22/11/2026
[fontresizer_tawhidurrahmandear_widget]

മധുരപലഹാരങ്ങളിലെ 99% വെള്ളി ഫോയിലും വ്യാജം; അലുമിനിയവും കാഡ്‌മിയവും ചേർക്കുന്നതായി കണ്ടെത്തൽ

 മധുരപലഹാരങ്ങളിലെ 99% വെള്ളി ഫോയിലും വ്യാജം; അലുമിനിയവും കാഡ്‌മിയവും ചേർക്കുന്നതായി കണ്ടെത്തൽ

ന്യൂഡൽഹി: ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി വിപണിയിൽ വിറ്റഴിക്കപ്പെടുന്ന മധുരപലഹാരങ്ങളിൽ അലങ്കാരത്തിനായി ചേർക്കുന്ന വെള്ളി ഫോയിലുകളിൽ 99 ശതമാനവും വ്യാജമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഭക്ഷ്യയോഗ്യമായ വെള്ളിക്ക് പകരം ശരീരത്തിന് ഹാനികരമായ അലുമിനിയം, കാഡ്‌മിയം തുടങ്ങിയ ലോഹങ്ങളാണ് ഇത്തരം ഫോയിലുകളിൽ ഉപയോഗിച്ചിരിക്കുന്നതെന്ന് പരിശോധനകളിൽ വ്യക്തമായി.

രാജസ്ഥാനിൽ നടത്തിയ അന്വേഷണത്തിലാണ് വെള്ളി ഫോയിലുകളിലെ വ്യാപകമായ മായം ചേർക്കൽ പുറത്തുവന്നത്. സമാനമായ രീതിയിൽ സ്വർണ നിറത്തിലുള്ള ഫോയിലുകളിൽ യഥാർത്ഥ സ്വർണത്തിന് പകരം ചെമ്പ്, സിങ്ക് തുടങ്ങിയ ലോഹങ്ങളാണ് ചേർക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ഛത്തീസ്‌ഗഢിലെ റായ്‌പൂരിലും നടന്ന പരിശോധനകളിൽ ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. അവിടെ വെള്ളി ഫോയിലിന്റെ അഞ്ച് പ്രമുഖ ബ്രാൻഡുകൾ പരിശോധിച്ചതിൽ രണ്ടെണ്ണത്തിലും അലുമിനിയത്തിന്റെ സാന്നിധ്യം സ്ഥിരീകരിക്കുകയായിരുന്നു.

ഭക്ഷണത്തിൽ കലർത്തുന്ന ഈ വിഷലോഹങ്ങൾ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുമെന്ന് ആരോഗ്യ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇത്തരം വ്യാജ ഫോയിലുകൾ നിരന്തരം ശരീരത്തിലെത്തുന്നത് ലോഹവിഷബാധയ്ക്ക് കാരണമാകുകയും കരൾ, വൃക്ക തുടങ്ങിയ പ്രധാന അവയവങ്ങളുടെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും.

ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (FSSAI) മാനദണ്ഡപ്രകാരം ഭക്ഷ്യയോഗ്യമായ വെള്ളി ഫോയിലിൽ കുറഞ്ഞത് 99.9 ശതമാനം ശുദ്ധമായ വെള്ളി ഉണ്ടായിരിക്കണം. കൂടാതെ അലുമിനിയം, കാഡ്‌മിയം, നിക്കൽ തുടങ്ങിയ യാതൊരുവിധ ഹാനികരമായ ലോഹങ്ങളും ഇതിൽ കലരാൻ പാടില്ലെന്നും മാനദണ്ഡങ്ങളിൽ വ്യക്തമാക്കുന്നു.

Also read: