ഇറാനിൽ ഭരണമാറ്റം ലക്ഷ്യമിട്ട അമേരിക്കയ്ക്ക് തിരിച്ചടി; മിതവാദികൾ പോയിപകരം വന്നത് തീവ്രനിലപാടുകാർ
തെഹ്‌റാൻ: മുൻ ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ അടക്കമുള്ള പ്രമുഖ നേതാക്കളെ കൊലപ്പെടുത്തി ഭരണ നേതൃത്വ നിരയിൽ തങ്ങൾ വലിയ മാറ്റങ്ങൾ കൊണ്ടുവന്നുവെന്ന് അവകാശപ്പെടുന്ന അമേരിക്ക ശരിക്കും നേരിട്ടത് വൻ തിരിച്ചടിയാണെന്ന് റിപ്പോർട്ട്. അന്താരാഷ്ട്ര മാധ്യമമായ വാൾ സ്ട്രീറ്റ് ജേണലാണ് ഇക്കാര്യം പുറത്തുവിട്ടത്.
അലി ഖാംനഇ കൊല്ലപ്പെട്ടതിനു ശേഷം അധികാരമേറ്റ പുതിയ നേതൃത്വം മുൻപത്തേക്കാൾ കടുത്ത നിലപാടുകാരാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആണവ ചർച്ചകൾ നടക്കുന്നതിനിടെ യുഎസും ഇസ്രയേലും ഫെബ്രുവരി അവസാനത്തിലാണ് ഏകപക്ഷീയമായി യുദ്ധം ആരംഭിച്ചത്. എന്നാൽ ഭരണമാറ്റത്തിലൂടെ മിതവാദികളായ നേതാക്കളെ പ്രതീക്ഷിച്ച ഇവർക്ക് കടുത്ത തിരിച്ചടിയായിട്ടാണ് മുജ്തബ ഖാംനഇ അടക്കമുള്ള കടുത്ത നിലപാടുകാർ നേതൃ നിരയിലേക്ക് വന്നത്.
ഈ ഭരണമാറ്റം ലോക രാജ്യങ്ങൾ പ്രതീക്ഷിച്ചതിനേക്കാൾ വലിയ ദുരന്തമായിട്ടാണ് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നത്. നയതന്ത്ര ചർച്ചകളിലൂടെ പ്രശ്‌നപരിഹാരത്തിന് ഏകോപിപ്പിക്കുന്ന മിതവാദികളെയാണ് അമേരിക്ക-ഇസ്രയേൽ സംയുക്ത ആക്രമണത്തിലൂടെ കൊലപ്പെടുത്തിയത്. ഇതിനു പിന്നാലെ ഇസ്‌ലാമിക് റെവല്യൂഷനറി ഗാർഡ് കോപ്‌സിനെ പിന്തുണക്കുന്ന കടുത്ത നിലപാടുകാർ അധികാര നേതൃത്വം ഏറ്റെടുത്തു.
രാജ്യത്തെ ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമർത്തുന്നതിലും വിദേശരാജ്യങ്ങൾക്കെതിരെ ശക്തമായ സൈനിക നിലപാടുകൾ സ്വീകരിക്കുന്നതിലും റവല്യൂഷനി ഗാർഡായ (ഐആർജിസി) ബഹുദൂരം മുന്നിലാണെന്നാണ് നിരീക്ഷണം. ടെഹ്‌റാനിലെ ഇൻക്വിലാബ് സ്‌ക്വയറിൽ പ്രത്യക്ഷപ്പെട്ട പുതിയ ബിൽബോർഡുകൾ ഇറാനിലെ തന്ത്രപരമായ നേതൃ നിരകളിലെ സൈനികവത്കരണത്തിന്റെ പരസ്യ വിളംബരമാണെന്നും നിരീക്ഷിക്കുന്നു.
മതപരമായ തീവ്ര പ്രത്യയ ശാസ്ത്രങ്ങളിൽ ഊന്നി ജീവിക്കുന്ന ഇവരുടെ പ്രത്യാക്രമണം ഏത് വിധേനയായിരിക്കും എന്ന ആശങ്കയും ഇതിനോടൊപ്പം ഉയരുന്നുണ്ട്. യുദ്ധം ആരംഭിച്ച് 40തോളം ദിവസത്തിനു ശേഷമാണ് ഇറാൻ ചർച്ചയ്ക്ക് പോലും തയാറായതെന്ന് ശ്രദ്ധിക്കേണ്ടതാണ്. സമാധാന ചർച്ചകളെ പ്രോത്സാഹിപ്പിക്കാതെ എന്തിനും തയാറായി നിൽക്കുന്ന സൈന്യത്തിന്റെ ആശയത്തെ പിന്തുടരുന്നവർ നേതൃനിരയിൽ എത്തിയതിന്റെ പ്രത്യാഘാതങ്ങൾക്കും ലോകം സാക്ഷിയായതാണ്. ചർച്ചകൾക്ക് പകരം ‘കണ്ണിന് കണ്ണ്’ എന്ന തത്വത്തിൽ നിന്ന് ‘കണ്ണിന് തല’ എന്ന രീതിയിലുള്ള കടുത്ത പ്രത്യാക്രമണ നയമാണ് ഇറാൻ ഇപ്പോൾ സ്വീകരിക്കുന്നത്. ചുരുക്കത്തിൽ യുദ്ധം ഇറാനെ കൂടുതൽ അപകടകാരിയും ശക്തനുമായ രൂപത്തിലേക്കാണ് മാറ്റിയിരിക്കുന്നത്.