വന്ദേഭാരത് മോഡൽ ബിസിനസ് ക്ലാസ് ബസുകളുമായി കെഎസ്ആർടിസി; സർവീസുകൾ അടുത്തയാഴ്ച മുതൽ
തിരുവനന്തപുരം: വന്ദേഭാരതിന് സമാനമായ അത്യാധുനിക സൗകര്യങ്ങളുമായി കെഎസ്ആര്‍ടിസിയുടെ ബിസിനസ് ക്ലാസ് ബസുകള്‍ അടുത്തയാഴ്ച മുതല്‍ നിരത്തിലിറങ്ങുന്നു. ശുചിമുറി, കഫെറ്റീരിയ, പാന്‍ട്രി തുടങ്ങിയ സംവിധാനങ്ങളുള്ള രണ്ട് ആഡംബര ബസുകളാണ് ആദ്യഘട്ടത്തില്‍ സര്‍വീസ് നടത്തുക. ഏകദേശം രണ്ട് കോടി രൂപ വിലമതിക്കുന്ന ഈ ബസുകളില്‍ യാത്രക്കാരെ സഹായിക്കാന്‍ എയര്‍ഹോസ്റ്റസ് മാതൃകയില്‍ ‘ബസ് ഹോസ്റ്റസ്’മാരുടെ സേവനവും ലഭ്യമാകും.
തിരുവനന്തപുരം – എറണാകുളം റൂട്ടിലാണ് പ്രധാനമായും സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. പുലര്‍ച്ചെ 5.15-ന് തിരുവനന്തപുരത്ത് നിന്ന് വന്ദേഭാരത് ട്രെയിന്‍ പുറപ്പെടുന്നതിന് പിന്നാലെ ബസും കൊച്ചിയിലേക്ക് തിരിക്കും. ഇതേ സമയം തന്നെ എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്കും ബിസിനസ് ക്ലാസ് സര്‍വീസുണ്ടാകും. രാവിലെ 10 മണിക്ക് മുൻപായി ലക്ഷ്യസ്ഥാനത്ത് എത്തുന്ന രീതിയിലാണ് സമയക്രമം.
യാത്രക്കാര്‍ക്ക് പാൻട്രിയിൽ നിന്ന് ഭക്ഷണം ലഭ്യമാകുമെങ്കിലും ഇതിനായി പ്രത്യേക തുക നൽകണം. കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളില്‍ മാത്രമാണ് സ്റ്റോപ്പുകള്‍ അനുവദിച്ചിട്ടുള്ളത്. എന്നാല്‍ റിസര്‍വ് ചെയ്ത യാത്രക്കാരെല്ലാം എറണാകുളത്തേക്കാണെങ്കില്‍ ഇടയ്ക്കുള്ള സ്റ്റോപ്പുകള്‍ ഒഴിവാക്കും. മറ്റ് ബസുകളെ അപേക്ഷിച്ച് പ്രത്യേക നിരക്കായിരിക്കും ഇതിന് ഈടാക്കുക. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ കമ്മിഷന്റെ അനുമതി തേടി ഈ മാസം 22-ഓടെ ഔദ്യോഗിക സര്‍വീസ് ആരംഭിക്കാനാണ് കെഎസ്ആര്‍ടിസി ലക്ഷ്യമിടുന്നത്.