യുഎസ് വ്യോമ കമാൻഡ് സെന്റർ ഇറാൻ ആക്രമണത്തിൽ തരിപ്പണമായി; ഇറാഖ്-അഫ്ഗാൻ യുദ്ധങ്ങൾ നിയന്ത്രിച്ച മരുഭൂമിയിലെ ‘അമേരിക്കൻ സുരക്ഷാകോട്ട’
ദോഹ: പശ്ചിമേഷ്യയിലെ അമേരിക്കയുടെ ഏറ്റവും വലിയ വ്യോമ കമാൻഡ് ആസ്ഥാനം ഇറാൻ ആക്രമണത്തിൽ തകർന്നതായി റിപ്പോർട്ട്. ഖത്തറിലെ ‘കംബൈൻഡ് എയർ ഓപറേഷൻസ് സെന്റർ'(സിഎഒസി) ആണ് യുദ്ധത്തിന്റെ ആദ്യ ദിവസങ്ങളിൽ തന്നെയുണ്ടായ ശക്തമായ തിരിച്ചടിയിൽ സമ്പൂർണമായും തകർന്നതെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി അഫ്ഗാനിസ്ഥാൻ, ഇറാഖ്, സിറിയ, യമൻ എന്നിവിടങ്ങളിലെ അമേരിക്കയുടെ എല്ലാവിധ വ്യോമാക്രമണങ്ങളെയും നിയന്ത്രിച്ചിരുന്ന അതീവ സുരക്ഷിതമായ കമാൻഡ് കേന്ദ്രത്തിന് നേരെയാണ് ഇറാന്റെ ബാലിസ്റ്റിക് മിസൈലുകൾ നേരിട്ട് പതിച്ചത്. ആക്രമണത്തിൽ കമാൻഡ് സെന്റർ പൂർണമായും പ്രവർത്തനരഹിതമായതായി മുതിർന്ന യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ‘എയർ ആൻഡ് സ്‌പേസ് ഫോഴ്‌സസ്’ മാഗസിൻ റിപ്പോർട്ട് ചെയ്തു.
അൽ ഉദൈദിലെ സംരക്ഷിതകോട്ട തകർന്നു
ഫെബ്രുവരി അവസാനം ആരംഭിച്ച സംയുക്ത യുഎസ്-ഇസ്രയേൽ സഖ്യത്തിന്റെ ‘ഓപറേഷൻ എപിക് ഫ്യൂറി’ സൈനിക നീക്കത്തിന്റെ ആദ്യ ആഴ്ചകളിൽ തന്നെയാണ് അമേരിക്ക തന്ത്രപ്രധാനമായ തിരിച്ചടി നേരിട്ടത്. ഖത്തർ തലസ്ഥാനമായ ദോഹയിൽനിന്ന് 45 മിനിറ്റ് യാത്രാദൂരത്തിലുള്ള, ശതകോടികൾ വിലമതിക്കുന്ന ‘അൽ ഉദൈദ്’ വ്യോമതാവളത്തിന് ഉള്ളിലാണ് ഈ സംയുക്ത വ്യോമ ഓപറേഷൻ കേന്ദ്രം സ്ഥിതി ചെയ്യുന്നത്.
മരുഭൂമിക്ക് നടുവിൽ കമിഴ്ത്തിവെച്ച ബാത്ടബിന്റെ ഘടനയിൽ, കോൺക്രീറ്റും സ്റ്റീലും കൊണ്ട് നിർമിച്ച, ചുറ്റും മുള്ളുകമ്പികളാൽ വേർതിരിച്ച 60 മില്യൺ ഡോളർ വിലമതിക്കുന്ന ഒരു അത്യാധുനിക ബങ്കറായിരുന്നു ഇത്. 67 മൈൽ നീളമുള്ള അതിവേഗ ഫൈബർ ഒപ്റ്റിക് കേബിളുകളാൽ ബന്ധിപ്പിച്ചിരുന്ന ഈ കേന്ദ്രമാണ് ഇറാന്റെ കൃത്യതയാർന്ന മിസൈൽ വർഷത്തിൽ തകർന്നടിഞ്ഞത്.
കൂടാരങ്ങളിൽനിന്നു ശതകോടികളുടെ ബങ്കറിലേക്ക്: സിഎഒസിയുടെ ചരിത്രം
അമേരിക്കൻ വ്യോമസേന തങ്ങളുടെ ഏറ്റവും മാരകമായ പ്രതിരോധ സംവിധാനമായിട്ടാണ് എയർ ഓപറേഷൻസ് സെന്ററുകളെ കണക്കാക്കുന്നത്. ഇതിന് യുഎസ് സൈന്യം നൽകിയിരിക്കുന്ന ഔദ്യോഗിക നാമം ‘ഫാൽക്കനർ’ എന്നാണ്. ഈ ഫാൽക്കനർ സംവിധാനത്തിന്റെ ചരിത്രം പതിറ്റാണ്ടുകൾ പിന്നിലേക്ക് നീളുന്നതാണ്.
1990 ഓഗസ്റ്റിൽ സദ്ദാം ഹുസൈന്റെ ഇറാഖി സൈന്യം കുവൈറ്റ് പിടിച്ചടക്കിയതിനെ തുടർന്ന്, യുഎസും സഖ്യകക്ഷികളും ഒത്തുചേർന്ന് നടത്തിയ ‘ഓപറേഷൻ ഡെസേർട്ട് ഷീൽഡ്’, ‘ഡെസേർട്ട് സ്റ്റോം’ എന്നീ സൈനിക നീക്കങ്ങളുടെ സമയത്താണ് മേഖലയിൽ ഒരു വ്യോമ കമാൻഡ് പോസ്റ്റിന്റെ ആവശ്യം ആദ്യമായി ഉയർന്നുവരുന്നത്. അക്കാലത്ത് സൗദി അറേബ്യയിലെ റിയാദിലുള്ള ഒരു പാർക്കിങ് ലോട്ടിൽ താൽക്കാലികമായി കെട്ടിയുയർത്തിയ ഒരു കൂട്ടം കൂടാരങ്ങളിൽനിന്നായിരുന്നു ഈ സംവിധാനം ആദ്യമായി പ്രവർത്തിച്ചു തുടങ്ങിയത്. പിന്നീട് ഇത് സൗദിയിലെ തന്നെ ‘പ്രിൻസ് സുൽത്താൻ എയർ ബേസി’ലേക്ക് മാറ്റി സ്ഥാപിച്ചു.
2001 സെപ്റ്റംബർ 11-ലെ ഭീകരാക്രമണത്തിന് കൃത്യം ഏതാനും മാസങ്ങൾക്ക് മുൻപാണ് ഒരു പുതിയ അത്യാധുനിക സിഎഒസി കേന്ദ്രം പൂർത്തിയാകുന്നത്. അഫ്ഗാനിസ്ഥാനിലെ വ്യോമയുദ്ധത്തിനും 2003-ലെ ഇറാഖ് അധിനിവേശത്തിനും ഈ കേന്ദ്രം തുടർച്ചയായി പിന്തുണ നൽകി.
എന്നാൽ, 2003-ൽ സദ്ദാം ഹുസൈൻ ഭരണകൂടം തകർന്നതോടെ, സൗദി മണ്ണിലെ അമേരിക്കൻ സൈന്യത്തിന്റെ സാന്നിധ്യം സൗദി ഭരണകൂടത്തിനും ജനങ്ങൾക്കും ഇടയിൽ അസ്വസ്ഥതകൾ സൃഷ്ടിക്കാൻ തുടങ്ങി. ഈ നയതന്ത്ര പ്രതിസന്ധിയെ തുടർന്നാണ് അമേരിക്ക തങ്ങളുടെ ഈ അതിശക്തമായ വ്യോമ കമാൻഡ് കേന്ദ്രം സൗദി അറേബ്യയിൽനിന്ന് ഖത്തറിലെ അൽ ഉദൈദ് വ്യോമതാവളത്തിലേക്ക് മാറ്റാൻ തീരുമാനിക്കുന്നത്.
ചെങ്കടൽ മുതൽ തുർക്കി അതിർത്തി വരെയും, സിറിയ മുതൽ അഫ്ഗാനിസ്ഥാൻ വരെയുമുള്ള അതിവിശാലമായ പശ്ചിമേഷ്യൻ യുദ്ധമേഖലയിലെ മുഴുവൻ വ്യോമ നീക്കങ്ങളും ആസൂത്രണം ചെയ്യുന്നതും നടപ്പിലാക്കുന്നതും അൽ ഉദൈദിലെ ഈ കമാൻസ് സെന്ററിനു കീഴിലായിരുന്നു. അഫ്ഗാനിസ്ഥാനിലെ ‘ഓപറേഷൻ എൻഡ്യൂറിങ് ഫ്രീഡം’, ഇറാറിലെ ‘ഓപറേഷൻ ഇറാഖി ഫ്രീഡം’, ഇറാഖിലും സിറിയയിലും ഇസ്ലാമിക് സ്റ്റേറ്റിനെതിരെയുള്ള ‘ഓപറേഷൻ ഇൻഹറന്റ് റിസോൾവ്’, ഒടുവിൽ യമനിലെ ഹൂത്തികൾക്കെതിരെ നടന്ന വ്യോമാക്രമണങ്ങൾ എന്നിവയെല്ലാം നിയന്ത്രിച്ചത് ഈ കോട്ടയ്ക്കുള്ളിൽ ഇരുന്നായിരുന്നു. എന്നാൽ, അയ്യായിരത്തിലധികം ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളുമുള്ള ഇറാന്റെ വ്യോമശേഷി അമേരിക്കയ്ക്ക് വലിയൊരു വെല്ലുവിളിയായി മാറി.
‘മിഡ്‌നൈറ്റ് ഹാമർ’ ഓപറേഷനും ഇറാന്റെ തിരിച്ചടിയും
ഇറാൻ ഇതിനു മുൻപും അൽ ഉദൈദിന് നേരെ മിസൈലുകൾ അയച്ചിട്ടുണ്ട്. 2025 ജൂണിൽ ഇറാന്റെ മൂന്ന് പ്രധാന ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് അമേരിക്ക നടത്തിയ ‘ഓപറേഷൻ മിഡ്‌നൈറ്റ് ഹാമർ’ സൈനിക നീക്കത്തിന് ഇറാൻ ചെറിയ രീതിയിൽ തിരിച്ചടി നൽകിയിരുന്നു. അമേരിക്കയുടെ ബി2 സ്പിരിറ്റ് സ്റ്റെൽത്ത് ബോംബറുകൾ ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ പതിപ്പിച്ച 14 ‘ജിബിയു57 മാസ്സീവ് ഓർഡിനൻസ് പെനട്രേറ്റർ’ ബങ്കർ ബസ്റ്റർ ബോംബുകൾക്ക് പകരമായി, 14 ബാലിസ്റ്റിക് മിസൈലുകളാണ് ഇറാൻ അന്ന് അൽ ഉദൈദിലേക്ക് വിക്ഷേപിച്ചത്. അന്ന് ഇറാന്റെ ഒരൊറ്റ മിസൈൽ മാത്രമാണ് യുഎസ് പ്രതിരോധം ഭേദിച്ച് താവളത്തിലെ ഒരു റഡാറിന് കേടുപാടുകൾ വരുത്തിയത്.
എന്നാൽ, ഇത്തവണ കാര്യങ്ങൾ മാറിമറിഞ്ഞു. മിസൈൽ യുദ്ധം മുൻകൂട്ടി കണ്ട് അമേരിക്കൻ സൈന്യം തങ്ങളുടെ ഭൂരിഭാഗം ഉദ്യോഗസ്ഥരെയും യുദ്ധവിമാനങ്ങളെയും ഇവിടെ നിന്നും നേരത്തെ തന്നെ മാറ്റിപ്പാർപ്പിച്ചിരുന്നു. ആക്രമണസമയത്ത് ബങ്കർ പൂർണമായി ഉപയോഗത്തിലില്ലാതിരുന്നതിനാലും കടുത്ത മുൻകരുതലുകൾ എടുത്തതിനാലും ഇവിടെ വലിയ തോതിൽ യുഎസ് സൈനികർക്ക് പരിക്കുകളോ ജീവഹാനിയോ സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. എങ്കിലും, കോടിക്കണക്കിന് ഡോളർ ചെലവഴിച്ച് നിർമിച്ച സുരക്ഷിത കെട്ടിടം ഇറാന്റെ മിസൈലുകൾക്ക് മുന്നിൽ തകർന്നത് അമേരിക്കയുടെ പ്രതിരോധ കണക്കുകൂട്ടലുകളെ പൂർണമായി തെറ്റിച്ചു.
യുദ്ധനിയന്ത്രണം അമേരിക്കയിലേക്ക് മാറ്റി പെന്റഗൺ
അൽ ഉദൈദിലെ കമാൻഡ് സെന്റർ ഇറാൻ ലക്ഷ്യം വെക്കുമെന്ന് മുൻകൂട്ടി കണ്ടിരുന്നതായി വിരമിച്ച ലെഫ്റ്റനന്റ് ജനറൽ ഡേവിഡ് എ. ഡെപ്റ്റുള്ള വ്യക്തമാക്കി. ഈ സാഹചര്യത്തിൽ, യുഎസ് സെൻട്രൽ കമാൻഡിന്റെ വ്യോമവിഭാഗമായ എയർഫോഴ്‌സ് സെൻട്രൽ, തങ്ങളുടെ പശ്ചിമേഷ്യൻ യുദ്ധത്തിന്റെ നിയന്ത്രണം പൂർണമായും അമേരിക്കയിലെ സൗത്ത് കരോലിനയിലുള്ള ‘ഷാ എയർഫോഴ്‌സ് ബേസി’ലേക്ക് മാറ്റിയിരുന്നു.
കഴിഞ്ഞ ഏതാനും വർഷങ്ങളായി അൽ ഉദൈദിന് സമാന്തരമായി ഷാ ബേസിലും കമാൻഡ് സംവിധാനങ്ങൾ യുഎസ് ഒരുക്കിയിരുന്നു. 2024 ആയപ്പോഴേക്കും ഇവിടുത്തെ ജീവനക്കാരെ 50-50 അനുപാതത്തിൽ ഇരുരാജ്യങ്ങളിലുമായി വിഭജിച്ചു. ഫെബ്രുവരി 28-ന് ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ കൊല്ലപ്പെട്ടതിന് പിന്നാലെ ഇറാൻ കടുത്ത മിസൈൽ ആക്രമണം ആരംഭിച്ചപ്പോൾ തന്നെ യുഎസ് തങ്ങളുടെ യുദ്ധാസൂത്രണം പൂർണമായും അമേരിക്കൻ മണ്ണിലേക്ക് മാറ്റി. അതുകൊണ്ട് തന്നെ കമാൻഡ് സെന്റർ തകർന്നിട്ടും യുഎസിന്റെ വ്യോമാക്രമണങ്ങളെ അത് ബാധിച്ചില്ലെങ്കിലും, മിഡിലീസ്റ്റിലെ യുഎസ് സൈനിക താവളങ്ങളുടെ സുരക്ഷ വലിയ ചോദ്യചിഹ്നമായി മാറിയിരിക്കുകയാണ്.