപ്പെടുമെന്നും, ഇത് തങ്ങളുടെ സാമ്പത്തിക താത്പര്യങ്ങളെ ബാധിക്കുമെന്നും സൗദി ആശങ്കപ്പെടുന്നു. ഇറാൻ പ്രത്യാക്രമണം എന്ന നിലയിൽ ബാബ് അൽമന്ദബ് പോലുള്ള മറ്റ് തന്ത്രപ്രധാന പാതകൾ ലക്ഷ്യം വെക്കാൻ സാധ്യതയുണ്ടെന്നും സൗദി മുന്നറിയിപ്പ് നൽകി.
പാകിസ്ഥാനിലെ വെച്ച് അമേരിക്കയും ഇറാനും തമ്മിൽ നടന്ന ഉന്നതതല ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്നാണ് ട്രംപ് ഉപരോധത്തിന് ഉത്തരവിട്ടത്. ഇറാന്റെ ആണവ പദ്ധതികൾ പൂർണ്ണമായും ഉപേക്ഷിക്കണമെന്ന അമേരിക്കയുടെ ആവശ്യം ഇറാൻ നിരസിച്ചതാണ് ചർച്ചകൾ വഴിമുട്ടാൻ കാരണമായത്. ഇതേത്തുടർന്ന്, ഇറാന്റെ തുറമുഖങ്ങളിലേക്കോ അവിടെ നിന്നോ ഉള്ള എല്ലാ കപ്പൽ ഗതാഗതവും തടയാൻ യുഎസ് നേവിക്ക് നിർദ്ദേശം ലഭിച്ചു.
ഇതിനകം തന്നെ ആഗോള വിപണിയിൽ എണ്ണവില വർദ്ധിക്കാൻ ഈ നീക്കം കാരണമായിട്ടുണ്ട്. ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങൾ അമേരിക്കയുടെ ഈ നടപടിയെ കടൽക്കൊള്ള എന്ന് വിശേഷിപ്പിക്കുകയും തങ്ങളുടെ കപ്പലുകൾക്ക് തടസ്സമില്ലാത്ത യാത്ര ഉറപ്പാക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, മേഖലയിലെ മറ്റ് രാജ്യങ്ങളുടെ സുരക്ഷയെ ബാധിക്കാത്ത തരത്തിൽ ഉപരോധം പിൻവലിച്ച് നയതന്ത്ര ചർച്ചകൾ പുനരാരംഭിക്കണമെന്നാണ് സൗദി അറേബ്യയുടെ പ്രധാന ആവശ്യം. മേഖലയിൽ മറ്റൊരു വലിയ യുദ്ധത്തിന് ഈ ഉപരോധം കാരണമാകുമോ എന്ന ഭയത്തിലാണ് ഗൾഫ് രാഷ്ട്രങ്ങൾ.