03/06/2026
[fontresizer_tawhidurrahmandear_widget]

റഷ്യയെ നടുക്കി യുക്രെയ്ന്റെ വൻ ഡ്രോൺ ആക്രമണം; അതിർത്തി കടന്നെത്തിയത് അറുന്നൂറോളം ഡ്രോണുകൾ, 4 മരണം

 റഷ്യയെ നടുക്കി യുക്രെയ്ന്റെ വൻ ഡ്രോൺ ആക്രമണം; അതിർത്തി കടന്നെത്തിയത് അറുന്നൂറോളം ഡ്രോണുകൾ, 4 മരണം

മോസ്കോ: റഷ്യൻ നഗരങ്ങളെ ലക്ഷ്യമിട്ട് അതിശക്തമായ ഡ്രോൺ ആക്രമണവുമായി യുക്രെയ്ൻ. റഷ്യൻ പ്രദേശങ്ങളിൽ യുക്രെയ്ൻ നടത്തിയ വ്യോമാക്രമണത്തിൽ നാല് പേർ കൊല്ലപ്പെടുകയും വൻതോതിൽ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. ഏകദേശം അറുന്നൂറോളം ഡ്രോണുകളാണ് യുക്രെയ്ൻ ഒരേസമയം റഷ്യൻ അതിർത്തി കടത്തി വിട്ടത്.

ക്രിമിയൻ പെനിൻസുല, കരിങ്കടൽ, അസോവ് കടൽ എന്നിവയുൾപ്പെടെ പതിനാലോളം റഷ്യൻ മേഖലകളിൽ നിന്നായി 556 യുക്രെയ്‌നിയൻ ഡ്രോണുകൾ തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനം തകർത്തതായി റഷ്യൻ പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി വ്യക്തമാക്കി. മോസ്കോ, ബെൽഗൊറോഡ്, കുർസ്ക്, ബ്രിയാൻസ്ക് തുടങ്ങിയ പ്രവിശ്യകളിലാണ് പ്രധാനമായും ആക്രമണ ഭീഷണി ഉയർന്നത്. തലസ്ഥാനമായ മോസ്കോയെ ലക്ഷ്യമിട്ടും നിരവധി ഡ്രോണുകൾ എത്തിയതായാണ് റിപ്പോർട്ടുകൾ. മോസ്കോ മേഖലയിലുണ്ടായ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടതായും നിരവധി പേർക്ക് പരിക്കേറ്റതായും പ്രദേശിക ഗവർണർ അറിയിച്ചു. ഇതിന് പുറമെ അതിർത്തിയോട് ചേർന്നുകിടക്കുന്ന ബെൽഗൊറോഡ് മേഖലയിലും ഒരാൾ കൊല്ലപ്പെട്ടതായി റഷ്യ സ്ഥിരീകരിച്ചിട്ടുണ്ട്.

ആക്രമണം കടുത്തതോടെ മുൻകരുതലിന്റെ ഭാഗമായി മോസ്കോയിലെ പ്രധാന വിമാനത്താവളങ്ങളിൽ നിന്നുള്ള വിമാന സർവിസുകൾ താൽക്കാലികമായി നിർത്തിവെച്ചു. ചില റഷ്യൻ പ്രദേശങ്ങളിൽ വൈദ്യുതി വിതരണത്തിലും ആശയവിനിമയ സംവിധാനങ്ങളിലും വലിയ തടസ്സം നേരിട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. റഷ്യയിലെ എണ്ണ ശുദ്ധീകരണ കേന്ദ്രങ്ങൾ, സൈനിക കേന്ദ്രങ്ങൾ, ലജിസ്റ്റിക് സംവിധാനങ്ങൾ എന്നിവയെ ലക്ഷ്യം വെച്ചായിരുന്നു യുക്രെയ്ന്റെ നീക്കമെന്നാണ് വിവരം.

അതേസമയം, കഴിഞ്ഞ ദിവസങ്ങളിൽ റഷ്യൻ സൈന്യം കീവ് ഉൾപ്പെടെയുള്ള യുക്രെയ്ൻ നഗരങ്ങളിൽ ശക്തമായ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തിയിരുന്നു. കീവിൽ റഷ്യ നടത്തിയ ആക്രമണത്തിൽ ഇരുപത്തിയഞ്ചോളം പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. ഇതിന് കൃത്യമായ മറുപടിയായാണ് റഷ്യൻ മണ്ണിലേക്ക് പുതിയ പ്രത്യാക്രമണം നടത്തിയതെന്ന് യുക്രെയ്ൻ പ്രസിഡൻ്റ് വൊളോഡിമിർ സെലൻസ‌ി വ്യക്തമാക്കിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റഷ്യ യുദ്ധവുമായി മുന്നോട്ട് പോകുകയും സാധാരണക്കാരായ ജനങ്ങൾ താമസിക്കുന്ന കേന്ദ്രങ്ങളെ ലക്ഷ്യമിടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് തങ്ങൾ പ്രത്യാക്രമണം ശക്തമാക്കുന്നതെന്നും യുക്രെയ്ൻ വ്യക്തമാക്കി.

Also read: