11/05/2026
[fontresizer_tawhidurrahmandear_widget]

വിജയ്‌യെ വിളിച്ച് രാഹുൽ; സർക്കാർ രൂപീകരിക്കാൻ കൈ കൊടുക്കുമോ കോൺഗ്രസ്?

 വിജയ്‌യെ വിളിച്ച് രാഹുൽ; സർക്കാർ രൂപീകരിക്കാൻ കൈ കൊടുക്കുമോ കോൺഗ്രസ്?

ന്യൂഡൽഹി/ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ തമിഴക വെട്രി കഴകത്തിലൂടെ(ടിവികെ) തകർപ്പൻ അരങ്ങേറ്റം കുറിച്ച നടൻ വിജയ്യെ അഭിനന്ദിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ വിജയ്യെ ഫോണിൽ വിളിച്ചാണ് രാഹുൽ ഗാന്ധി തന്റെ ആശംസകൾ അറിയിച്ചത്. തമിഴ്‌നാട്ടിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ നിർണായകമായ മാറ്റങ്ങൾക്ക് ഈ വിജയം കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ വിജയ്യെ കൂടാതെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, മമത ബാനർജി എന്നിവരുമായും രാഹുൽ ഗാന്ധി സംസാരിച്ചു. തമിഴ്‌നാട്ടിൽ ഡിഎംകെ-കോൺഗ്രസ് സഖ്യം കരുത്തുറ്റ പ്രകടനം കാഴ്ചവെച്ചപ്പോഴും, കന്നിപ്പോരാട്ടത്തിൽ തന്നെ ഗണ്യമായ വോട്ടുകൾ നേടിയ വിജയ്യുടെ പാർട്ടിയുടെ പ്രകടനം ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.

അതേസമയം, തമിഴ്‌നാട്ടിൽ കോൺഗ്രസും വിജയ്യുടെ ടിവികെയും തമ്മിൽ പുതിയൊരു രാഷ്ട്രീയ സഖ്യത്തിനുള്ള സാധ്യതകളും തെളിയുന്നുണ്ട്. വിജയ്യുടെ പിതാവ് എസ്.എ ചന്ദ്രശേഖർ കോൺഗ്രസിനെ സഖ്യത്തിനായി ക്ഷണിച്ചതായുള്ള റിപ്പോർട്ടുകൾ ഈ അഭ്യൂഹങ്ങൾക്ക് ബലം നൽകുന്നു. ബിജെപി വിരുദ്ധ നിലപാടും മതേതര പ്രത്യയശാസ്ത്രവും പിന്തുടരുന്ന വിജയ്യുമായി ചേർന്ന് പ്രവർത്തിക്കാൻ കോൺഗ്രസിന് താൽപ്പര്യമുണ്ടെന്നാണ് സൂചനകൾ.

ഡിഎംകെ സഖ്യത്തിൽ തുടരുന്നതിനൊപ്പം തന്നെ, ഭാവിയിൽ വിജയ്യുടെ പാർട്ടിയെ കൂടി ഉൾപ്പെടുത്തി ഒരു വിശാല സഖ്യം രൂപീകരിക്കാനുള്ള ചർച്ചകൾക്കും ഈ ഫോൺ വിളി തുടക്കമിട്ടേക്കാം. തമിഴ് രാഷ്ട്രീയത്തിൽ ഡിഎംകെക്കും എഐഎഡിഎംകെക്കും അപ്പുറം ഒരു മൂന്നാം ശക്തിയായി വിജയ് ഉയർന്നുവരുന്നത് കോൺഗ്രസ് ഗൗരവത്തോടെയാണ് കാണുന്നത്. വരും ദിവസങ്ങളിൽ തമിഴ്‌നാട് രാഷ്ട്രീയത്തിൽ നിർണായകമായ പല നീക്കങ്ങളും പ്രതീക്ഷിക്കാം.

Also read: