‘കൃത്യമായ നിരീക്ഷണം, 12-ഓളം ക്ലിക്കുകൾക്ക് ഒടുവിൽ പുറത്തെത്തിച്ച ബോംബ്’; എഐസിസി നിരീക്ഷകൻ്റെ കയ്യിലെ രഹസ്യരേഖ ചോർത്തിയ ക്യാമറക്കണ്ണ്!
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിതുറന്ന, എഐസിസി നിരീക്ഷകൻ മുകുൾ വാസ്നിക്കിന്റെ കയ്യിലിരുന്ന എംഎൽഎമാരുടെ പിന്തുണ രേഖപ്പെടുത്തിയ കടലാസിന്റെ ചിത്രം പകർത്തിയതിന് പിന്നിലെ സാഹചര്യം വിശദീകരിച്ച് ഫോട്ടോഗ്രാഫർ ബി.പി. ദീപു. തിരുവനന്തപുരത്ത് നടന്ന നാടകീയമായ രാഷ്ട്രീയ നീക്കങ്ങൾക്കിടയിൽ ആരും ശ്രദ്ധിക്കാതെ പോകുമായിരുന്ന ഒരു നിമിഷം എങ്ങനെ തന്റെ ക്യാമറയിൽ കൃത്യമായി പതിഞ്ഞുവെന്ന് അദ്ദേഹം മാധ്യമങ്ങളോട് വിശദീകരിച്ചു.
ഇന്നലെ രാവിലെ മുതൽ മാധ്യമപ്രവർത്തകരെല്ലാം കോൺഗ്രസ് എം.എൽ.എമാരുടെ ആദ്യ പാർലമെന്ററി പാർട്ടി യോഗം റിപ്പോർട്ട് ചെയ്യാൻ കെപിസിസിയിൽ ഉണ്ടായിരുന്നു. ഉച്ചയോട് കൂടി മീറ്റിംഗ് കഴിഞ്ഞ് ഓരോ നേതാക്കളായി പുറത്തു വന്നു. വിഡി സതീശൻ, രമേശ് ചെന്നിത്തലയടക്കമുള്ളവരെല്ലാം പുറത്തെത്തി. അന്നേ ദിവസത്തെ പ്രധാന ആകർഷണമായ രണ്ട് എഐസിസി നിരീക്ഷകരെ കാത്തിരിക്കുകയായിരുന്നു മാധ്യമപ്രവർത്തകരെല്ലാം. മുകുൾ വാസ്നിക് പുറത്തിറങ്ങി കാറിലേക്ക് കയറാൻ പോകുന്ന സമയത്താണ് അദ്ദേഹത്തിന്റെ കയ്യിലൊരു പേപ്പർ ഇരിക്കുന്നത് ദീപുവിന്റെ ശ്രദ്ധയിൽപ്പെട്ടത്. ‘ആദ്യമേ ഇങ്ങനെയൊരു കടലാസ് ശ്രദ്ധയിൽപ്പെട്ടിരുന്നു, തുടരെയുള്ള 12ലധികം ക്ലിക്കുകളിൽ നിന്നാണ് എംഎൽഎമാരുടെ പേരുകൾ ഉള്ള ചിത്രം ലഭിച്ചത്’ ദീപു പറഞ്ഞു.
ആദ്യം എടുത്ത 5 ഷോട്ടുകളിലും അദ്ദേഹത്തിന്റെ കൈയ്യും ഫോണും കാരണം കടലാസിലുള്ളത് വ്യക്തമായില്ല. കാറിലേക്ക് കയറുന്ന സമയത്ത് പുറകിൽ പി.സി വിഷ്ണുനാഥ് ഉണ്ട്, അദ്ദേഹത്തിന്റെ കാല് തട്ടി വീഴാൻ പോയ സമയത്ത് കുറച്ച് മുന്നിലേക്ക് വന്നപ്പോൾ യാഥൃശ്ചികമായി ഫോട്ടോ കിട്ടുകയായിരുന്നു ഫോട്ടോഗ്രാഫർ ബി.പി. ദീപു വ്യക്തമാക്കി
സാധാരണയായി ഇത്തരം രഹസ്യ സ്വഭാവമുള്ള രേഖകൾ നേതാക്കൾ മറച്ചുപിടിക്കുകയോ മടക്കി വെക്കുകയോ ചെയ്യാറാണ് പതിവ്. എന്നാൽ മുകുൾ വാസ്നിക് ആ കടലാസ് മടക്കാതെയാണ് പിടിച്ചിരുന്നത്. തന്റെ പക്കലുണ്ടായിരുന്ന 70-200mm ടെലിഫോട്ടോ ലെൻസ് ഉപയോഗിച്ച് പരമാവധി സൂം ചെയ്ത് ആ ചിത്രം പകർത്തുകയായിരുന്നു. ചിത്രം എടുത്ത നിമിഷം തന്നെ അതിൽ എഴുതിയിരിക്കുന്ന കാര്യങ്ങൾ വ്യക്തമാണെന്ന് തനിക്ക് ബോധ്യപ്പെട്ടുവെന്നും ഒരു വലിയ വാർത്തയാണ് തന്റെ ക്യാമറയിൽ കുടുങ്ങിയതെന്ന് അപ്പോൾ തന്നെ തിരിച്ചറിഞ്ഞുവെന്നും ദീപു പറഞ്ഞു. കൃത്യസമയത്ത് എടുത്ത ആ ഒരൊറ്റ ഫോട്ടോയിലൂടെയാണ് എംഎൽഎമാരുടെ പിന്തുണ ആർക്കാണെന്ന കാര്യത്തിൽ വലിയൊരു സൂചന പുറംലോകത്തിന് ലഭിച്ചത്.