പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഡ്രൈവർക്ക് മർദനം; രണ്ട് പോലീസുകാർക്കെതിരെ ഡിജിപിക്ക് പരാതി നൽകി
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഡ്രൈവർക്ക് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ വെച്ച് പോലീസ് ഉദ്യോഗസ്ഥരിൽ നിന്ന് മർദനമേറ്റതായി പരാതി. എകെജി സെന്ററിലെ ജീവനക്കാരനായ അനൂപ് പി.കെയാണ് സംസ്ഥാന പോലീസ് മേധാവിക്ക് (ഡിജിപി) പരാതി നൽകിയത്. മെയ് 30-ന് വൈകുന്നേരം 4 മണിയോടെയായിരുന്നു സംഭവം.
വന്ദേഭാരത് ട്രെയിനിൽ യാത്ര ചെയ്യാനെത്തിയ പ്രതിപക്ഷ നേതാവിനെ റെയിൽവേ സ്റ്റേഷനിൽ ഇറക്കി വാഹനം മാറ്റി പാർക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് അക്രമമുണ്ടായത്. അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ജയൻ, ശരത് എന്നീ രണ്ട് പോലീസ് ഉദ്യോഗസ്ഥർ തട്ടിക്കയറുകയും കഴുത്തിന് പിടിച്ചു തള്ളുകയുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. തന്നെ ശാരീരികമായും മാനസികമായും ബുദ്ധിമുട്ടിച്ച ഉദ്യോഗസ്ഥർക്കെതിരെ ഗൗരവമായ അന്വേഷണം നടത്തി നിയമനടപടി സ്വീകരിക്കണമെന്നാണ് അനൂപിന്റെ ആവശ്യം.