21/07/2026
[fontresizer_tawhidurrahmandear_widget]

ഗൾഫ് രാജ്യങ്ങളിൽനിന്ന് അമേരിക്ക സൈനിക താവളങ്ങൾ മാറ്റുന്നു; ഇസ്രയേൽ ഉൾപ്പെടെ പരിഗണനയിലെന്ന് റിപ്പോർട്ട്

 ഗൾഫ് രാജ്യങ്ങളിൽനിന്ന് അമേരിക്ക സൈനിക താവളങ്ങൾ മാറ്റുന്നു; ഇസ്രയേൽ ഉൾപ്പെടെ പരിഗണനയിലെന്ന് റിപ്പോർട്ട്

വാഷിങ്ടൺ: പശ്ചിമേഷ്യയിലെ അമേരിക്കൻ സൈനിക സാന്നിധ്യത്തിന്റെ നട്ടെല്ലായ ബഹ്റൈനിലെ യുഎസ് നാവിക ആസ്ഥാനത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണങ്ങളിൽ പെന്റഗൺ സമ്മതിച്ചതിനേക്കാൾ കനത്ത നാശനഷ്ടമുണ്ടായതായി വിവരങ്ങൾ പുറത്ത്. ഗൾഫിലെ മറ്റ് യുഎസ് സൈനിക താവളങ്ങളിലും വലിയ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. ഇറാന്റെ മിസൈൽ പ്രഹര ശേഷിക്ക് മുന്നിൽ ഗൾഫ് രാജ്യങ്ങളിലെ താവളങ്ങൾ സുരക്ഷിതമല്ലെന്ന് ബോധ്യപ്പെട്ടതോടെ, തങ്ങളുടെ പ്രധാന സൈനിക ബേസുകൾ പടിഞ്ഞാറൻ മേഖലകളിലേക്ക് മാറ്റാൻ അമേരിക്ക നീക്കം നടത്തുന്നതായാണു വിവരം. ഉപഗ്രഹ ചിത്രങ്ങളും യുഎസ് ഔദ്യോഗിക വൃത്തങ്ങളുടെ വെളിപ്പെടുത്തലുകളും ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമമായ ‘ദി വാൾ സ്ട്രീറ്റ് ജേണൽ’ ആണ് വാർത്ത പുറത്തുവിട്ടത്.

പെന്റഗൺ ഒളിച്ചുവച്ച സത്യങ്ങൾ പുറത്ത്; 400 മില്യൺ ഡോളറിന്റെ നാശനഷ്ടം

കഴിഞ്ഞ ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രയേലും സംയുക്തമായി ഇറാനിൽ ബോംബാക്രമണം ആരംഭിച്ചതിന് പ്രതികാരമായിട്ടാണ് ഇറാൻ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ്(ഐആർജിസി) ഗൾഫ് രാജ്യങ്ങളിലെ യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെ അതിശക്തമായ മിസൈൽ-ഡ്രോൺ വർഷം നടത്തിയത്. ഈ ആക്രമണങ്ങളിൽ 13 യുഎസ് സൈനികർ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

തുടക്കത്തിൽ ഈ നാശനഷ്ടങ്ങളുടെ വ്യാപ്തി പെന്റഗൺ പരസ്യമായി സമ്മതിച്ചിരുന്നില്ല. എന്നാൽ ‘വാൾ സ്ട്രീറ്റ് ജേണൽ’ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, ഇറാന്റെ അതിർത്തിയിൽനിന്നു വെറും 240 കിലോമീറ്റർ മാത്രം അകലെ സ്ഥിതി ചെയ്യുന്ന ബഹ്റൈനിലെ ‘നാവൽ സപ്പോർട്ട് ആക്റ്റിവിറ്റി ബഹ്റൈൻ'(എൻഎസ്എ ബഹ്‌റൈൻ) താവളത്തിന് മാത്രം ഏകദേശം 400 മില്യൺ ഡോളറിന്റെ (ഏകദേശം 3,300 കോടിയിലധികം രൂപ) നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. ഉപഗ്രഹ ചിത്രങ്ങളിലും സോഷ്യൽ മീഡിയ ദൃശ്യങ്ങളിലും വ്യക്തമാകുന്നതുപോലെ ഇറാന്റെ ബാലിസ്റ്റിക് മിസൈലുകൾ യുഎസ് അഞ്ചാം കപ്പൽപടയുടെ പ്രധാന ആസ്ഥാന മന്ദിരം, സൈനിക ബാരക്കുകൾ, നിരവധി വെയർഹൗസുകൾ, കുടിവെള്ള സംഭരണി എന്നിവ നേരിട്ട് തകർത്തുതരിപ്പണമാക്കി.

പ്രമുഖ അന്താരാഷ്ട്ര പ്രതിരോധ തിങ്ക് ടാങ്കായ ‘സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷണൽ സ്റ്റഡീസി’ലെ വിദഗ്ധർ വ്യക്തമാക്കുന്നത് അനുസരിച്ച്, 400 മില്യൺ ഡോളർ എന്നത് തകർന്ന കെട്ടിടങ്ങളുടെ കേവല നിർമാണച്ചെലവ് മാത്രമാണ്. ഈ കെട്ടിടങ്ങൾക്കുള്ളിൽ സൂക്ഷിച്ചിരുന്ന അതീവ രഹസ്യ സ്വഭാവമുള്ള കമ്യൂണിക്കേഷൻ റഡാറുകൾ, ആധുനിക യുദ്ധസാമഗ്രികൾ, ഇന്റലിജൻസ് സർവർ സംവിധാനങ്ങൾ എന്നിവയുടെ മൂല്യം കൂടി കണക്കാക്കിയാൽ യഥാർത്ഥ നഷ്ടം ഇതിന്റെ എത്രയോ ഇരട്ടിയായിരിക്കുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

ഇസ്രയേലിലേക്ക് താവളം മാറ്റാൻ അമേരിക്കൻ നീക്കം

ബഹ്റൈൻ നാവിക ആസ്ഥാനത്തിന് നേരിട്ട കനത്ത പ്രഹരത്തോടെ ഗൾഫ് മേഖലയിലെ തങ്ങളുടെ മുഴുവൻ സൈനിക തന്ത്രങ്ങളും പുനഃപരിശോധിക്കാൻ യുഎസ് നിർബന്ധിതരായിരിക്കുകയാണ്. ഇറാന്റെ മിസൈൽ പരിധിക്കുള്ളിൽ വരുന്ന കുവൈത്ത്, സൗദി അറേബ്യ എന്നീ അറബ് രാജ്യങ്ങളിലെ തങ്ങളുടെ സൈനിക സാന്നിധ്യം വൻതോതിൽ വെട്ടിക്കുറയ്ക്കാനും കമാൻഡ് സെന്ററുകൾ ഇറാന്റെ ആക്രമണ പരിധിയിൽനിന്നു വളരെ അകലെയുള്ള പടിഞ്ഞാറൻ മേഖലയിലുള്ള രാജ്യങ്ങളിലേക്കു മാറ്റാനുമാണ് യുഎസ് ഉദ്യോഗസ്ഥർ ഇപ്പോൾ പദ്ധതിയിടുന്നത്.

ഈ പുനർവിന്യാസ ചർച്ചകളിൽ ഏറ്റവും പ്രധാന പരിഗണന ലഭിക്കുന്ന ലക്ഷ്യസ്ഥാനങ്ങളിലൊന്ന് ഇസ്രയേലാണെന്ന് രണ്ട് മുതിർന്ന യുഎസ് ഉദ്യോഗസ്ഥർ വാൾ സ്ട്രീറ്റ് ജേണലിനോട് സ്ഥിരീകരിച്ചു. ഇറാൻ യുദ്ധത്തിന് മുന്നോടിയായി അമേരിക്കയുടെ ഡസൻകണക്കിന് യുദ്ധവിമാനങ്ങൾ ഇസ്രയേലിലെ ബെൻ ഗുരിയൻ വിമാനത്താവളത്തിൽ വിന്യസിച്ചിരുന്നു. ഗൾഫിലെ നാവിക ആസ്ഥാനങ്ങൾ പുനർനിർമിക്കുന്നതിന് പകരം, കൂടുതൽ സുരക്ഷിതമായ ഇസ്രയേലി മണ്ണിലേക്ക് മാറ്റുന്നത് ഇറാന്റെ മിസൈലുകളിൽനിന്നുള്ള ഭീഷണി ഗണ്യമായി കുറയ്ക്കുമെന്നാണ് യുഎസിന്റെ വിലയിരുത്തൽ. ബഹ്റൈനിൽ തന്നെ തുടരുന്ന പ്രധാന കമാൻഡ് സെന്ററുകൾ ഭൂമിക്കടിയിലേക്ക് മാറ്റി സ്ഥാപിക്കുന്നതിനെക്കുറിച്ചും പെന്റഗൺ ആലോചിക്കുന്നുണ്ട്.

സമാധാന കരാറിൽ കടുത്ത ഭിന്നത

ഇസ്രയേലിലേക്ക് യുഎസ് താവളങ്ങൾ മാറ്റുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുമ്പോഴും, അമേരിക്കയും ഇറാനും തമ്മിൽ പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിൽ വച്ച് ഒപ്പുവെച്ച താൽക്കാലിക സമാധാന ധാരണാപത്രത്തോട് ഇസ്രയേലിന് കടുത്ത വിയോജിപ്പാണുള്ളത്. അമേരിക്കയും ഇറാനും തമ്മിൽ നടത്തിയ ഈ രഹസ്യ ചർച്ചകളിൽ ഇസ്രായേലിനെ പൂർണമായും ഒഴിവാക്കിയിരുന്നു.

ഈ സമാധാന ധാരണ പ്രകാരം ലബനാനിലെ ഇറാന്റെ സഖ്യകക്ഷിയായ ഹിസ്ബുല്ലയ്ക്ക് നേരെ ഇസ്രയേൽ നടത്തുന്ന എല്ലാ സൈനിക ഓപറേഷനുകളും അടിയന്തരമായി നിർത്തിവയ്ക്കാൻ വ്യവസ്ഥയുണ്ട്. എന്നാൽ, ഇറാന്റെ ആണവ പദ്ധതികളെ നിയന്ത്രിക്കുന്ന യാതൊരുവിധ ഉറപ്പുള്ള വ്യവസ്ഥകളും ഈ കരാറിൽ ഇല്ലെന്ന് ചൂണ്ടിക്കാട്ടി ബെഞ്ചമിൻ നെതന്യാഹു ഭരണകൂടം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. അമേരിക്കയുമായുള്ള സഖ്യം എപ്പോഴും നിബന്ധനകൾക്ക് വിധേയമാണെന്നും, ഇറാന്റെ ഭീഷണിയെ നേരിടാൻ ഇസ്രയേൽ സ്വന്തം കരുത്ത് വർധിപ്പിക്കണമെന്നുമാണ് നെതന്യാഹു വ്യക്തമാക്കുന്നത്.

Also read: