03/06/2026
[fontresizer_tawhidurrahmandear_widget]

വി.ഡി. സതീശൻ്റെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് വിജയ്‌ക്ക് ക്ഷണം; കത്തയച്ച് ചീഫ് സെക്രട്ടറി

 വി.ഡി. സതീശൻ്റെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് വിജയ്‌ക്ക് ക്ഷണം; കത്തയച്ച് ചീഫ് സെക്രട്ടറി

തിരുവനന്തപുരം: വി.ഡി. സതീശൻ സർക്കാരിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്ക്ക് ഔദ്യോഗിക ക്ഷണം. കേരള ചീഫ് സെക്രട്ടറി എ. ജയതിലകാണ് തമിഴ്നാട് മുഖ്യമന്ത്രിക്ക് ഔദ്യോഗികമായി ക്ഷണക്കത്ത് അയച്ചത്. കോൺഗ്രസ് ഭരണത്തിലുള്ള കർണാടക, തെലങ്കാന, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ അമ്പതിനായിരത്തോളം പേർ പങ്കെരുക്കുമെന്നാണ് പൊതുഭരണ വകുപ്പ് കണക്കുകൂട്ടുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പിൽ 102 സീറ്റുകളുടെ വൻ ഭൂരിപക്ഷം നേടി അധികാരത്തിലെത്തിയ വി.ഡി. സതീശൻ സർക്കാരിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങ് ചരിത്ര സംഭവമാക്കാനുള്ള ഒരുക്കങ്ങളാണ് അണിയറയിൽ പുരോഗമിക്കുന്നത്. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എന്നിവരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഇവർക്ക് പുറമെ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വിന്ദർ സിംഗ് സുഖു എന്നിവർക്കും ക്ഷണമുണ്ട്.

എ.ഐ.സി.സി നേതൃത്വം നേരിട്ട് ക്ഷണിക്കുന്നതിനൊപ്പം തന്നെ ഔദ്യോഗിക നടപടിക്രമങ്ങളുടെ ഭാഗമായാണ് ചീഫ് സെക്രട്ടറി വഴിയുള്ള ഈ ക്ഷണം. അതേസമയം, സത്യപ്രതിജ്ഞ നടക്കുന്ന സെൻട്രൽ സ്റ്റേഡിയത്തിൽ കൂറ്റൻ പന്തലിൻ്റെ നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. ഏകദേശം 12,000 പേർക്ക് പന്തലിനുള്ളിൽ ഇരിക്കാനുള്ള സൗകര്യവും, ബാക്കിയുള്ളവർക്ക് സ്റ്റേഡിയത്തിൻ്റെ മറ്റ് ഭാഗങ്ങളിൽ ഇരുന്ന് സത്യപ്രതിജ്ഞാ ചടങ്ങുകൾ നേരിട്ട് കാണാനുള്ള വിപുലമായ ക്രമീകരണങ്ങളുമാണ് പൊതുഭരണ വകുപ്പ് ഒരുക്കുന്നത്.

Also read: