കോക്രോച്ചുകൾ പണി തുടങ്ങി; യമുനാ നദിയിലെ മലിനീകരണം: നഗരസഭാ ഓഫീസിന് മുമ്പിൽ പാറ്റയുടെ വേഷത്തിൽ പ്രതിഷേധം
ലക്‌നൗ: യമുനാ നദിയിലെ മലിനീകരണ പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പാറ്റയുടെ വേഷത്തിൽ ഉത്തർപ്രദേശിലെ മഥുര നഗരസഭാ ഓഫീസിന് മുമ്പിൽ പ്രതിഷേധിച്ച് യുവാവ്. കറുത്ത വസ്ത്രവും ചുവപ്പ് കലർന്ന തവിട്ടുനിറത്തിലുള്ള വലിയ ചിറകുകളും തലയിൽ കൊമ്പുകളും വെച്ച്, മുഖത്ത് കറുത്ത പെയിന്റുമടിച്ചാണ് ഓഫീസിന് മുന്നിൽ പ്രതിഷേധിക്കാനെത്തിയത്. നഗരസഭാ ഓഫീസിന്റെ പടികളിൽ വീണുകിടന്നും കൈകൾ വായുവിലുയർത്തി ആംഗ്യങ്ങൾ കാണിച്ചും നാടകീയമായ രീതിയിലാണ് ഇയാൾ പ്രതിഷേധം രേഖപ്പെടുത്തിയത്. നഗരത്തിലെ ഓടകളിൽ നിന്നുള്ള മലിനജലവും അഴുക്കും നേരിട്ട് യമുനാ നദിയിലേക്ക് ഒഴുകിയെത്തുന്നതിനെതിരെയായിരുന്നു ഇയാളുടെ വേറിട്ട പ്രതികരണം.
ശുദ്ധീകരിക്കാത്ത മലിനജലവും വ്യവസായശാലകളിൽ നിന്നുള്ള അവശിഷ്ടങ്ങളും ഒഴിക്കുവിടുന്നത് കാരണം യമുനാ നദി വർഷങ്ങളായി കടുത്ത മലിനീകരണ ഭീഷണി നേരിടുകയാണ്. പ്രത്യേകിച്ച് മഥുര, വൃന്ദാവൻ തുടങ്ങിയ മേഖലകളിൽ നദിയിലെ ജലത്തിന്റെ ഗുണനിലവാരം വൻതോതിൽ ഇടിഞ്ഞതായും ഇത് ജലജീവികളുടെ നിലനിൽപ്പിന് ഭീഷണിയായതായും പരിസ്ഥിതി പ്രവർത്തകർ നിരന്തരം ചൂണ്ടിക്കാണിക്കുന്നുണ്ട്. നദി സംരക്ഷിക്കുന്നതിനായി മുൻപ് പല പദ്ധതികളും കോടതി നിർദ്ദേശങ്ങളും വന്നിട്ടുണ്ടെങ്കിലും, മലിനീകരണത്തിന് ശാശ്വതമായ പരിഹാരം കാണാൻ അധികൃതർക്ക് സാധിക്കാത്തതിലുള്ള പൊതുജനങ്ങളുടെ നിരാശയും അമർഷവുമാണ് ശക്തമാണ്.
ഇതിനു പുറമെ കഴിഞ്ഞ ദിവസം ഉയർന്നുവന്ന സിജെപി(കോക്രോച്ച് ജനതാ പാർട്ടി)യുടെ പ്രതിനിധി എന്ന രൂപത്തിലാവണം യുവാവ് ഈ രൂപത്തിൽ പ്രതിഷേധിച്ചതെന്നും നിരീക്ഷകർ അഭിപ്രായപ്പെട്ടു
ആയിരക്കണക്കിന് ആളുകളാണ് ഇതിനോടകം ഈ വീഡിയോ സോഷ്യൽ മീഡിയയിൽ കണ്ടത്. നഗരസഭയുടെയും ഭരണകൂടത്തിന്റെയും പരാജയങ്ങളെ പരിഹസിച്ചും, നദി മലിനീകരണത്തിന്റെ ഗൗരവം വ്യക്തമാക്കിയും വളരെ വ്യത്യസ്തമായ രീതിയിൽ നടത്തിയ ഈ പ്രതിഷേധത്തെ നിരവധിപ്പേർ അനുകൂലിക്കുന്നുണ്ട്. മുൻപും പല നഗരങ്ങളിലും സമാനമായ രീതിയിൽ വേഷം കെട്ടിയും തെരുവ് നാടകങ്ങൾ വഴിയും ജനങ്ങൾ നഗരസഭാ അധികൃതർക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. ഈ സംഭവത്തിൽ മഥുര നഗരസഭയുടെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രതികരണമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.