03/06/2026
[fontresizer_tawhidurrahmandear_widget]

സർക്കാറിന് പാറ്റകളെ ഇത്ര പേടിയാണോ? കോക്രോച്ചിന്റെ വെബ്‌സൈറ്റ് കൂടി നീക്കം ചെയ്തിരിക്കുന്നു: അഭിജിത്ത് ദീപ്‌കെ

 സർക്കാറിന് പാറ്റകളെ ഇത്ര പേടിയാണോ? കോക്രോച്ചിന്റെ വെബ്‌സൈറ്റ് കൂടി നീക്കം ചെയ്തിരിക്കുന്നു: അഭിജിത്ത് ദീപ്‌കെ

ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ വെബ്‌സൈറ്റ് കേന്ദ്ര സർക്കാർ നീക്കം ചെയ്തു. നീറ്റ് ചോദ്യപേപ്പർ ചോർച്ച, തൊഴിലില്ലായ്മ, വിദ്യാഭ്യാസ സമ്പ്രദായത്തിലെ പരാജയങ്ങൾ എന്നിവ ചൂണ്ടിക്കാട്ടി ഓൺലൈൻ പ്രതിഷേധം ശക്തമാക്കിയതിനു പിന്നാലെയാണ് ഈ നടപടി. നേരത്തെ എക്‌സ് പ്ലാറ്റ്‌ഫോമിലെ കോക്രോച്ച് അക്കൗണ്ട് സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി സർക്കാർ നീക്കം ചെയ്തിരുന്നു. സിജെപി പാർട്ടി സ്ഥാപകനായ അഭിജിത്ത് ദീപ്‌കെയാണ് വെബ്‌സൈറ്റ് നീക്കം ചെയ്ത വിവരം അറിയിച്ചത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഏകദേശം 6 ലക്ഷത്തോളം ആളുകളാണ് വെബ്‌സൈറ്റിൽ ഒപ്പുവെച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യുവ ജനങ്ങൾക്കിടയിൽ കോക്രോച്ചിന് ലഭിക്കുന്ന സ്വീകാര്യതയാണ് സർക്കാർ ഈ നടപടികൾ സ്വീകരിക്കാൻ കാരണമെന്നും വിമർശനമുണ്ട്.

2026 മേയ് 15ന് സുപ്രീം കോടതിയിൽ നടന്ന ഒരു കേസിന്റെ വാദത്തിനിടയിലാണ് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് ഭരണസംവിധാനങ്ങളെ വിമർശിക്കുന്ന യുവാക്കളെ പാറ്റകളോട് ഉപമിച്ചത്. ഇതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധ സൂചകമായി ആക്ഷേപഹാസ്യ രൂപേണ ‘കോക്രോച്ച് ജനതാ പാർട്ടി’ എന്ന പേരിൽ ഓൺലൈൻ കൂട്ടായ്മ ആരംഭിച്ചത്. ദിവസങ്ങൾ കൊണ്ട് ലക്ഷക്കണക്കിന് ആളുകളാണ് ഈ കൂട്ടായ്മയ്ക്ക് പിന്തുണയുമായി രംഗത്ത് എത്തിയത്.

വെബ്‌സൈറ്റ് തകർത്ത സർക്കാരിന്റെ നടപടി തികച്ചും സ്വേച്ഛാധിപത്യപരമാണെന്ന് അഭിജിത്ത് ദീപ്‌കെ വിമർശിച്ചു. വിലക്കയറ്റം, തൊഴിലില്ലായ്മ, പരീക്ഷാ ക്രമക്കേടുകൾ തുടങ്ങിയ യഥാർത്ഥ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് പകരം, വിദ്യാർത്ഥികളുടെയും യുവാക്കളുടെയും ശബ്ദത്തെയും അവരുടെ ഹരജികളെയുമാണ് സർക്കാർ ഭയപ്പെടുന്നതെന്ന് അദ്ദേഹം ആരോപിച്ചു. വെബ്‌സൈറ്റ് നഷ്ടപ്പെട്ടെങ്കിലും തങ്ങൾ പുതിയൊരു പ്ലാറ്റ്‌ഫോം നിർമ്മിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞെന്നും, പാറ്റകളെ അത്ര എളുപ്പത്തിൽ ഇല്ലാതാക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ സംഭവത്തോടെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള പ്രതികരണങ്ങളാണ് ഉയരുന്നത്. വിയോജിപ്പുകളെ അടിച്ചമർത്താനുള്ള സർക്കാരിന്റെ ഭയമാണ് ഇതിലൂടെ പുറത്തുവന്നതെന്ന് അനുകൂലിക്കുന്നവർ പറയുമ്പോൾ, ഇത് ഡാറ്റാ ശേഖരണത്തിനായുള്ള മുൻകൂട്ടി ആസൂത്രണം ചെയ്ത നീക്കമാണെന്നും അനാവശ്യ പ്രകോപനങ്ങൾ ഉണ്ടാക്കുകയാണെന്നും വിമർശകർ ആരോപിക്കുന്നു. എക്‌സ് പോലുള്ള മറ്റ് സോഷ്യൽ മീഡിയ മാധ്യമങ്ങളിലൂടെ തങ്ങളുടെ പോരാട്ടം ശക്തമായി തുടരുമെന്നാണ് കോക്രോച്ച് ജനതാ പാർട്ടി വ്യക്തമാക്കുന്നത്.

Also read: