11/05/2026
[fontresizer_tawhidurrahmandear_widget]

അണ്ണനൊന്നും കാണാതെ പറയില്ല! ‘TN 07 CM 2026’; ‘ഗോട്ടി’ലെ ആ കാർ നമ്പർ സത്യമാകുന്നു; തമിഴകത്ത് വിജയ് തരംഗം

 അണ്ണനൊന്നും കാണാതെ പറയില്ല! ‘TN 07 CM 2026’; ‘ഗോട്ടി’ലെ ആ കാർ നമ്പർ സത്യമാകുന്നു; തമിഴകത്ത് വിജയ് തരംഗം

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെയെയും എഐഎഡിഎംകെയെയും അമ്പരപ്പിച്ചുകൊണ്ട് വിജയ്‌യുടെ തമിഴക വെട്രി കഴകം (ടിവികെ) മുന്നേറ്റം തുടരുമ്പോൾ, സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് താരത്തിന്റെ സിനിമകളിലെ പ്രവചനങ്ങൾ. വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത ‘ദി ഗോട്ട്’ എന്ന ചിത്രത്തിലെ കാർ നമ്പർ പ്ലേറ്റാണ് ഇപ്പോൾ ആരാധകർ ആഘോഷമാക്കുന്നത്.

ചിത്രത്തിലെ ഒരു രംഗത്തിൽ വിജയ് സഞ്ചരിക്കുന്ന കാറിന്റെ നമ്പർ ‘TN 07 CM 2026’ എന്നാണ്. ഇതിലെ ‘CM 2026’ എന്നത് താരം നേരത്തെ തന്നെ പ്ലാൻ ചെയ്ത രാഷ്ട്രീയ നീക്കത്തിന്റെ സൂചനയായിരുന്നു എന്നാണ് ആരാധകരുടെ പക്ഷം. “അണ്ണനൊന്നും കാണാതെ പറയില്ല” എന്ന വാചകത്തോടെ ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമാവുകയാണ്.

സിനിമകളിൽ രാഷ്ട്രീയ സൂചനകൾ നൽകുന്ന പതിവ് വിജയ് പണ്ടേ തുടങ്ങിയിരുന്നു. ‘തലൈവ’യിലെ ‘Time to Lead’ എന്ന ടാഗ്‌ലൈൻ മുതൽ കത്തി, മെർസൽ, സർക്കാർ, ബിഗിൽ തുടങ്ങിയ സിനിമകളിലെ ഡയലോഗുകൾ വരെ ഇതിന് ഉദാഹരണമായി ആരാധകർ ചൂണ്ടിക്കാട്ടുന്നു.

നിലവിലെ സൂചനകൾ പ്രകാരം 80-ലേറെ സീറ്റുകളിൽ ലീഡ് ചെയ്തുകൊണ്ട് ടിവികെ കരുത്തുറ്റ സാന്നിധ്യമായി മാറിയിരിക്കുകയാണ്. പെരമ്പൂർ, തിരുച്ചിറപ്പള്ളി ഈസ്റ്റ് തുടങ്ങിയ നിർണായക മണ്ഡലങ്ങളിൽ വലിയ മുന്നേറ്റമാണ് പാർട്ടി കാഴ്ചവെക്കുന്നത്. എംജിആറിനും ജയലളിതയ്ക്കും ശേഷം സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലെത്തി തമിഴ് മണ്ണ് ഭരിക്കാനൊരുങ്ങുന്ന വിജയ്‍യെ വലിയ ആവേശത്തോടെയാണ് തമിഴ് ജനത വരവേൽക്കുന്നത്. സിനിമ പൂർണമായും ഉപേക്ഷിച്ച് ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിയ വിജയ്‌യുടെ പ്ലാനിങ് പാളിയില്ലെന്നാണ് തെരഞ്ഞെടുപ്പ് ഫലങ്ങൾ വ്യക്തമാക്കുന്നത്.

Also read: