02/05/2026
[fontresizer_tawhidurrahmandear_widget]

ബിജെപിയിൽ ചേർന്ന സന്ദീപ് പഥകിനെ അറസ്റ്റ് ചെയ്യാൻ വാഹനങ്ങളുമായി പഞ്ചാബ് പോലീസ്; പിൻവാതിലിലൂടെ രക്ഷപ്പെട്ട് മുൻ എഎപി എംപി

 ബിജെപിയിൽ ചേർന്ന സന്ദീപ് പഥകിനെ അറസ്റ്റ് ചെയ്യാൻ വാഹനങ്ങളുമായി പഞ്ചാബ് പോലീസ്; പിൻവാതിലിലൂടെ രക്ഷപ്പെട്ട് മുൻ എഎപി എംപി

ന്യൂഡൽഹി/ചണ്ഡീഗഡ്: തങ്ങളുടെ നേതാക്കളെ ലക്ഷ്യമിട്ട് ബിജെപി നടത്തുന്ന ‘ഓപറേഷൻ താമര’യ്ക്ക് തിരിച്ചടിയുമായി ആം ആദ്മി പാർട്ടി(എഎപി). പാർട്ടി വിട്ട് ബിജെപിയിൽ ചേർന്ന രാജ്യസഭാ എംപി സന്ദീപ് പഥകിനെ അറസ്റ്റ് ചെയ്യാൻ പഞ്ചാബ് പൊലീസിന്റെ അതീവ നാടകീയ നീക്കം. പഥക്കിനെ പിടികൂടാനായി ഡൽഹിയിലെ അദ്ദേഹത്തിന്റെ വസതിയിൽ വാഹനവ്യൂഹവുമായി പൊലീസ് എത്തിയെങ്കിലും, റെയ്ഡിന് തൊട്ടുമുമ്പ് അദ്ദേഹം പിൻവാതിലിലൂടെ രക്ഷപ്പെട്ടതായാണ് റിപ്പോർട്ടുകൾ.

ശനിയാഴ്ച പുലർച്ചെയാണ് പഞ്ചാബ് പൊലീസിന്റെ പ്രത്യേക സംഘം സന്ദീപ് പഥക്കിന്റെ ഡൽഹിയിലെ ഔദ്യോഗിക വസതി വളഞ്ഞത്. അറസ്റ്റ് ലക്ഷ്യമിട്ട് നിരവധി വാഹനങ്ങളിലായി എത്തിയ പൊലീസ് സംഘം വീടിനുള്ളിൽ തിരച്ചിൽ നടത്തിയെങ്കിലും പഥക്കിനെ കണ്ടെത്താനായില്ല. പൊലീസ് വരുന്നത് മുൻകൂട്ടി അറിഞ്ഞ അദ്ദേഹം വീടിന്റെ പിൻവാതിലിലൂടെ കടന്നുകളഞ്ഞതായാണ് സൂചന. നിലവിൽ ഇദ്ദേഹം ഒളിവിൽ കഴിയുകയാണെന്നും റിപ്പോർട്ടുകളുണ്ട്.

സന്ദീപ് പഥക്കിനെതിരെ രണ്ട് എഫ്ഐആറുകളാണ് പഞ്ചാബ് പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ലഹരിക്കടത്തുമായി ബന്ധപ്പെട്ട കേസുകളിലും ഫണ്ട് ക്രമക്കേടുകളിലുമാണ് നടപടിയെന്ന് സൂചനയുണ്ടെങ്കിലും കൃത്യമായ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. എഎപി വിട്ട് ബിജെപിയിൽ ചേർന്നതിന് തൊട്ടുപിന്നാലെയാണ് ഈ കേസുകൾ വന്നതെന്നത് ശ്രദ്ധേയമാണ്.

സന്ദീപ് പഥക്കിനെതിരായ പൊലീസ് നീക്കം ഭഗവന്ത് മാൻ സർക്കാരിന്റെ രാഷ്ട്രീയ പകപോക്കലാണെന്ന് ബിജെപി ആരോപിച്ചു. ‘എഎപി വിട്ടതിലുള്ള വൈരാഗ്യം തീർക്കാൻ പഞ്ചാബ് പൊലീസിനെ ദുരുപയോഗം ചെയ്യുകയാണ്. ഇത്തരം ഭീഷണികൾ കൊണ്ട് ബിജെപിയെ തളയ്ക്കാനാവില്ല,’ ബിജെപി നേതൃത്വം പ്രതികരിച്ചു.

എഎപിയുടെ ദേശീയ സംഘടനാ സെക്രട്ടറിയും അരവിന്ദ് കെജ്രിവാളിന്റെ വിശ്വസ്തനുമായിരുന്ന സന്ദീപ് പഥക്, രാഘവ് ചദ്ദയ്ക്കും മറ്റ് എംപിമാർക്കുമൊപ്പമാണ് അടുത്തിടെ ബിജെപിയിൽ ചേർന്നത്. ഇത് എഎപിക്ക് വലിയ പ്രഹരമായിരുന്നു.

Also read: