03/08/2026
[fontresizer_tawhidurrahmandear_widget]

ഇൻഡിക്കേറ്റർ ഇടാതെ വാഹനം തിരിച്ചു; ഓട്ടോ ഡ്രൈവറുടെ കാൽ ബൈക്ക് യാത്രികർ ഹെൽമറ്റ് കൊണ്ട് തല്ലിയൊടിച്ചു 

 ഇൻഡിക്കേറ്റർ ഇടാതെ വാഹനം തിരിച്ചു; ഓട്ടോ ഡ്രൈവറുടെ കാൽ ബൈക്ക് യാത്രികർ ഹെൽമറ്റ് കൊണ്ട് തല്ലിയൊടിച്ചു 

വൈക്കം: വാഹനം തിരിക്കുന്നതിനിടെ ഇൻഡിക്കേറ്റർ ഇട്ടില്ലെന്നാരോപിച്ച് ഓട്ടോറിക്ഷാ ഡ്രൈവർക്ക് നേരെ യുവാക്കളുടെ ക്രൂര മർദനം. ആക്രമണത്തിൽ ഓട്ടോ ഡ്രൈവറായ മറവൻതുരുത്ത് ഇലവുംപറമ്പിൽ ഇ.ആർ അരുണിന്റെ (30) വലതുകാൽ തല്ലിയൊടിച്ചു. സംഭവത്തിൽ സ്കൂട്ടർ യാത്രക്കാരായ ഫിറോസ് (19), ആദിത്യനാഥ് (21) എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു.

ഇന്നലെ രാവിലെ 10 മണിയോടെ മറവൻതുരുത്ത് പഞ്ചായത്ത് ജംക്‌ഷനിലായിരുന്നു സംഭവം. പാലാംകടവിൽ നിന്നു ഓട്ടോ സ്റ്റാൻഡിലേക്ക് തിരിയുകയായിരുന്ന അരുണിന്റെ ഓട്ടോയ്ക്ക് പിന്നാലെ എത്തിയതായിരുന്നു യുവാക്കൾ. ഇൻഡിക്കേറ്റർ ഇടാതെ വാഹനം തിരിച്ചെന്ന് ആരോപിച്ച് സ്കൂട്ടർ തടഞ്ഞുനിർത്തിയ ഇവർ ഹെൽമറ്റ് ഉപയോഗിച്ച് അരുണിനെ ക്രൂരമായി മർദിക്കുകയായിരുന്നു. പരിക്കേറ്റ അരുണിനെ വൈക്കം താലൂക്കാശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

മറ്റൊരു സംഭവത്തിൽ, സൈഡ് കൊടുത്തില്ലെന്നാരോപിച്ച് കെഎസ്ആർടിസി ബസ് ഡ്രൈവർക്ക് നേരെ ടിപ്പർ ലോറി ഡ്രൈവർ ആക്രമണം നടത്തി. വല്ലകം സബ്സ്‌റ്റേഷനു സമീപം ഇന്നലെ രാവിലെയായിരുന്നു സംഭവം. പാലായിൽ നിന്ന് വൈക്കത്തേക്ക് വരികയായിരുന്ന ബസിന്റെ ഡ്രൈവർ ജോർജ് സെബാസ്റ്റ്യനാണ്‌ (51) മർദനമേറ്റത്. ടിപ്പർ ഡ്രൈവർ യാത്രക്കാരെയും അസഭ്യം പറഞ്ഞതായി പരാതിയുണ്ട്. സംഭവത്തെത്തുടർന്ന് വൈക്കം റോഡിൽ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.

Also read: