‘എപ്പോൾ പരീക്ഷ നടത്തിയാലും ചോദ്യപ്പേപ്പർ ചോരുന്നു ബിജെപി സർക്കാർ 22 ലക്ഷം വിദ്യാർത്ഥികളുടെ സ്വപ്‌നങ്ങളെ വഞ്ചിച്ചു’; രൂക്ഷ വിമർശനവുമായി സുപ്രിയ ശ്രീനേത്
ന്യൂഡൽഹി: നീറ്റ് പരീക്ഷാ വിവാദത്തിൽ കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ചുകൊണ്ട് കോൺഗ്രസ് നേതാവ് സുപ്രിയ ശ്രീനേത്. പേപ്പർ ചോർച്ചയെത്തുടർന്ന് പരീക്ഷ റദ്ദാക്കിയ നടപടി വെറുമൊരു ഭരണപരമായ പരാജയമല്ലെന്നും, മറിച്ച് 22 ലക്ഷത്തോളം വരുന്ന ഇന്ത്യൻ യുവാക്കളുടെ സ്വപ്നങ്ങളെ വഞ്ചിക്കലാണെന്നും അവർ പറഞ്ഞു. ‘ഇന്ന് നമ്മുടെ വിദ്യാർത്ഥികളുടെ സ്വപ്നങ്ങൾ ലേലം വിളിക്കപ്പെട്ടിരിക്കുകയാണ്. ഈ കുട്ടികളും അവരുടെ കുടുംബങ്ങളും വർഷങ്ങളോളം ചോരയും നീരുമൊഴുക്കി കഷ്ടപ്പെട്ട് സമ്പാദിച്ച പണവും സമയവും ചിലവഴിച്ചാണ് ഇത്തരമൊരു പരീക്ഷയ്ക്കായി തയ്യാറെടുക്കുന്നത്. എന്നാൽ പകരം ഈ സർക്കാർ അവർക്ക് നൽകിയത് ചോർന്ന ചോദ്യപ്പേപ്പറും തകർന്ന ഭാവിയുമാണ്,’ സുപ്രിയ കൂട്ടിച്ചേർത്തു.
രാജസ്ഥാനിലെ സിക്കാർ, ജയ്പൂർ ശൃംഖലകളിൽ നിന്ന് പുറത്തുവരുന്ന വാർത്തകൾ ഞെട്ടിക്കുന്നതാണെന്നും പരീക്ഷയ്ക്ക് മുൻപേ തന്നെ പ്രചരിച്ച ‘ഗസ് പേപ്പറിൽ’ യഥാർത്ഥ പരീക്ഷയിലെ 100 മുതൽ 150 വരെ ചോദ്യങ്ങൾ അതേപടി ഉണ്ടായിരുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി. കെമിസ്ട്രി വിഭാഗത്തിലെ ചോദ്യങ്ങൾ പൂർണ്ണമായും ചോർന്നതായാണ് വിവരം. എൻടിഎയുടെ മേൽനോട്ടത്തിൽ എങ്ങനെയാണ് ഇത്ര വലിയൊരു സുരക്ഷാവീഴ്ച ഉണ്ടായതെന്ന് അവർ ചോദിച്ചു. ഈ സർക്കാർ ചോദ്യപ്പേപ്പർ ചോർച്ചയെ ഒരു സ്ഥിരം സംഭവമാക്കി മാറ്റിയിരിക്കുകയാണെന്നും ഓരോ തവണ പരീക്ഷ നടക്കുമ്പോഴും പേപ്പർ ചോരുന്നുവെന്നും സുപ്രിയ ആരോപിച്ചു.
വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ ഒന്നും സംഭവിക്കാത്തതുപോലെയാണ് പെരുമാറുന്നതെന്നും ഇത്രയും വലിയ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അദ്ദേഹം ഉടൻ രാജിവെക്കണമെന്നും അവർ ആവശ്യപ്പെട്ടു. എൻടിഎയുടെ വിശ്വാസ്യത പൂർണ്ണമായും നഷ്ടപ്പെട്ടുവെന്നും ഇപ്പോൾ പരീക്ഷ റദ്ദാക്കിയതിലൂടെ തങ്ങളുടെ കഴിവുകേട് മറച്ചുവെക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അവർ പറഞ്ഞു. എന്നാൽ ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾക്കുണ്ടായ മാനസിക വിഷമം മറച്ചുവെക്കാൻ അവർക്ക് കഴിയില്ലെന്നും സുപ്രിയ ഓർമ്മിപ്പിച്ചു.
വിദ്യാർത്ഥികൾക്കൊപ്പം ഉറച്ചുനിൽക്കുമെന്നും ഈ സംഘടിത മാഫിയയ്ക്ക് പിന്നിലുള്ള കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സുപ്രീം കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണം വേണമെന്നും അവർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.