ഗൺമാൻമാരുടെ മർദനം:തെളിവുകൾ നശിപ്പിച്ചു; കേസ് അട്ടിമറിക്കാൻ ഉദ്യോഗസ്ഥർ കൂട്ടുനിന്നെന്ന് എസ്.ഐ.ടി റിപ്പോർട്ട്
ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ മർദിച്ച കേസ് അട്ടിമറിക്കാൻ നീക്കം നടന്നതായി പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്.ഐ.ടി) കണ്ടെത്തൽ. കേസ് അട്ടിമറിക്കാൻ ഉന്നത പോലീസ് ഉദ്യോഗസ്ഥർ തന്നെ ഒത്താശ ചെയ്തതായും കോടതിക്ക് മുന്നിലെത്തിയ നിർണായക തെളിവുകൾ പോലും നശിപ്പിക്കപ്പെട്ടതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇതിന് പിന്നിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥർക്കെതിരെയും വിശദമായ അന്വേഷണം വേണമെന്നാണ് എസ്.ഐ.ടിയുടെ പ്രധാന ശുപാർശ.
പ്രതികളായ ഗൺമാൻമാർക്ക് മുൻകൂർ ജാമ്യം അനുവദിച്ചാൽ അത് നീതിനിർവഹണം പൂർണ്ണമായും തടസ്സപ്പെടുത്താൻ ഇടയാക്കുമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ചൂരൽ വടി കൊണ്ട് തലയ്ക്കടിച്ച സംഭവം മരണത്തിന് വരെ കാരണമായേക്കാവുന്ന ഒന്നായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരുടെ ക്രൂരമായ മർദനമേറ്റ് യൂത്ത് കോൺഗ്രസ് നേതാവ് എ.ഡി. തോമസിന്റെ തല പൊട്ടി ചോരയൊലിക്കുന്ന ദൃശ്യങ്ങൾ വീഡിയോകളിൽ വളരെ വ്യക്തമാണെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു.
അതേസമയം, തങ്ങൾക്കെതിരെയുള്ള കേസിന് പിന്നിൽ രാഷ്ട്രീയവും വ്യക്തിപരവുമായ വിരോധമാണെന്നാണ് ഗൺമാൻമാരുടെ മുൻകൂർ ജാമ്യാപേക്ഷയിലെ വാദം. നിലവിലെ കേസ് പൂർണ്ണമായും കെട്ടിച്ചമച്ചതാണെന്നും വ്യാജമാണെന്നും പ്രതികൾ വാദിക്കുന്നു. സംസ്ഥാനത്തുണ്ടായ രാഷ്ട്രീയ മാറ്റം ആശങ്കയുണ്ടാക്കുന്നുണ്ടെന്നും യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമാണ് ഈ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) രൂപീകരിച്ചതെന്നും ജാമ്യാപേക്ഷയിൽ പറയുന്നുണ്ട്. അറസ്റ്റ് ചെയ്താൽ തങ്ങൾ അക്രമിക്കപ്പെടാൻ സാധ്യതയുണ്ടെന്നും പൊതുസമൂഹത്തിൽ അപമാനിതരാകുമെന്നും ചൂണ്ടിക്കാട്ടിയാണ് ഗൺമാൻമാർ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചിരിക്കുന്നത്.