24/04/2026
[fontresizer_tawhidurrahmandear_widget]

ഒടുവിൽ സമ്മതിച്ച് യുഎസ്; ഇറാൻ ആക്രമണത്തിൽ 2,000 കോടിയുടെ ‘ട്രൈറ്റൻ’ ഡ്രോൺ തകർന്നു

 ഒടുവിൽ സമ്മതിച്ച് യുഎസ്; ഇറാൻ ആക്രമണത്തിൽ 2,000 കോടിയുടെ ‘ട്രൈറ്റൻ’ ഡ്രോൺ തകർന്നു

വാഷിങ്ടണ്‍/തെഹ്റാന്‍: ഇറാനുമായുള്ള സംഘർഷം രൂക്ഷമായി തുടരുന്നതിനിടയിൽ അമേരിക്കയ്ക്ക് വൻ പ്രഹരം. നിരീക്ഷണ പറക്കലിനായി നിയോഗിച്ച അത്യാധുനിക ആളില്ലാ വിമാനമായ എംക്യു-4സി ട്രൈറ്റൺ യുദ്ധത്തിനിടയിൽ തകർന്നതായി സ്ഥിരീകരിച്ച് യുഎസ് സൈന്യം. നോർത്ത്റോപ്പ് ഗ്രമ്മൻ കമ്പനി നിർമ്മിച്ച ഈ ഡ്രോൺ സാങ്കേതിക തകരാർ മൂലമാണ് തകർന്നതെന്നാണ് അമേരിക്കൻ നാവികസേനയുടെ പ്രാഥമിക വിശദീകരണം.

ഇറാന്റെ ആക്രമണത്തിലാണോ അതോ മറ്റ് കാരണങ്ങളാലാണോ അപകടം സംഭവിച്ചതെന്ന കാര്യത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തങ്ങളുടെ ആക്രമണത്തിലാണ് ഡ്രോൺ തകർന്നതെന്ന് ഇറാൻ നേരത്തെ അവകാശപ്പെട്ടിരുന്നു.

അമേരിക്കൻ നാവികസേനയുടെ ഏറ്റവും വലിയ നിരീക്ഷണ ഡ്രോണുകളിൽ ഒന്നാണ് ട്രൈറ്റൺ. സമുദ്രത്തിന് മുകളിലൂടെ 50,000 അടിയിലധികം ഉയരത്തിൽ പറക്കാനും 24 മണിക്കൂറിലധികം തുടർച്ചയായി നിരീക്ഷണം നടത്താനുമുള്ള ശേഷി ഇതിനുണ്ട്. ശത്രുരാജ്യങ്ങളുടെ കപ്പലുകളുടെ ചലനങ്ങളും മിസൈൽ വിന്യാസങ്ങളും കൃത്യമായി കണ്ടെത്താൻ സഹായിക്കുന്ന അത്യാധുനിക റഡാറുകളും ക്യാമറകളുമാണ് ഇതിൽ ഘടിപ്പിച്ചിരിക്കുന്നത്.

ഹോർമുസ് കടലിടുക്കിലെ ഇറാന്റെ നാവിക നീക്കങ്ങൾ നിരീക്ഷിക്കുന്നതിലാണ് ഈ ഡ്രോൺ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ഇതിനകം തന്നെ രണ്ട് പ്രധാന വിമാനവാഹിനിക്കപ്പലുകൾക്കും ഒരു സ്റ്റെൽത്ത് ഡിസ്ട്രോയറിനും തീപിടുത്തം സംഭവിച്ച അമേരിക്കൻ നാവികസേനയ്ക്ക്, ട്രൈറ്റൺ ഡ്രോണിന്റെ നഷ്ടം വലിയൊരു സാമ്പത്തിക-സൈനിക ആഘാതമാണ്. 240 ദശലക്ഷം ഡോളർ(ഏകദേശം 2,000 കോടി രൂപ) വിലമതിക്കുന്ന ഒരു ഡ്രോൺ തകരുന്നത് അമേരിക്കയുടെ പശ്ചിമേഷ്യയിലെ നിരീക്ഷണ പാടവത്തെ താൽക്കാലികമായെങ്കിലും ബാധിച്ചേക്കും.

സമുദ്ര നിരീക്ഷണത്തിനുള്ള അമേരിക്കയുടെ ഏറ്റവും കരുത്തുറ്റ ഡ്രോണാണിത്.
പശ്ചിമേഷ്യൻ യുദ്ധം രണ്ട് മാസം പിന്നിടുമ്പോൾ, ഇറാന്റെ സൈനിക കരുത്തിനെ നേരിടാൻ പുതിയ തന്ത്രങ്ങൾ ആവിഷ്‌കരിക്കുന്ന അമേരിക്കയ്ക്ക് ഇത്തരം യന്ത്രത്തകരാറുകൾ വലിയ വെല്ലുവിളിയായി മാറുകയാണ്. കടലിടുക്കിലെ ഡ്രോൺ വിന്യാസം പുനഃസ്ഥാപിക്കാൻ ഉടൻ നടപടിയെടുക്കുമെന്ന് പെന്റഗൺ അറിയിച്ചിട്ടുണ്ട്.

Also read: