മന്ത്രിമാർക്ക് 1.33 ലക്ഷം, എംഎൽഎമാർക്ക് 98,000; ശമ്പള വർധന ബില്ല് നിയമസഭ പാസാക്കി
തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളവും അലവൻസുകളും വർധിപ്പിക്കുന്നതിനുള്ള ബില്ല് നിയമസഭ പാസ്സാക്കി. പുതുക്കിയ നിരക്കനുസരിച്ച് എംഎൽഎമാരുടെ പ്രതിമാസ വരുമാനം 70,000 രൂപയിൽ നിന്ന് 98,000 രൂപയായും മന്ത്രിമാരുടേത് ഒരു ലക്ഷത്തിൽ നിന്ന് 1,33,000 രൂപയായുമാണ് ഉയർന്നത്. ഭരണ-പ്രതിപക്ഷാംഗങ്ങൾ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടതിനെ തുടർന്നാണ് നടപടി.
മുൻ എംഎൽഎമാരുടെ പെൻഷനും വർധിപ്പിച്ചിട്ടുണ്ട്. മിനിമം പെൻഷൻ 8,000 രൂപയിൽ നിന്ന് 10,000 രൂപയാക്കി. രണ്ടു വർഷം പൂർത്തിയാക്കിയവർക്ക് 10,000 രൂപയും മൂന്നു വർഷം പൂർത്തിയാക്കിയവർക്ക് 15,000 രൂപയും പ്രതിമാസ പെൻഷൻ ലഭിക്കും. കൂടാതെ, 70 വയസ്സ് തികയുമ്പോൾ 4,000 രൂപയും 80 വയസ്സ് തികയുമ്പോൾ 5,000 രൂപയും അധിക പെൻഷനായി നൽകും.
പ്രധാന വർധനവുകൾ
- എംഎൽഎമാർ: മണ്ഡലം അലവൻസ് 35,000 രൂപയായും (പഴയത് 25,000) യാത്രാബത്ത 30,000 രൂപയായും (പഴയത് 20,000) ഉയർത്തി. ഇൻഫർമേഷൻ ബത്ത 8,000 രൂപയും മറ്റ് ചെലവുകൾക്ക് 13,000 രൂപയുമാക്കി. ദിനബത്ത സംസ്ഥാനത്തിനകത്ത് 1,500 രൂപയായും പുറത്ത് 1,800 രൂപയായും വർധിപ്പിച്ചു.
- മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ്: ആകെ ശമ്പളം 1,08,000 രൂപയിൽ നിന്ന് 1,22,000 രൂപയായി ഉയർന്നു. മണ്ഡലം ബത്ത 45,000 രൂപയായും കൺവേയൻസ് അലവൻസ് 25,000 രൂപയായും റോഡ് യാത്രാബത്ത കിലോമീറ്ററിന് 20 രൂപയായും പുതുക്കി.
2018-ലാണ് അലവൻസുകൾ അവസാനമായി പരിഷ്കരിച്ചത്. 2022-ൽ ശമ്പള പരിഷ്കരണ ശുപാർശ ലഭിച്ചിരുന്നെങ്കിലും സാമ്പത്തിക പ്രതിസന്ധി കാരണം നടപ്പിലാക്കുന്നത് മാറ്റിവെക്കുകയായിരുന്നു.