02/09/2026
[fontresizer_tawhidurrahmandear_widget]

വ്യാജ ബിരുദ സർട്ടിഫിക്കറ്റുമായി പഞ്ചായത്തിൽ 5 വർഷം ജോലി; ഡിവൈഎഫ്ഐ നേതാവിനെതിരെ കേസ്

 വ്യാജ ബിരുദ സർട്ടിഫിക്കറ്റുമായി പഞ്ചായത്തിൽ 5 വർഷം ജോലി; ഡിവൈഎഫ്ഐ നേതാവിനെതിരെ കേസ്

പാലക്കാട്: വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ഗ്രാമപഞ്ചായത്തിൽ 5 വർഷത്തോളം അക്കൗണ്ടന്റായി ജോലി ചെയ്ത ഡിവൈഎഫ്ഐ നേതാവിനെതിരെ പൊലീസ് കേസെടുത്തു. പുതുക്കോട് സ്വദേശിയും ഡിവൈഎഫ്ഐ യൂണിറ്റ് പ്രസിഡന്റുമായ കെ.വി ഗണപതിക്കെതിരെയാണ് വടക്കഞ്ചേരി പൊലീസ് വഞ്ചനാകുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തത്. സംഭവത്തിന് പിന്നാലെ ഇയാൾ ഒളിവിലാണ്.

2021-2026 കാലയളവിൽ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി പുതുക്കോട് പഞ്ചായത്തിൽ അക്കൗണ്ടന്റ് കം-ഐ.ടി അസിസ്റ്റന്റായാണ് ഇയാൾ ജോലി ചെയ്തിരുന്നത്. ഗണപതി ഹാജരാക്കിയ ബി.കോം മാർക്ക് ലിസ്റ്റ് വ്യാജമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതോടെയാണ് നടപടി. പരാതി ഉയർന്നതിന് പിന്നാലെ ഗണപതിയെ സംഘടനയിൽ നിന്ന് പുറത്താക്കിയതായി ഡിവൈഎഫ്ഐ നേതൃത്വം അറിയിച്ചു.

അതേസമയം, മുൻ എൽഡിഎഫ് ഭരണസമിതിയുടെ ഒത്താശയോടെയാണ് ക്രമക്കേട് നടന്നതെന്ന് പുതുക്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ. ഉദയൻ ആരോപിച്ചു. കഴിഞ്ഞ അഞ്ച് വർഷത്തെ കരാർ നിയമനങ്ങളിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്നും, സിപിഎം നേതാക്കൾ ഉൾപ്പെട്ട ഇന്റർവ്യൂ ബോർഡിനെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് സർക്കാരിലേക്ക് ശുപാർശ നൽകുമെന്നും യുഡിഎഫ് ഭരണസമിതി വ്യക്തമാക്കി.

Also read: