21/07/2026
[fontresizer_tawhidurrahmandear_widget]

’10 പേർക്കെങ്കിലും അയച്ചതിന്റെ തെളിവ് കാണിക്ക്’; വെല്ലുവിളിയുമായി ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കരൻ

 ’10 പേർക്കെങ്കിലും അയച്ചതിന്റെ തെളിവ് കാണിക്ക്’; വെല്ലുവിളിയുമായി ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കരൻ

കോഴിക്കോട്: വടകര കാഫിർ സ്ക്രീൻഷോട്ട് കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകളെ പരസ്യമായി വെല്ലുവിളിച്ച് പ്രതിയും ഡിവൈഎഫ്ഐ നേതാവുമായ ജിതിൻ ഭാസ്‌കരൻ. ജാമ്യത്തിലിറങ്ങിയ ശേഷം ഫേസ്ബുക്കിലൂടെയാണ് ജിതിൻ പൊലീസിന്റെ വാദങ്ങളെ ചോദ്യം ചെയ്തത്. താൻ 200 പേർക്ക് സ്ക്രീൻഷോട്ട് ബ്രോഡ്കാസ്റ്റ് ചെയ്‌തു എന്ന പൊലീസ് കണ്ടെത്തൽ തെറ്റാണെന്നും, കുറഞ്ഞത് 10 പേർക്കെങ്കിലും ഇത് അയച്ചതിന്റെ തെളിവ് പുറത്തുവിടാൻ സാധിക്കുമോ എന്നും ജിതിൻ വെല്ലുവിളിച്ചു.

തന്റെ വാട്‌സാപ്പ് ബ്രോഡ്‌കാസ്റ്റ് ലിസ്റ്റിൽ കോൺഗ്രസുകാരും അവരുടെ മക്കളും ഉൾപ്പെടെ 250 ഓളം ആളുകളുണ്ടെന്ന് ജിതിൻ വ്യക്തമാക്കി. ഇടതുപക്ഷത്തിന്റെ വികസന നേട്ടങ്ങളും രാഷ്ട്രീയ പോസ്റ്ററുകളും പങ്കുവെക്കാൻ മാത്രമാണ് ഈ സംവിധാനം ഉപയോഗിക്കാറുള്ളത്. വിവാദ സ്ക്രീൻഷോട്ട് ബ്രോഡ്‌കാസ്റ്റ് ചെയ്‌തു എന്ന്‌ പറയുന്നവർ, ഈ ലിസ്റ്റിലുള്ള ആരുടെയെങ്കിലും പക്കൽ നിന്നുള്ള ഒരു തെളിവ് കാണിച്ചുതരാൻ പറ്റുമോ എന്നും, 10 പേർക്കെങ്കിലും അയച്ചതിന്റെ തെളിവ് കാണിച്ചാൽ ഇത്‌ ചെയ്‌തത്‌ താനാണെന്ന് ഉറപ്പിക്കാമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

കേസ് കോടതിയുടെ പരിഗണനയിലായതിനാലും പാർട്ടി നേതൃത്വത്തിന്റെ നിർദേശമുള്ളതിനാലും കൂടുതൽ കാര്യങ്ങൾ ഇപ്പോൾ പറയുന്നില്ലെന്നും, എന്നാൽ പറയാൻ ഒട്ടനവധി കാര്യങ്ങളുണ്ടെന്നും സൂചിപ്പിച്ചാണ് ജിതിന്റെ ഫേസ്ബുക്ക് പ്രതികരണം. ജാമ്യം ലഭിച്ച ശേഷമുള്ള ജിതിന്റെ ആദ്യ പരസ്യ പ്രതികരണമാണിത്.

Also read: