03/06/2026
[fontresizer_tawhidurrahmandear_widget]

റഷ്യൻ-ഇറാനിയൻ ഡ്രോണുകളുമായി ക്യൂബ; തങ്ങളെ തൊട്ടാൽ ചോരപ്പുഴയൊഴുകുമെന്ന് അമേരിക്കയ്ക്ക് പ്രസിഡന്റിന്റെ മുന്നറിയിപ്പ്

 റഷ്യൻ-ഇറാനിയൻ ഡ്രോണുകളുമായി ക്യൂബ; തങ്ങളെ തൊട്ടാൽ ചോരപ്പുഴയൊഴുകുമെന്ന് അമേരിക്കയ്ക്ക് പ്രസിഡന്റിന്റെ മുന്നറിയിപ്പ്

ഹവാന: ക്യൂബയ്ക്ക് മേൽ അമേരിക്ക ഏതെങ്കിലും തരത്തിലുള്ള സൈനിക അധിനിവേശത്തിന് മുതിർന്നാൽ അത് കണക്കുകൂട്ടലുകൾക്ക് അപ്പുറത്തുള്ള വൻ രക്തച്ചൊരിച്ചിലിന് കാരണമാകുമെന്ന് ക്യൂബൻ പ്രസിഡൻ്റ് മിഗേൽ ഡിയാസ് കാനൽ മുന്നറിയിപ്പ് നൽകി. ഇറാനും റഷ്യയും നൽകിയ അത്യാധുനിക അറ്റാക്ക് ഡ്രോണുകളുടെ വലിയൊരു ശേഖരം ക്യൂബയുടെ പക്കലുണ്ടെന്ന യുഎസ് രഹസ്യാന്വേഷണ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം യുദ്ധത്തിൻ്റെ അരികിലെത്തിനിൽക്കുകയാണ്.

റഷ്യയിൽ നിന്നും ഇറാനിൽ നിന്നുമായി ഏകദേശം 300-ലധികം ഡ്രോണുകൾ ക്യൂബ ഇതിനകം സ്വന്തമാക്കിയെന്നാണ് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അമേരിക്കൻ തീരത്ത് നിന്നും വെറും 90 മൈൽ മാത്രം അകലെയുള്ള ക്യൂബയിലേക്ക് ഇത്തരത്തിൽ മാരകായുധങ്ങൾ എത്തിയത് യുഎസിനെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ക്യൂബയിലുള്ള അമേരിക്കൻ നാവിക താവളമായ ഗ്വാണ്ടനാമോ ബേ, അമേരിക്കൻ സൈനിക കപ്പലുകൾ, ഫ്ലോറിഡയിലെ കീ വെസ്റ്റ് വരെയുള്ള പ്രദേശങ്ങൾ എന്നിവ ആക്രമിക്കാൻ ക്യൂബ പദ്ധതിയിടുന്നതായും ഇറാനിയൻ സൈനിക ഉപദേശകർ ക്യൂബൻ ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകിയതായും യുഎസ് ആരോപിക്കുന്നു.

എന്നാൽ, ക്യൂബ ആർക്കും ഭീഷണിയല്ലെന്നും മറ്റൊരു രാജ്യത്തെയും ആക്രമിക്കാൻ ഉദ്ദേശ്യമില്ലെന്നും വ്യക്തമാക്കിയ പ്രസിഡൻ്റ് മിഗേൽ ഡിയാസ് കാനൽ, ഡ്രോൺ ശേഖരത്തെക്കുറിച്ചുള്ള വാർത്തകൾ പൂർണമായി തള്ളിക്കളയാൻ തയ്യാറായില്ല. ഭീഷണികളെ നേരിടാനും മാതൃരാജ്യത്തെ സംരക്ഷിക്കാനും ക്യൂബയ്ക്ക് പരമാധികാരമുണ്ടെന്ന് അദ്ദേഹം ഓർമിപ്പിച്ചു. അമേരിക്കൻ ആക്രമണമുണ്ടായാൽ ജനങ്ങൾ ഒന്നിച്ച് പോരാടുമെന്ന് ക്യൂബൻ യുഎൻ അംബാസഡർ ഏണസ്റ്റോ സോബെറോൺ ഗുസ്മാനും വ്യക്തമാക്കി. അടിയന്തര സാഹചര്യങ്ങളെ നേരിടാനും വ്യോമാക്രമണങ്ങളിൽ നിന്ന് സ്വയം രക്ഷ നേടാനും ക്യൂബൻ സർക്കാർ ജനങ്ങൾക്ക് മാർഗനിർദേശങ്ങൾ നൽകിത്തുടങ്ങിയിട്ടുണ്ട്.

ഡ്രോൺ വിവാദത്തെത്തുടർന്ന് ക്യൂബയുടെ പ്രധാന രഹസ്യാന്വേഷണ ഏജൻസിക്കും വാർത്താവിനിമയം, ഊർജം, നിയമം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രിമാർ ഉൾപ്പെടെ ഒൻപത് ഉന്നത ഉദ്യോഗസ്ഥർക്കും സൈനിക ജനറൽമാർക്കും എതിരെ അമേരിക്ക പുതിയ സാമ്പത്തിക ഉപരോധങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനുപുറമെ, 1996ൽ വിമാനങ്ങൾ വെടിവച്ചിട്ടതുമായി ബന്ധപ്പെട്ട് ക്യൂബയുടെ 94-കാരനായ മുൻ പ്രസിഡന്റ് റൗൾ കാസ്ട്രോയ്‌ക്കെതിരെ ക്രിമിനൽ കുറ്റം ചുമത്താനും ട്രംപ് ഭരണകൂടം നീക്കങ്ങൾ നടത്തുന്നുണ്ട്.

വെനസ്വേലയ്ക്കും ഇറാനും പിന്നാലെ അടുത്ത ലക്ഷ്യം ക്യൂബയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതോടെയാണ് മേഖലയിൽ യുദ്ധഭീതി ശക്തമായത്. ഈ വർഷം ജനുവരി മുതൽ അമേരിക്ക ഏർപ്പെടുത്തിയ കടുത്ത എണ്ണ ഉപരോധം കാരണം ക്യൂബ ഇപ്പോൾ വലിയ സാമ്പത്തിക-ഊർജ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. രാജ്യം മുഴുവൻ മണിക്കൂറുകളോളം ഇരുട്ടിലാകുന്ന സാഹചര്യത്തിൽ, അമേരിക്കൻ സമ്മർദം ക്യൂബയെ കൂടുതൽ അപകടകരമായ നിലപാടുകളിലേക്ക് നയിക്കുമെന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നത്.

Also read: