‘കെഎസ്ആർടിസിയുടെ ചില്ല് പൊട്ടിച്ചത് എന്റെ ഭാര്യയല്ല, എനിക്ക് ആ സ്ത്രീയെ പരിചയവും ഇല്ല’: വി. വസീഫ്
കൊച്ചി: സ്‌റ്റോപ്പില്ലാത്തിടത്ത് നിര്‍ത്തണമെന്ന ആവശ്യം ഡ്രൈവര്‍ നിരാകരിച്ചതോടെ കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ച് പൊട്ടിച്ച യുവതി തന്റെ ഭാര്യയാണെന്ന വ്യാജ പ്രചാരണത്തിനെതിരെ പ്രതികരിച്ച് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്.
ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം. വീഡിയോയിൽ കണ്ട സ്ത്രീ തന്റെ ഭാര്യയല്ലെന്നും സ്ത്രീയെ പരിചയം പോലുമില്ലെന്നും വസീഫ് പറഞ്ഞു. നുണകൾ കൊണ്ട് പൊതുബോധം സൃഷ്‌ടിക്കുന്ന യുഡിഎഫ് – ബിജെപി തന്ത്രങ്ങൾ തുടരുകയാണെന്നും ചാനലുകളുടെ വ്യാജ കാർഡുകൾ വെച്ച് ലീഗും ബിജെപിയും ഒരുപോലെ വ്യാപകമായി നുണ പ്രചരിപ്പിക്കുകയാണെന്നും വസീഫ് ഫേസ്ബുക്കിൽ കുറിച്ചു.
കേരളത്തില്‍ കുറച്ചു കാലമായി ഇടത് സഖാക്കളെയും കുടുംബാംഗങ്ങളെയും ആക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്യുന്ന വലതുപക്ഷ കൂട്ടായ്മ നീചമായ രാഷ്ട്രീയ വേട്ടയ്ക്ക് ഇരയാക്കി കൊണ്ടിരിക്കുകയാണ്. ഇതു പോലുള്ള അധമ വൃത്തികള്‍ക്ക് മുമ്പില്‍ തോല്‍ക്കുന്നവരല്ല തങ്ങളെന്നും ഭയലേശമില്ലാതെ രാഷ്ട്രീയ പോരാട്ടം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസമാണ് സ്റ്റോപ്പില്ലാത്ത സ്ഥലത്ത് ബസ് നിര്‍ത്തണമെന്ന ആവശ്യം ഡ്രൈവര്‍ നിരാകരിച്ചതോടെ കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസിൻ്റെ ചില്ല് യുവതി ഇടിച്ച് പൊട്ടിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് സ്റ്റേഷന്‍ പരിധിയിലായിരുന്നു സംഭവം. കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് പ്രീമിയം ബസിന്റെ സൈഡ് ഗ്ലാസ് ആണ് തകര്‍ത്തത്.
വി വസീഫിന്റെ ഫേസ്ബുക്ക് കുറിപ്പ്
“നുണകൾ കൊണ്ട് പൊതുബോധം സൃഷ്ടിക്കുന്ന UDF -BJP തന്ത്രങ്ങൾ തുടരുന്നു.
ഇന്നലെ മാധ്യമങ്ങളിൽ വൈറൽ ആയ ksrtc ബസ് നിർത്തണം എന്നാവശ്യപ്പെടുന്ന ഒരു സ്ത്രീയുടെ വീഡിയോ വെച്ച് അത് എന്റെ ഭാര്യ ആണെന്നും പറഞ്ഞു ചാനലുകളുടെ വ്യാജ കാർഡുകൾ വെച്ച് ലീഗും ബിജെപിയും ഒരുപോലെ വ്യാപകമായി നുണ പ്രചരിപ്പിക്കുകയാണ്.വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ച് തുടങ്ങി പിന്നീട് മുഖമുള്ളതും ഇല്ലാത്തതും ആയ അക്കൗണ്ടുകളിൽ വ്യാപകമായി പ്രചരണം നടത്തുകയാണ്.സത്യം അറിയാൻ ആഗ്രഹമുള്ള പ്രിയപ്പെട്ടവരോട് സ്നേഹത്തോടെ പറയട്ടെ, “ ആ വീഡിയോയിൽ കണ്ട സ്ത്രീ എന്റെ ഭാര്യ അല്ലന്ന് മാത്രമല്ല എനിക്ക് ആ സ്ത്രീയെ പരിചയവും ഇല്ല”.
കേരളത്തിൽ കുറച്ചു കാലമായി ഇടത് സഖാക്കളെയും കുടുംബാംഗങ്ങളെയും ആക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്യുന്ന വലതുപക്ഷ കൂട്ടായ്മ നീചമായ രാഷ്ട്രീയ വേട്ടയ്ക്ക് ഇരയാക്കി കൊണ്ടിരിക്കുകയാണ്.
ഒന്നോർത്തോളൂ… ഇതു പോലുള്ള അധമ വൃത്തികൾക്ക് മുമ്പിൽ തോൽക്കുന്നവരല്ല ഞങ്ങൾ . ഭയലേശമില്ലാതെ രാഷ്ട്രീയ പോരാട്ടം തുടരുക തന്നെ ചെയ്യും.
NOT AN INCH BACK…”