ആറു വർഷം, പിരിച്ചത് ലക്ഷങ്ങൾ; പൂർത്തിയാകാതെ പി. ബിജു സ്മാരകം; പാർട്ടിയിൽ അതൃപ്തി
തിരുവനന്തപുരം: അന്തരിച്ച ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാന വൈസ് പ്രസിഡന്റും യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാനുമായിരുന്ന പി. ബിജുവിന്റെ സ്മാരക മന്ദിര നിർമ്മാണം ആറു വർഷം പിന്നിട്ടിട്ടും പൂർത്തിയാകാത്തതിൽ പാർട്ടിയിൽ അതൃപ്തി. സ്മാരക മന്ദിരത്തിനായുള്ള ഫണ്ട് പിരിവും സാമ്പത്തിക കാര്യങ്ങളും സുതാര്യമല്ലെന്ന ആരോപണമാണ് പാർട്ടിക്കുള്ളിൽ പ്രധാനമായും ഉയർന്നുവരുന്നത്.
തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് സമീപം പ്രകൃതി ദുരന്തങ്ങളിൽപ്പെടുന്നവർക്കും നിരാലംബർക്കും സഹായമെത്തിക്കുന്ന കേന്ദ്രവും ആംബുലൻസ് സർവീസുമടക്കം വിപുലമായ സൗകര്യങ്ങളോടെ സ്മാരകം നിർമ്മിക്കാനായിരുന്നു ഡി.വൈ.എഫ്.ഐ ലക്ഷ്യമിട്ടിരുന്നത്. ഇതിനായി സംസ്ഥാനത്തുടനീളം വലിയ തോതിൽ ജനകീയ ഫണ്ട് ശേഖരണവും നടത്തിയിരുന്നു. എന്നാൽ, ഫണ്ട് സമാഹരിച്ച് വർഷങ്ങൾ പിന്നിട്ടിട്ടും കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പാതിവഴിയിൽ നിലച്ച മട്ടാണ്.
പിരിച്ചെടുത്ത ലക്ഷക്കണക്കിന് രൂപയുടെ കണക്കുകൾ കൃത്യമായി പുറത്തുവിടാനോ നിർമ്മാണം വേഗത്തിലാക്കാനോ നേതൃത്വം തയ്യാറാകുന്നില്ലെന്നാണ് ഉയർന്ന ഘടകങ്ങളിൽ നിന്നും വിമർശനം ഉയരുന്നത്. യുവജന നേതാവിനോടുള്ള ആദരസൂചകമായി തുടങ്ങിയ പദ്ധതി അനാസ്ഥ കാരണം നീണ്ടുപോകുന്നത് സംഘടനാ തലത്തിൽ വലിയ ചർച്ചയായിട്ടുണ്ട്. സംഭവത്തിൽ പാർട്ടിതലത്തിലുള്ള അന്വേഷണവും അടിയന്തര ഇടപെടലും വേണമെന്നാണ് ഒരു വിഭാഗം പ്രവർത്തകരുടെ ആവശ്യം.