എക്സ് അക്കൗണ്ട് വിലക്കിന് പിന്നാലെ സിജെപി സ്ഥാപകൻ അഭിജീത്തിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടും ഹാക്ക് ചെയ്തു
ന്യൂഡൽഹി: കോക്രോച്ച് ജനത പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത്ത് ദിപ്കെയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. പലതവണ ശ്രമിച്ചിട്ടും അക്കൗണ്ട് വീണ്ടെടുക്കാൻ സാധിച്ചില്ലെന്ന് അഭിജീത്ത് വ്യക്തമാക്കി. സുരക്ഷാ കാരണങ്ങളാൽ അക്കൗണ്ട് ലോക്ക് ചെയ്തിരിക്കുകയാണെന്ന സന്ദേശമാണ് ‘റിക്കവർ ഇറ്റ് നൗ’ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുമ്പോൾ ലഭിക്കുന്നത്. അക്കൗണ്ട് തിരികെ ലഭിക്കാൻ ഐഡന്റിറ്റി വെരിഫൈ ചെയ്യണമെന്നും പുതിയ പാസ്വേഡ് നൽകണമെന്നും ഇൻസ്റ്റഗ്രാം ആവശ്യപ്പെടുന്നതായി വ്യക്തമാക്കുന്ന സ്ക്രീൻഷോട്ടുകൾ അദ്ദേഹം എക്സിലൂടെ പങ്കുവെച്ചു.
നേരത്തെ, രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന ഐബി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിജെപിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിന് കേന്ദ്ര വിവരസാങ്കേതിക മന്ത്രാലയം വിലക്കേർപ്പെടുത്തിയിരുന്നു. എന്നാൽ, ‘കോക്രോച്ച് ഈസ് ബാക്ക്’ എന്ന പേരിൽ പുതിയ അക്കൗണ്ടുമായി സംഘം വീണ്ടും രംഗത്തെത്തി.