‘നമസ്‌കാരം പള്ളികൾക്കുള്ളിൽ മാത്രം’; ബിജെപി അധികാരമേറ്റതിന് പിന്നാലെ ബംഗാളിൽ പുതിയ നിയന്ത്രണം
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ അധികാരമേറ്റതിന് പിന്നാലെ ആരാധനാലയങ്ങൾക്ക് പുറത്തുള്ള നമസ്‌കാരത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തി. നമസ്‌കാരങ്ങൾ പള്ളികൾക്കുള്ളിൽ മാത്രമേ നടത്താവൂ എന്നും പൊതുറോഡുകളോ തെരുവുകളോ തടസ്സപ്പെടുത്തിയുള്ള പ്രാർത്ഥനകൾ അനുവദിക്കില്ലെന്നും സർക്കാർ വ്യക്തമാക്കി.
വർഷങ്ങളായി ഈദ് നമസ്‌കാരം നടക്കാറുള്ള കൊൽക്കത്തയിലെ റെഡ് റോഡിലും ഇനി മുതൽ അനുമതി നൽകില്ലെന്ന് ബിജെപി എംഎൽഎ അർജുൻ സിങ് മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ അധ്യക്ഷതയിൽ ചേർന്ന കാബിനറ്റ് യോഗത്തിലാണ് നിർണായക തീരുമാനങ്ങൾ കൈക്കൊണ്ടത്. പ്രാർത്ഥനകൾക്കായി പള്ളികൾ ഉപയോഗിക്കണമെന്നും പൊതുവിടങ്ങളിൽ തടസ്സമുണ്ടാക്കുന്ന രീതിയിലുള്ള മതപരമായ ചടങ്ങുകൾ അനുവദിക്കാനാവില്ലെന്നുമാണ് സർക്കാരിന്റെ നിലപാട്.
ഇതോടൊപ്പം തന്നെ കല്ലേറ് നടത്തുന്നവർക്കെതിരെയും നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെയും വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്. പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിലുള്ള റെഡ് റോഡിൽ നേരത്തെ സൈന്യം നമസ്‌കാരത്തിന് അനുമതി നിഷേധിച്ചത് വലിയ വിവാദമായിരുന്നു.
അതേസമയം, പള്ളികളിലെ സ്ഥലപരിമിതി മൂലമാണ് പലപ്പോഴും വിശ്വാസികൾക്ക് പുറത്ത് നമസ്‌കരിക്കേണ്ടി വരുന്നതെന്നും പുതിയ നിയന്ത്രണങ്ങൾ ജനാധിപത്യ വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി പ്രതിപക്ഷവും വിവിധ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. പുതിയ ഉത്തരവ് സംസ്ഥാനത്ത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്കാണ് വഴിതെളിച്ചിരിക്കുന്നത്.