കാഫിർ സ്ക്രീൻഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്ക്കരന് ജാമ്യം
കോഴിക്കോട്: വടകര കാഫിർ സ്ക്രീൻഷോട്ട് കേസിലെ പ്രതിയും ഡിവൈഎഫ്ഐ നേതാവുമായ ജിതിൻ ഭാസ്ക്കരന് ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. വടകര മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് പ്രതി സെഷൻസ് കോടതിയെ സമീപിച്ചത്. ജസ്റ്റിസ് ബി.എസ് ബിന്ദുകുമാരിയാണ് കർശന വ്യവസ്ഥകളോടെ ജാമ്യം നൽകിയത്.
50,000 രൂപയുടെ രണ്ട് ആൾജാമ്യം, ആഴ്ചയിൽ രണ്ട് ദിവസം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകുക, കുറ്റകൃത്യങ്ങൾ ആവർത്തിക്കരുത് തുടങ്ങിയവയാണ് ജാമ്യവ്യവസ്ഥകൾ. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് എംഎസ്എഫ് നേതാവിന്റേതെന്ന വ്യാജേന ബ്രോഡ്‌കാസ്റ്റ് മെസേജ് വഴി സ്ക്രീൻഷോട്ട് പ്രചരിപ്പിച്ച കേസിൽ കഴിഞ്ഞ 16-നാണ് പ്രത്യേക അന്വേഷണസംഘം ജിതിനെ അറസ്റ്റ് ചെയ്തത്. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ കുറ്റ്യാടി എംഎൽഎ പാറക്കൽ അബ്ദുള്ളയുടെ ആവശ്യപ്രകാരം രൂപീകരിച്ച പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.