യോഗ്യത നോക്കിയല്ല, ആർഎസ്എസ് ബന്ധം നോക്കിയാണ് വൈസ് ചാൻസലറെയും പ്രൊഫസർമാരെയും നിയമിക്കുന്നത്;നീറ്റ് വിവാദത്തിലെ ബിജെപി ബന്ധത്തെ വിമർശിച്ച് രാഹുൽ ഗാന്ധി
ന്യൂഡൽഹി: നീറ്റ് പരീക്ഷ പേപ്പർ ചോർച്ചയിലെ ബിജെപി നേതാക്കളുടെ ബന്ധത്തെ രൂക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധി. പരീക്ഷയ്ക്ക് രണ്ട് ദിവസം മുമ്പ് ചോദ്യപേപ്പർ വാട്‌സ്ആപ്പിലൂടെ പ്രചരിച്ചുവെന്ന കാര്യം രാജ്യത്തിന് മുഴുവൻ അറിയാമെന്നും ഇത് നിലവിലെ ഭരണകൂടത്തിന് കീഴിലുള്ള വിദ്യാഭ്യാസ വ്യവസ്ഥയുടെ വലിയ പരാജയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആർ.എസ്.എസ്, ബി.ജെ.പി ബന്ധമുള്ള വൈസ് ചാൻസലർമാരും പ്രൊഫസർമാരും അടങ്ങുന്ന ഒരു വലിയ സംഘം ഇതിനു പിന്നിലുണ്ടെന്ന് അദ്ദഹം ആരോപിച്ചു.
യോഗ്യതയോ പ്രാവീണ്യമോ നോക്കാതെ ആർ.എസ്.എസ് പ്രത്യയശാസ്ത്രത്തോട് ആഭിമുഖ്യമുള്ളവരെയാണ് വൈസ് ചാൻസലർമാരായി നിയമിക്കുന്നത്. ഇത്തരം തെറ്റായ നടപടികൾ കാരണമാണ് രാജ്യത്ത് എൺപതോളം തവണ വിവിധ മത്സരപരീക്ഷകളുടെ പേപ്പർ ചോർച്ചകൾ ഉണ്ടായതും രണ്ട് കോടിയോളം യുവാക്കളുടെ ഭാവി തകർന്നതെന്നും തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പുറത്തുവിട്ട വീഡിയോയിൽ ഗാന്ധി കുറ്റപ്പെടുത്തി
ഇത്രയും വലിയൊരു വീഴ്ച നടന്നിട്ടും വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ അതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടുകയാണ്. ഭാവിയിൽ ഇത്തരം പേപ്പർ ചോർച്ചകൾ തടയുന്നതിനായി ഒരു കമ്മിറ്റി സമർപ്പിച്ച നിർദ്ദേശങ്ങൾ പ്രതിപക്ഷാംഗങ്ങളുടെ സ്വാധീനമുണ്ടെന്ന് ആരോപിച്ച് അധികൃതർ ചവറ്റുകുട്ടയിലെറിയുകയാണ് ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രണ്ട് വർഷത്തോളം രാപ്പകലില്ലാതെ കഷ്ടപ്പെട്ട് പഠിച്ച 22 ലക്ഷത്തിലധികം വിദ്യാർത്ഥികളുടെ ത്യാഗവും സ്വപ്നങ്ങളുമാണ് നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയിലൂടെ തകർക്കപ്പെട്ടതെന്നും ഇത് വിദ്യാർത്ഥികളോട് കാണിച്ച വലിയ അനീതിയാണെന്നും രാഹുൽ ഗാന്ധി വിമർശിച്ചു.
മക്കളുടെ നല്ല ഭാവിക്കായി അച്ഛന്മാർ വായ്പയെടുത്തും അമ്മമാർ സ്വർണം വിറ്റും പണം കണ്ടെത്തിയപ്പോൾ, ലക്ഷക്കണക്കിന് വിദ്യാർത്ഥികളാണ് ഉറക്കവും സമാധാനവും കളഞ്ഞ് ഇതിനായി തയ്യാറെടുത്തത്. എന്നാൽ അവർക്ക് പകരമായി ലഭിച്ചത് സംഘടിതമായ അഴിമതിയും സർക്കാരിന്റെ നിസ്സംഗതയുമാണ്. രാജ്യത്തെ വിദ്യാർത്ഥികളെ ഇത്രയധികം ബാധിച്ച ഈ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പൂർണ്ണ മൗനം പാലിക്കുകയാണെന്ന് രാഹുൽ ഗാന്ധി വിമർശിച്ചു. വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെ ഉടനടി പുറത്താക്കാൻ പ്രധാനമന്ത്രി തയ്യാറാകണമെന്നും അല്ലെങ്കിൽ ഇതിന്റെ വ്യക്തിപരമായ ഉത്തരവാദിത്തം അദ്ദേഹം ഏറ്റെടുക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.