19/10/2026
[fontresizer_tawhidurrahmandear_widget]

അഭിജീത്ത് ദിപ്‌കെ ഉൾപ്പെടെയുള്ള സിജെപി നേതാക്കളെ എക്‌സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും; അറസ്റ്റ് രേഖപ്പെടുത്തി

 അഭിജീത്ത് ദിപ്‌കെ ഉൾപ്പെടെയുള്ള സിജെപി നേതാക്കളെ എക്‌സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും; അറസ്റ്റ് രേഖപ്പെടുത്തി

ന്യൂഡൽഹി: കോക്‌റോച്ച് ജനതാ പാർട്ടി (സിജെപി) നേതാക്കളായ അഭിജീത്ത് ദിപ്കെ, അശുതോഷ് റങ്ക, സൗരവ് ദാസ് എന്നിവരുടെ ഔദ്യോഗിക അറസ്റ്റ് ഡൽഹി പോലീസ് രേഖപ്പെടുത്തി. ശനിയാഴ്ച രാവിലെ കസ്റ്റഡിയിലെടുത്ത ഇവരെ ഇന്ന് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കും. സിജെപിയുടെ ലീഗൽ സെൽ മേധാവി അഡ്വ. രത്ന സിങ്ങിനെയും മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. മുതിർന്ന അഭിഭാഷക വൃന്ദ ഗ്രോവറുടെ നേതൃത്വത്തിലുള്ള പ്രമുഖ അഭിഭാഷക സംഘമാണ് സിജെപി നേതാക്കൾക്കായി കോടതിയിൽ ഹാജരാകുന്നത്.

അഭിജീത്ത്, അശുതോഷ്, സൗരവ് എന്നിവരെ ഇന്ന് രാവിലെ ഡൽഹി കന്റോൺമെന്റ് പോലീസ് സ്റ്റേഷനിൽ വെച്ച് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കുമെന്ന് അഡ്വ. രത്ന സിങ് എക്സിലൂടെ ഔദ്യോഗികമായി അറിയിച്ചു. ഡൽഹി പോലീസ് ഉദ്യോഗസ്ഥരിൽ നിന്നാണ് ഇതുസംബന്ധിച്ച വിവരം ലഭിച്ചതെന്ന് വ്യക്തമാക്കിയ അവർ, ലീഗൽ സെൽ മേധാവി എന്ന നിലയിൽ മറ്റ് അഭിഭാഷകർക്കൊപ്പം താനും പോലീസ് സ്റ്റേഷനിൽ ഉണ്ടാകുമെന്നും കൂട്ടിച്ചേർത്തു.

ശനിയാഴ്ച രാവിലെ മുംബൈയിൽ നിന്ന് ഡൽഹിയിലെത്തിയ വിമാനത്തിൽ നിന്നാണ് അഭിജീത്ത് ദിപ്കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തത്. സിജെപി നേതാക്കൾക്ക് പുറമെ പ്രമുഖ യൂട്യൂബർ ധ്രുവ് റാഠിയെയും കഴിഞ്ഞദിവസം വീട്ടിൽ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

വോട്ടർ പട്ടിക പുതുക്കലിലെ സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്ഐആർ) പ്രക്രിയയിലെ ക്രമക്കേടുകൾ ആരോപിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ സിജെപി സംഘടിപ്പിച്ച അതിശക്തമായ പ്രക്ഷോഭത്തിന് മുന്നോടിയായാണ് ഈ മുൻകരുതൽ കസ്റ്റഡി നടപടികൾ അരങ്ങേറിയത്. അതേസമയം, ഇന്ന് ജന്തർ മന്തറിൽ വീണ്ടും പ്രതിഷേധം തുടരുമെന്ന് സിജെപി പ്രഖ്യാപിച്ചു. ഗ്യാനേഷ് കുമാർ രാജി വെക്കുന്നത് വരെ പ്രക്ഷോഭം തുടരുമെന്നാണ് പാർട്ടിയുടെ ഉറച്ച നിലപാട്.

Also read: