25/11/2026
[fontresizer_tawhidurrahmandear_widget]

‘7 കോടി നൽകിയില്ലെങ്കിൽ കെജ്‌രിവാളിനെയും മകളെയും കൊല്ലും’; ബിഷ്ണോയി സംഘത്തിൻ്റെ പേരില്‍ വധഭീഷണി

 ‘7 കോടി നൽകിയില്ലെങ്കിൽ കെജ്‌രിവാളിനെയും മകളെയും കൊല്ലും’; ബിഷ്ണോയി സംഘത്തിൻ്റെ പേരില്‍ വധഭീഷണി

ന്യൂഡൽഹി: ആം ആദ്മി പാർട്ടി ദേശീയ കൺവീനറും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിനും മകൾ ഹർഷിത കെജ്‌രിവാളിനും നേരെ വധഭീഷണി. ഏഴ് കോടി രൂപ നൽകിയില്ലെങ്കിൽ ഇരുവരെയും കൊലപ്പെടുത്തുമെന്നാണ് ഭീഷണി. ലോറൻസ് ബിഷ്ണോയി സംഘത്തിലെ അംഗമാണെന്ന് അവകാശപ്പെട്ട ഒരാളാണ് പണം ആവശ്യപ്പെട്ട് ഭീഷണി സന്ദേശം അയച്ചത്.

ഡൽഹിയിലെ തിലക് നഗർ മണ്ഡലത്തിൽ നിന്നുള്ള ആം ആദ്മി പാർട്ടി എം.എൽ.എ ജർനൈൽ സിങ്ങിനാണ് ഭീഷണി ഫോൺ കോളും വാട്സ്ആപ്പ് സന്ദേശവും ലഭിച്ചത്. സംഭവത്തിൽ അദ്ദേഹം നവംബർ ആറിന് മൊഹാലി പൊലീസ് സീനിയർ സൂപ്രണ്ടിന് പരാതി നൽകി. ബിഷ്ണോയി സംഘത്തിലെ അംഗമാണെന്ന് പരിചയപ്പെടുത്തി ഫോൺ വിളിച്ചയാൾ ഏഴ് കോടി രൂപ ആവശ്യപ്പെടുകയായിരുന്നു. പണം നൽകിയില്ലെങ്കിൽ കെജ്രിവാളിനെയും മകളെയും കൊലപ്പെടുത്തുമെന്നും ഇയാൾ ഭീഷണിപ്പെടുത്തിയതായി പരാതിയിൽ വ്യക്തമാക്കുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിതയിലെയും ഐ.ടി നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരം മൊഹാലി പൊലീസ് കേസെടുത്തു. സൈബർ ക്രൈം പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ സുനിൽ കുമാറിനാണ് അന്വേഷണച്ചുമതല നൽകിയിരിക്കുന്നത്. സംഭവത്തെത്തുടർന്ന് കെജ്രിവാളിനും കുടുംബത്തിനും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. 2019-ൽ ഡൽഹി മുഖ്യമന്ത്രിയായിരുന്ന കാലയളവിലും കെജ്രിവാളിന് നേരെ വധഭീഷണി ഉയർന്നിരുന്നു.

Also read: