03/06/2026
[fontresizer_tawhidurrahmandear_widget]

‘ഡാർലിങ്, നിനക്ക് വേണ്ടി ചോദ്യപേപ്പർ ചോർത്തിയിട്ടുണ്ട്, നീ എപ്പോഴാണ് കാണാന്‍ വരുന്നത്? ചോദ്യപേപ്പർ ചോർത്തി നൽകാമെന്ന് പറഞ്ഞ് വിദ്യാർഥിനിയോട് മോശം പെരുമാറ്റം, അധ്യാപകൻ പിടിയിൽ

 ‘ഡാർലിങ്, നിനക്ക് വേണ്ടി ചോദ്യപേപ്പർ ചോർത്തിയിട്ടുണ്ട്, നീ എപ്പോഴാണ് കാണാന്‍ വരുന്നത്? ചോദ്യപേപ്പർ ചോർത്തി നൽകാമെന്ന് പറഞ്ഞ് വിദ്യാർഥിനിയോട് മോശം പെരുമാറ്റം, അധ്യാപകൻ പിടിയിൽ

ലഖ്നൗ: പരീക്ഷാ ചോദ്യപേപ്പർ ചോർത്തി നൽകാമെന്ന് വാഗ്ദാനം നൽകി വിദ്യാർഥിനിയോട് ഫോണിലൂടെ മോശമായി സംസാരിച്ച സംഭവത്തിൽ ലഖ്‌നൗ സർവകലാശാലയിലെ അസിസ്റ്റന്റ്റ് പ്രൊഫസർ അറസ്റ്റിൽ. സർവകലാശാലയിലെ സുവോളജി (ജന്തുശാസ്ത്ര) വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസറായ പരംജിതാണ് ഹസൻഗഞ്ച് പൊലീസിന്റെ പിടിയിലായത്.

ഇയാൾ വിദ്യാർഥിനിയോട് തികച്ചും അപമര്യാദയായി പെരുമാറുന്ന ഫോൺ സംഭാഷണം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. നിനക്കായി രണ്ട് പേപ്പറുകൾ കൊണ്ടുവന്നിട്ടുണ്ടെന്നും നീ എപ്പോഴാണ് തന്നെ കാണാൻ വരികയെന്നും അധ്യാപകൻ ചോദിക്കുന്നത് ഫോൺ സംഭാഷണത്തിൽ വ്യക്തമായി കേൾക്കാം. പരീക്ഷയ്ക്ക് മുൻപായി തന്നെ വന്ന് കാണാൻ ഇയാൾ പെൺകുട്ടിയെ നിർബന്ധിക്കുന്നതും, എന്നാൽ ചോർത്തിയ ചോദ്യപേപ്പറുകൾ തനിക്ക് ആവശ്യമില്ലെന്ന് വിദ്യാർഥിനി ശക്തമായി നിഷേധിക്കുന്നതും ഓഡിയോയിലുണ്ട്.

ഫോൺ സംഭാഷണം ഇങ്ങനെ:

‘പ്രിയപ്പെട്ടവളേ, ഞാൻ നിനക്കായി രണ്ട് ചോദ്യപേപ്പറുകൾ സംഘടിപ്പിച്ചിട്ടുണ്ട്. നീ എന്നെ കാണാൻ എപ്പോഴാണ് വരുന്നത്?’
‘സാർ, ഞാൻ സിലബസ് മുഴുവൻ പഠിച്ചു കഴിഞ്ഞു.’
‘അപ്പോൾ നീ എന്നെ ഒരു തവണ പോലും വന്ന് കാണില്ലേ?’
‘എനിക്ക് വീട്ടിലെ കാര്യങ്ങൾ നോക്കേണ്ടതുണ്ട്. ഞാൻ വരാൻ ശ്രമിക്കാം.’
‘ശ്രമിക്കുകയല്ല വേണ്ടത്, പരീക്ഷയ്ക്ക് മുൻപ്, ഏഴ് ദിവസത്തിനകം വരണം……’

ഇങ്ങനെ പോകുന്ന ഫോൺ സംഭാഷണത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ ഇന്റർനെറ്റിൽ വളരെപെട്ടന്ന് പ്രചരിക്കുന്നത്.

യൂണിവേഴ്‌സിറ്റി പരീക്ഷാ ചോദ്യപേപ്പറുകൾ ചോർത്തുന്നതിനെക്കുറിച്ച് പ്രൊഫസർ സംസാരിക്കുന്ന ഈ ഓഡിയോ ക്ലിപ്പ് വിദ്യാർഥിനി തന്നെയാണ് സർവകലാശാല അധികൃതർക്ക് നേരിട്ട് കൈമാറിയത്. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാൻ സർവകലാശാല പ്രത്യേക കമ്മിറ്റിയെയും നിയോഗിച്ചിട്ടുണ്ട്. പരീക്ഷാ കൺട്രോളർ നൽകിയ രേഖാമൂലമുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് ഹസൻഗഞ്ച് പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തത്‌. പ്രൊഫസർ വിദ്യാർഥിനിയോട് തികച്ചും അശ്ലീലവും അനുചിതവുമായ രീതിയിൽ സംസാരിച്ചതായും, അക്കാദമിക് ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്ത് പെൺകുട്ടിയെ പ്രലോഭിപ്പിക്കാൻ ശ്രമിച്ചതായും പരാതിയിൽ വ്യക്തമാക്കുന്നു.

ഈ ഓഡിയോ ക്ലിപ്പുകളുടെ വിശ്വാസ്യത അന്വേഷണ ഉദ്യോഗസ്ഥർ ആഴത്തിൽ പരിശോധിച്ച് വരികയാണ്. അവസാന വർഷ സുവോളജി പരീക്ഷയുടെ ചോദ്യപേപ്പറുകൾ യഥാർത്ഥത്തിൽ ചോർന്നിട്ടുണ്ടോ അതോ പരീക്ഷാ നടപടികളിൽ ഏതെങ്കിലും തരത്തിലുള്ള തിരിമറി നടത്താൻ ശ്രമം നടന്നിട്ടുണ്ടോ എന്ന് കണ്ടെത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. അതേസമയം, അധ്യാപകനെ ജോലിയിൽ നിന്ന് അടിയന്തരമായി പിരിച്ചുവിടണമെന്നും കർശനമായി അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് വിവിധ വിദ്യാർഥി സംഘടനകൾ സർവകലാശാല ഓഫീസ് ഉപരോധിച്ചു.

Also read: